കുട്ടികൾ മൊബൈൽ ഫോണിൽ ഗെയിം കളിക്കുമ്പോൾ വഴക്ക് പറയുന്നവരാണ് മാതാപിതാക്കൾ. എന്നാൽ മകനിൽ നിന്നു ഗെയിമിങ്ങിന്റെ ആദ്യ പാഠങ്ങൾ പഠിച്ച് അത് വരുമാന മാർഗമാക്കിയിരിക്കുകയാണ് ജമ്മു സ്വദേശിയായ റീത്തു സ്ലാത്തി എന്ന വീട്ടമ്മ. കൊറോണ വൈറസും, തുടർന്നുണ്ടായ ലോക്ക്ഡൗണുമാണ് റീത്തുവിന് ഗെയിമിംഗ് ലോകത്തേയ്ക്കുള്ള വഴി തുറക്കുന്നത്. ‘ബ്ലാക്ക് ബേർഡ്’ എന്നാണ് ഇന്ന് ഈ വീട്ടമ്മ ഓൺലൈൻ ഗെയിമിംഗ് ലോകത്ത് അറിയപ്പെടുന്നത്.
വരുമാനം ആഗ്രഹിക്കുന്ന എല്ലാ വീട്ടമ്മമാരും ഓൺലൈൻ ഗെയിമിങ് ഒന്ന് പരീക്ഷിച്ചു നോക്കണമെന്നാണ് റീത്തുവിൻ്റെ ഉപദേശം. അൽപ്പം ക്ഷമയും നിശ്ചയബോദ്ധവും ഉണ്ടെങ്കിൽ ഇവിടെ വിജയം കൈവരിക്കാൻ സാധിക്കുമെന്ന് ‘ബ്ലാക്ക് ബേർഡ്’ സ്വന്തം ജീവിതം കൊണ്ട് തെളിയിക്കുന്നു. നാൽപ്പത്തിനാലാംവയസിൽ ഈ വീട്ടമ്മ ഗെയിമിങ് ലോകത്ത് ഒരു പ്രൊഫഷണലായി മാറിക്കഴിഞ്ഞു. തന്റെ ഗെയിംപ്ലേ വീഡിയോകൾ തത്സമയം സ്ട്രീം ചെയ്ത് 1.2 ലക്ഷം രൂപയോളമാണ് ഇവർ വർഷം സമ്പാദിക്കുന്നത്. സ്ട്രീമിംഗ്, ഗെയിമിംഗ് പ്ലാറ്റ്ഫോമായ റൂട്ടറിലാണ് ബ്ലാക്ക് ബേർഡ് ഇപ്പോൾ പാറിപ്പറന്നു നടക്കുന്നത്. ഈ വീട്ടമ്മയ്ക്ക് ഇന്ന് പ്ലാറ്റ്ഫോമിൽ 3.5 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്.
തത്സമയ സ്ട്രീമിംഗ് ഗെയിംപ്ലേ വീഡിയോകളിൽ നിന്നാണ് റീത്ത പ്രധാനമായി വരുമാനമുണ്ടാക്കുന്നത്. 2021 ഒക്ടോബറിൽ സ്ലാത്തിയ ഒരു ഗെയിമിംഗ് പോർട്ടലിൽ ആരംഭിച്ചു. പീന്നീട് ഈ വീട്ടമ്മ തൊട്ടതെല്ലാം പൊന്നായിരുന്നു. എല്ലാ ദിവസവും സ്ലാത്തിയ വീട്ടുജോലികൾക്കു ശേഷം 3- 4 മണിക്കൂർ ഗെയിമിംഗിൽ ചെലവഴിക്കുന്നു.
എന്നാൽ സ്ലാത്തിയയ്ക്ക് കാര്യങ്ങൾ തുടക്കത്തിൽ അത്ര എളുപ്പമായിരുന്നില്ല. അവരുടെ ഗെയിമിങ് മോഹത്തിന് കുടുംബത്തിന് അകത്തും പുറത്തും നിന്ന് എതിർപ്പുകൾ ഉണ്ടായിരുന്നു. എന്നാൽ ഭർത്താവും മകനും ആ ആമ്മയ്ക്ക് ഒപ്പം നിന്നു. പ്രൊഫഷണൽ ഗെയിമിങ് പണം സമ്പാദിക്കാനുള്ള മികച്ച മാർഗമാണെന്ന് സ്ലാത്തിയ ഇന്നു കരുതുന്നു. അനുദിനം വരുമാനം വർധിപ്പിക്കുകയാണ് ഇന്ന് റീത്ത എന്ന വീട്ടമ്മ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here