അനില്‍ ആന്റണിയുടെ കൂടുവിട്ട് കൂടുമാറ്റം എങ്ങനെയെല്ലാം വായിക്കാം?

ദിപിന്‍ മാനന്തവാടി

അനില്‍ ആന്റണി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറിയത് സംബന്ധിച്ച ചര്‍ച്ചകള്‍ പലവഴിക്ക് പോവുകയാണ്. മകന്‍ അജിത്ത് ആന്റണിയുടെ പിറന്നാള്‍ ആഘോഷം പോലും ഉപേക്ഷിച്ച്, മനോവിഷമം മൂലം ഉച്ചഭക്ഷണം കഴിക്കാതിരുന്ന എകെ ആന്റണിയുടെ ചിത്രം ചില മാധ്യമങ്ങള്‍ ഒരു വശത്ത് വരച്ച് ചേര്‍ക്കുന്നുന്നുണ്ട്. എന്നാല്‍ സ്വന്തം കുടുംബത്തെ ആശയവത്കരിക്കാത്തത് ആന്റണിയുടെ വീഴ്ചയാണ് എന്ന വാദം മറ്റൊരു കൂട്ടരും ഉയര്‍ത്തുന്നുണ്ട്.

അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നതിലുള്ള എകെ ആന്റണിയെന്ന പിതാവിന്റെ മനോവിഷമം അവിടെ നില്‍ക്കട്ടെ, അത് വ്യക്തിപരമായ വിഷയമാണ്. അത്തരം ഹൃദയവേദനയുടെയെല്ലാം അന്തരീക്ഷം വ്യക്തിപരമായ സ്വകാര്യതയായി മാത്രം കണക്കാക്കി ചര്‍ച്ചക്ക് എടുക്കാതെ മാറ്റിവയ്ക്കുന്നതാവും ഉചിതം.

അനില്‍ ആന്റണിയെന്ന ചെറുപ്പക്കാരനായ കോണ്‍ഗ്രസുകാരന്‍ ബിജെപിയില്‍ ചേര്‍ന്നതിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവെന്ന നിലയില്‍ ആന്റണിയുടെ മനോവിഷമമെങ്കില്‍ അത് തീര്‍ച്ചയായും വ്യക്തിപരമല്ല. എന്നാല്‍ അത്തരം മനോവേദന ആന്റണിയെ സംബന്ധിച്ച് ആദ്യത്തേതാവുകയുമില്ല! നേരത്തെ അനില്‍ ആന്റണിയെക്കാള്‍ പ്രമുഖരായിരുന്ന യുവനേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യയും ജിതിന്‍ പ്രസാദയും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്ന നിലയില്‍ എകെ ആന്റണിക്ക് ഹൃദയവേദനയുണ്ടായിട്ടുണ്ടാകും. ഏറ്റവും ഒടുവില്‍ മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി കൂടി ബിജെപിയില്‍ ചേര്‍ന്നതോടെ ആന്റണി വീണ്ടും വേദനിച്ചിട്ടുണ്ടാകും. തെലങ്കാന രൂപീകരണ വിഷയം കത്തിനില്‍ക്കുന്ന വേളയില്‍ അന്നത്തെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്ന നിലയില്‍ കിരണ്‍കുമാര്‍ റെഡ്ഡിയുമായി അന്നത്തെ പ്രതിരോധ മന്ത്രി കൂടിയായിരുന്ന എകെ ആന്റണി വളരെ അടുത്തിടപഴകിയിരുന്നു. ആ നിലയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്ന നിലയില്‍ ആന്റണിയുടെ ഹൃദയവേദന ഉള്‍ക്കൊള്ളാവുന്നതേയുള്ളു. ആന്റണിയെ പോലെയുള്ള മുതിര്‍ന്ന നേതാവ് ഇത്തരത്തില്‍ നിരന്തരം നൊമ്പരപ്പെടുമ്പോള്‍ നമുക്ക് സഹതപിക്കാമെന്ന് മാത്രം.

എന്തായാലും വിഷയത്തിലേക്ക് വരാം. ആന്റണി സ്വന്തം കുടുംബത്തെ ആശയവത്കരിക്കാത്തത് കൊണ്ടാണ് രാജ്യം ഒരു നിര്‍ണ്ണായക ഘട്ടത്തിലൂടെ പോകുമ്പോള്‍ ആന്റണിയുടെ മകന്‍ ബിജെപിയില്‍ ചേര്‍ന്നത് എന്ന വാദവും പരിശോധിക്കപ്പെടേണ്ടതുണ്ട്.

അനില്‍ ആന്റണി മിഡ് 80’s ചൈല്‍ഡ് ആണ്. നെഹ്‌റൂവിയന്‍ മതേതരത്വവും സോഷ്യലിസവും ബഹുസ്വരമായ ജനാധിപത്യ പശ്ചാത്തലവും എല്ലാം ഉള്‍ചേര്‍ന്ന ആശയപരിസരത്ത് നിന്നും കോണ്‍ഗ്രസ് പ്രത്യക്ഷമായി പിന്നോട്ട് നടക്കാന്‍ തുടങ്ങിയ കാലഘട്ടം കൂടിയാണ് 1980-കളുടെ രണ്ടാം പകുതി. നെഹ്‌റു താല്‍ക്കാലികമായി അണച്ച രാമജന്മഭൂമി ബാബറി മസ്ജിദ് കനലുകള്‍ വീണ്ടും പുകയാന്‍ തുടങ്ങിയ കാലം കൂടിയാണത്. മൃദുഹിന്ദുത്വയിലൂടെ ഭൂരിപക്ഷത്തെയും വിശ്വാസപരമായ പ്രീണനങ്ങളിലൂടെ ന്യൂനപക്ഷങ്ങളെയും വോട്ടു രാഷ്ട്രീയത്തിന്റെ പിന്നില്‍ അണിനിരത്താന്‍ രാജീവ് ഗാന്ധി നടത്തിയ മെയ് വഴക്കങ്ങള്‍ അടയാളപ്പെടുത്തിയ കാലം കൂടിയാണ് മിഡ് 80’sന് ശേഷമുള്ള 1980-കളുടെ അവസാന പകുതി.

അയോധ്യയില്‍ ശിലാന്യാസത്തിന് അനുമതി നല്‍കിയതും ഹിന്ദുക്കള്‍ക്ക് ആരാധനക്കായി തകര്‍ക്കമന്ദിരം തുറന്ന് കൊടുത്തതും കറുത്ത അക്ഷരത്തില്‍ രാജീവിന്റെ അക്കൗണ്ടില്‍ തന്നെയാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. 1980കളുടെ അവസാന വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ അയോധ്യയില്‍ നിന്ന് തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച രാജീവ് ഗാന്ധി കോണ്‍ഗ്രസിന്റെ ആശയങ്ങളില്‍ നിന്നും നെഹ്‌റൂവിയന്‍ മതേതരത്വത്തെ പതിയെ നേര്‍പ്പിക്കുകയും തെരഞ്ഞെടുപ്പ് വിജയത്തിനായി മൃദുഹിന്ദുത്വയുടെ അധിക രുചിക്കൂട്ട് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

1980കളുടെ മധ്യത്തില്‍ തന്നെയാണ് നെഹ്‌റൂവിയന്‍ സോഷ്യലിസത്തില്‍ അടിസ്ഥാനപ്പെടുത്തിയുള്ള സാമ്പത്തിക നയത്തില്‍ നിന്നും കോര്‍പ്പറേറ്റ് അനുകൂല വലതുപക്ഷ ലിബറല്‍ സാമ്പത്തിക നയസമീപനങ്ങളിലേക്ക് കോണ്‍ഗ്രസ് പതിയെ സഞ്ചരിക്കാന്‍ ആരംഭിക്കുന്നത്. 1990കളില്‍ കോണ്‍ഗ്രസ് നെഹ്‌റൂവിയന്‍ സാമ്പത്തിക ആശയങ്ങളെ ഏതാണ്ട് പൂര്‍ണ്ണമായി പടിയടച്ച് പുറത്താക്കി. ഇന്ത്യന്‍ കോര്‍പ്പറേറ്റുകളിലേക്കും കോര്‍പ്പറേറ്റ് കുത്തകകളിലേക്കും സമ്പത്ത് കേന്ദ്രീകരിക്കുന്ന പുതിയ നയസമീപനം കോണ്‍ഗ്രസ് അതുവരെ മുന്നോട്ടുവച്ച സാമ്പത്തിക നയസമീപനത്തില്‍ നിന്നും വ്യത്യസ്തമായിരുന്നു. ഈ നിലയില്‍ മൃദുഹിന്ദുത്വയെ തൊട്ടുതലോടുന്ന, കോര്‍പ്പറേറ്റ് അനുകൂല ഉദാരവലതുപക്ഷ നയസമീപനത്തിലേക്ക് കോണ്‍ഗ്രസ് മാറിയ ഘട്ടത്തിലായിരുന്നു അനില്‍ അന്റണിയുടെ ബാല്യകൗമാരം.

മിഡ് 80’sലെ കേരളത്തിലേക്ക് വന്നാലും കോണ്‍ഗ്രസിനെ സംബന്ധിച്ച് മറിച്ചെന്തെങ്കിലും മനസ്സിലാക്കാനുള്ള സാഹചര്യം ഇവിടെയുമുണ്ടായിരുന്നില്ല. ഷഹ്ബാനു കേസിലെ വിധിയെ തുടര്‍ന്ന് സങ്കീര്‍ണ്ണമായ ഒരു രാഷ്ട്രീയ സാഹചര്യം കേരളത്തില്‍ ഉടലെടുത്തിരുന്നു. ജാതിസമവാക്യങ്ങളുടെയും സാമുദായിക വോട്ടുബാങ്കിന്റെയും പാക്കേജായിരുന്ന യുഡിഎഫ് സംവിധാനത്തിനായിരുന്നു അന്ന് കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വം കൊടുത്തിരുന്നത്. എന്‍എസ്എസ് പിന്തുണയുള്ള എന്‍ഡിപിയും എസ്എന്‍ഡിപി പിന്തുണക്കുന്ന എസ്ആര്‍പിയും, മുസ്ലിംലീഗും, കേരള കോണ്‍ഗ്രസുകളും ചേരുന്ന പാക്കേജായി യുഡിഎഫ് മാറിയത് തന്നെ ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് അതുവരെ അവര്‍ പിന്തുടര്‍ന്നിരുന്ന രാഷ്ട്രീയ നിലപാടുകളോട് ചേര്‍ന്നു നില്‍ക്കുന്നതായിരുന്നില്ല.

ഈ നിലയിലുള്ള ഒരു മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായിട്ടാണ് 1987ല്‍ എകെ ആന്റണി നിയോഗിതനാവുന്നത്. പിന്നീട് 1991ലെ നിയമസഭാ-ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വടകര-ബേപ്പൂര്‍ മോഡല്‍ സഖ്യത്തിന്റെ സമയത്തും എകെ ആന്റണിയായിരുന്നു കെപിസിസി അധ്യക്ഷന്‍. 1991ല്‍ ബേപ്പൂരില്‍ കെ മാധവന്‍ കുട്ടിയെയും വടകര ലോക്‌സഭാ മണ്ഡലത്തില്‍ എം രത്‌നസിംഗിനെയും പൊതുസ്വതന്ത്രരായി മത്സരിപ്പിക്കുക എന്നതായിരുന്നു കോണ്‍ഗ്രസ്-മുസ്ലിംലീഗ്-ബിജെപി ധാരണ. അതിനൊപ്പം സംസ്ഥാന വ്യാപകമായി യുഡിഎഫിനെ ബിജെപി സഹായിക്കും. പകരമായി മഞ്ചേശ്വരത്ത് കെജി മാരാരെ വിജയിപ്പിക്കാന്‍ ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി സഹായിക്കുക. കെജി മാരരുടെ ജീവചരിത്രത്തില്‍ ‘പാഴായപരീക്ഷണം’ എന്ന അധ്യായത്തില്‍ ഈ വടകര-ബേപ്പൂര്‍ ധാരണയെ വിശദീകരിക്കുന്നുണ്ട്.

കോണ്‍ഗ്രസിന്റെ ഈ ആശയവ്യതിയാനങ്ങളുടെ അക്കാലത്തെ വര്‍ത്തമാന ചിത്രങ്ങളായിരുന്നോ അന്ന് ബാലനായിരുന്ന അനിലിന് ആന്റണി പകര്‍ന്ന് കൊടുക്കേണ്ടിയിരുന്നത്? ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ കൂടി പരിഗണിച്ച് വേണം ആന്റണി മകന് കോണ്‍ഗ്രസ് പാരമ്പര്യം പറഞ്ഞു കൊടുത്തില്ല വിമര്‍ശനത്തെ വിലയിരുത്താന്‍. കോണ്‍ഗ്രസിന്റെ ഈയൊരു ചരിത്രപരിണാണം സ്വന്തം പിതാവില്‍ നിന്നോ സ്വന്തം നിലയിലോ അനില്‍ ആന്റണി മനസ്സിലാക്കിയിരുന്നുവെങ്കില്‍ കൂടുതല്‍ തീവ്രമായ ഹിന്ദുത്വയെയും ലിബറല്‍ വലതുപക്ഷ സമീപനത്തെയും പ്രതിഫലിപ്പിക്കുന്ന ബിജെപിയെ അനില്‍ ആന്റണി തിരഞ്ഞെടുത്തതിനെ എങ്ങനെയാണ് കുറ്റപ്പെടുത്താന്‍ കഴിയുക. ഈ ഘട്ടങ്ങളില്‍ കോണ്‍ഗ്രസിന്റെ എന്ത് ആശയമാണ് അനില്‍ ആന്റണിയെ പഠിപ്പിക്കാന്‍ ആന്റണിക്ക് സാധിക്കുമായിരുന്നത് എന്ന് കൂടി നമ്മള്‍ ചിന്തിക്കേണ്ടതുണ്ട്. ആന്റണിയൊന്നും പഠിപ്പിച്ചില്ലെങ്കിലും ഇതെല്ലാം കണ്ടും കേട്ടും മനസ്സിലാക്കിയ അനില്‍ ആന്റണിക്ക് കോണ്‍ഗ്രസിനെക്കാള്‍ ഈ നിലപാടെല്ലാം പിന്തുടരാന്‍ കൃത്യതയുള്ള പാര്‍ട്ടി ബിജെപിയാണെന്ന് തോന്നിയതിനെ എങ്ങനെയാണ് കുറ്റപ്പെടുത്താന്‍ സാധിക്കുക.

അധികാരവും സ്ഥാനമാനങ്ങളും പ്രലോഭിക്കുന്ന ലിബറല്‍ വലതുപക്ഷത്തിന്റെ പതിവ് വഴിയാണ് അനില്‍ ആന്റണി തെരഞ്ഞെടുത്തതെന്നും വിലയിരുത്തേണ്ടതുണ്ട്. ഇതര രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ജനപ്രതിനിധികളെ അടര്‍ത്തിയെടുക്കാന്‍ ബിജെപി മുതലെടുക്കുന്നതും അധികാരത്തോടും സ്ഥാനമാനങ്ങളോടുമുള്ള വ്യക്തികളുടെ ഇത്തരം വലതുപക്ഷ പ്രലോഭനങ്ങളെയാണ്. പാര്‍ലമെന്ററി ജനാധിപത്യം ജനസേവനത്തിനുള്ള മറ്റൊരു ഉപാധിമാത്രമാണ് എന്ന രാഷ്ട്രീയബോധ്യത്തെ വലവീശിപ്പിടിക്കാന്‍ ബിജെപിക്ക് സാധിക്കുന്നില്ലെന്നതിനും രാജ്യത്ത് ഉദാഹരണങ്ങളുണ്ട്. സിപിഐഎം ഉള്‍പ്പെടെയുള്ള ഇടതുപാര്‍ട്ടികള്‍ പാര്‍ലമെന്ററി രാഷ്ട്രീയ പ്രവര്‍ത്തനത്തിന് കൃത്യമായ വ്യക്തതയും കാലയളവും നിശ്ചയിച്ചിരിക്കുന്നത് ഇത്തരം വലതുപക്ഷ അധികാര പ്രലോഭനങ്ങള്‍ അവരുടെ അംഗങ്ങളെ കീഴ്‌പ്പെടുത്താതിരിക്കാനാണ്. അപ്പോഴും വലതുപക്ഷ ബോധ്യങ്ങളിലേക്ക് മാറിയ, അധികാരവും സ്ഥാനമാനങ്ങളും ഭ്രമിപ്പിക്കുന്ന ചെറിയൊരു ശതമാനം ബിജെപിയുടെ പ്രലോഭനങ്ങളില്‍ കുടുങ്ങിപ്പോകാറുണ്ടെന്നതും വസ്തുതയാണ്. ഇത്തരം വലതുപക്ഷ-അന്യവര്‍ഗ്ഗ ബോധങ്ങളില്‍ പാര്‍ട്ടി അംഗങ്ങള്‍ വീണുപോകാതിരിക്കാനുള്ള രാഷ്ട്രീയ-ആശയ പ്രചരണവും പഠനവും സിപിഐഎം പോലുള്ള പാര്‍ട്ടികള്‍ ആഭ്യന്തര സംവിധാനത്തിനുള്ളില്‍ ഫലപ്രദമായി നടപ്പിലാക്കി വരുന്നുണ്ട്.

എന്നാല്‍ ഇത്തരത്തില്‍ ഒരു സംവിധാനം കോണ്‍ഗ്രസിന് സ്വന്തമായില്ല. മാത്രമല്ല അധികാരവും സ്ഥാനമാനങ്ങളും ഇല്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തനം മതിപ്പുകുറവാണ് എന്ന രാഷ്ട്രീയ ബോധ്യത്തിന് അടിമകളാണ് ഭൂരിപക്ഷം കോണ്‍ഗ്രസ് നേതാക്കളും. അനില്‍ ആന്റണി കണ്ടതും ശീലിച്ചതും പിന്തുടര്‍ന്നതുമെല്ലാം അധികാരവും സ്ഥാനമാനങ്ങളുമായി ബന്ധപ്പെട്ട രാഷ്ട്രീയത്തിന്റെ സാധ്യതകളാണ്. ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി എന്ന ബഹുമതി ലഭിച്ച അധികാരകാലയളവിന് ശേഷം അനില്‍ ആന്റണി ജനിച്ച വര്‍ഷം വരെ സവിശേഷമായ പാര്‍ലമെന്ററി അധികാരപദവികളില്‍ ആന്റണി ഉണ്ടായിരുന്നില്ല. അനില്‍ ആന്റണിയുടെ ജനനശേഷം ഏതെങ്കിലും പദവിയില്ലാതെ ആന്റണി ചെലവഴിച്ചത് 2022ല്‍ രാജ്യസഭാ എംപി സ്ഥാനം ഒഴിഞ്ഞതിന് ശേഷം മാത്രമാണ്.

അനില്‍ ആന്റണി ജനിക്കുമ്പോള്‍ എകെ ആന്റണി രാജ്യസഭാ അംഗവും എഐസിസി ജനറല്‍ സെക്രട്ടറിയുമാണ്. 1987ല്‍ ആന്റണി കെപിസിസി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. 5 വര്‍ഷത്തിന് ശേഷം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വയലാര്‍ രവിയോട് പരാജയപ്പെടുമ്പോഴും ആന്റണി രാജ്യസഭാ എംപിയാണ്. 1993ല്‍ ആന്റണി കേന്ദ്ര സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയായി. 1995ല്‍ കെ കരുണാകരന് പകരക്കാരനായി കേരള മുഖ്യമന്ത്രിയായി രണ്ടാം തവണ ആന്റണി സ്ഥാനമേറ്റെടുത്തു. 1996 മുതല്‍ 2001 വരെ കേരള നിയമസഭയില്‍ പ്രതിപക്ഷ നേതാവായി. 2001 മുതല്‍ 2004വരെ കേരളത്തിന്റെ മുഖ്യമന്ത്രി പദത്തില്‍ മൂന്നാമൂഴം. 2006 മുതല്‍ 2014വരെ കേന്ദ്ര പ്രതിരോധ മന്ത്രിയായി രണ്ടു മന്ത്രിസഭകളുടെ ഭാഗമായി. തുടര്‍ന്ന് 2014 മുതല്‍ 2022 രാജ്യസഭ എംപിയായി ആന്റണി തുടര്‍ന്നു.

1985ല്‍ ജനിച്ച അനില്‍ ആന്റണിയെ സംബന്ധിച്ച് അധികാരവും സ്ഥാനമാനങ്ങളും സ്വന്തമായുള്ള പിതാവിനെയാണ് പരിചയം. ആ നേതാവിന് പിന്നില്‍ അണിനിരക്കുന്ന പാര്‍ട്ടി സംവിധാനത്തെയാണ് അനില്‍ കണ്ടുവളര്‍ന്നത്. ഏതാണ്ട് കാല്‍നൂറ്റാണ്ടോളം അധികാരത്തിന്റെ ഭാഗമായിരുന്ന ആന്റണിയെ കണ്ടുവളരുക മാത്രമല്ല അനില്‍ ആന്റണി ചെയ്തത്. മറിച്ച് അന്റണിയുടെ മകന്‍ എന്നതില്‍ ഉപരിയായ സവിശേഷ രാഷ്ട്രീയ പരിചയസമ്പത്ത് ഒന്നുമില്ലാതെ, ജീവിതത്തിന്റെ ഒരു പ്രത്യേക ഘട്ടത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വളരെ പ്രധാനപ്പെട്ട ഒരു ചുമതലയിലേയ്ക്ക് എത്തപ്പെടുക കൂടി ചെയ്തു. ഇതോടെ രാഷ്ട്രീയത്തില്‍ അധികാരത്തിന്റെയും സ്ഥാനമാനങ്ങളുടെയും സാധ്യതകൂടിയാവും അനില്‍ ആന്റണി തിരിച്ചറിഞ്ഞിട്ടുണ്ടാകുക. കെഎസ്‌യു യൂത്ത് കോണ്‍ഗ്രസ് രംഗത്ത് കൂടി കടന്നുവന്ന നിരവധിയായ യുവനേതാക്കള്‍ക്ക് നിഷേധിക്കപ്പെട്ട അവസരമാണ് അനിലിന് ലഭിച്ചത്. എകെ ആന്റണിയുടെ മകന്‍ എന്നത് മാത്രമായിരുന്നു ഈ ഘട്ടത്തില്‍ അനിലിന് ലഭിച്ച പരിഗണനയെന്ന് സുവ്യക്തം. അതിനാല്‍ മാത്രമാണ് അനില്‍ ആന്റണി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ ആന്റണി മറുപടിപറയേണ്ടയാളാണ് എന്ന വിവരണം രൂപപ്പെട്ടത്. സ്വന്തം നിലയിലുള്ള പ്രവര്‍ത്തനത്തിലൂടെ ഉയര്‍ന്നു വന്ന ആളായിരുന്നു അനില്‍ ആന്റണിയെങ്കില്‍ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ചോദ്യങ്ങളൊന്നും തന്നെ എകെ ആന്റണിക്ക് അഭിമുഖീകരിക്കേണ്ടി വരില്ലായിരുന്നു.

എന്തായാലും ആന്റണിയുടെ മകന്‍ എന്നത് മാത്രമാണ് അനില്‍ ആന്റണിക്ക് ബിജെപി നല്‍കിയിരിക്കുന്ന പരിഗണന. ബിജെപിയില്‍ ചേക്കേറാന്‍ അനിലിനെ പ്രേരിപ്പിച്ചത് എന്തുതന്നെയായാലും അനിലിന്റെ ഇന്‍വെസ്റ്റ്‌മെന്റ് എകെ ആന്റണിയുടെ രാഷ്ട്രീയപാരമ്പര്യം തന്നെയാണ്. ആ പാരമ്പര്യത്തെ അനില്‍ ആന്റണി സ്വാംശീകരിച്ചിരുന്നത് എങ്ങനെയാണെന്ന ചോദ്യം മാത്രമാണ് ഇപ്പോള്‍ പ്രസക്തമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News