പലരെയും അലട്ടുന്ന ആരോഗ്യപ്രശ്നമാണ് വായ്പ്പുണ്ണ്. ഇതിന് കാരണങ്ങൾ പലതാണ്. വായ്ക്കകത്തോ മോണയുടെ അടിയിലോ പ്രത്യക്ഷപ്പെടുന്ന വേദന ഉളവാക്കുന്ന വ്രണങ്ങളാണ് വായ്പ്പുണ്ണ്. അബദ്ധത്തിൽ വായുടെ ഉൾഭാഗം കടിച്ചാലും വായ്പ്പുണ്ണ് ഉണ്ടായേക്കാം. ഇതിന് പുറമെ രോഗപ്രതിരോധശേഷിയിലുള്ള കുറവും വിറ്റാമിനുകളുടെ കുറവും മാനസിക സമ്മർദ്ദവും ഉറക്കക്കുറവുമെല്ലാം വായ്പ്പുണ്ണ് ഉണ്ടാകുന്നതിന് പ്രധാനകാരണങ്ങളാണ്.
കവിൾ, ചുണ്ട്, നാവിന്റെ അടിഭാഗം, അണ്ണാക്കിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലെല്ലാം വായ്പ്പുണ്ണ് പ്രത്യക്ഷപ്പെടാറുണ്ട്. ആഫ്തസ് അൾസർ എന്നാണ് ശാസ്ത്രീയമായി ഇത് അറിയപ്പെടുന്നത്. വായ്പ്പുണ്ണ് മാരകമായ അവസ്ഥയല്ലെങ്കിലും ഇവ അങ്ങേയറ്റം വേദനാജനകമാണ്.
ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുമുള്ള വിഷമം, സംസാരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയെല്ലാം ഇതിലൂടെ ഉണ്ടാവും. രണ്ടാഴ്ച കഴിഞ്ഞിട്ടും വായ്പ്പുണ്ണ് മാറുന്നില്ലെങ്കില്‍ ഡോക്ടറെ കാണിക്കണം. ശക്തമായ വേദനയുണ്ടെങ്കിലും ചികിത്സ തേടണം. എല്ലാ ആഴ്ചയും തുടര്‍ച്ചയായി വായ്പ്പുണ്ണ് വരികയാണെങ്കിലും ഡോക്ടറെ സമീപിക്കേണ്ടതാണ്.
പൊതുവേ തീവ്രത കുറഞ്ഞ വായ്പ്പുണ്ണുകൾ മൈനർ മൗത്ത് അൾസർ എന്നാണ് അറിയപ്പെടുന്നത്. ഇത്തരത്തിലുള്ള വായ്പ്പുണ്ണുകൾ മറ്റ് ചികിത്സകളൊന്നും നടത്താതെ തന്നെ തനിയെ മാറുന്നതാണ്. ഇതിന് വീട്ടില്‍ ചെയ്യാവുന്ന ഒന്നാണ് ഉപ്പ് വെള്ളം കൊള്ളുന്നത്. അതുപോലെ തന്നെ ഭക്ഷണത്തിൽ തൈര് പരമാവധി ഉൾപ്പെടുത്തുന്നതും നല്ലതാണ്.
ഇനി വായ്പ്പുണ്ണ് വരുമ്പോൾ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളേതൊക്കെയെന്ന് നോക്കാം..
1. എരിവുള്ള ഭക്ഷണങ്ങളാണ് ആദ്യം ഒഴിവാക്കേണ്ടത്. എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ വായിനുള്ളില്‍ വേദന തോന്നാം. അതിനാല്‍ എരിവേറിയ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കാം.
2. കഫൈന്‍ അടങ്ങിയവയും ഒഴിവാക്കുന്നതാണ് നല്ലത്.
3. അസിഡിക് ശീതളപാനീയങ്ങളും ഒഴിവാക്കാം.
4. സിട്രിക് ആസിഡ് കൂടുതലടങ്ങിയ പഴവർഗങ്ങളായ ഓറഞ്ച്, ലെമൺ, തുടങ്ങിയവ കൂടുതൽ കഴിച്ചാൽ ചിലരിൽ വായ്പ്പുണ്ണ് വരാറുണ്ട്. അതിനാല്‍ സിട്രിസ് പഴങ്ങളും ഈ സമയത്ത് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.
5. പുകവലിയും മദ്യപാനവും വായ്പ്പുണ്ണിലേക്ക് നയിക്കാം. അതിനാല്‍ ഇവയും പരമാവധി ഒഴിവാക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here