മലയാളികൾക്ക് കഴിക്കാൻ ഏറെ ഇഷ്ടമുള്ള ഭക്ഷണങ്ങളിലൊന്നാണ് നല്ല ചൂട് കഞ്ഞി. രുചിയിൽ മുൻപന്തിയിലെന്ന പോലെ തന്നെ ആരോഗ്യത്തിനും ഉത്തമമാണ് കഞ്ഞി. കഞ്ഞിക്കൊപ്പം എക്കാലത്തെയും ഏറ്റവും നല്ല കോമ്പിനേഷൻ നല്ല പയർ മെഴുക്കുപുരട്ടി തന്നെയാണ്. രുചികരമായ പയർ മെഴുക്കുപുരട്ടി എങ്ങനെ തയാറാക്കാമെന്ന് നോക്കാം…
ആവശ്യമായ ചേരുവകൾ
വൻപയർ – ഒരു കപ്പ്
വെള്ളം – ഒന്നര കപ്പ്
ഉപ്പ്- ആവശ്യത്തിന്
ചെറിയ ഉള്ളി – കാൽ കപ്പ്
വെളുത്തുള്ളി – ആറ് അല്ലി
ഉണക്കമുളക് – 4
കറിവേപ്പില – 1 തണ്ട്
വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
കടുക് – 1 ടീസ്പൂൺ
മുളകുപൊടി – 2 ടീസ്പൂൺ
കുരുമുളക് പൊടിച്ചത് – 1 ടേബിൾ സ്പൂൺ
Also Read; ദുബായില്‍ നടക്കുന്ന ജിടെക്സ് ടെക്നോളജി ഇവന്റിലേക്ക് കേരളത്തില്‍ നിന്ന് 30 കമ്പനികള്‍
തയ്യാറാക്കുന്ന വിധം;
ഒരു കപ്പ് ഉണക്കപ്പയർ വെള്ളത്തിൽ കുതിർക്കാൻ വെക്കുക. കുറഞ്ഞത് 5, 6 മണിക്കൂറെങ്കിലും പയർ വെള്ളത്തിൽ കുതിരണം. ഇനി വരാതെ വെള്ളത്തിലിട്ട് കുതിർക്കാൻ കഴിഞ്ഞില്ലെങ്കിലും സാരമില്ല. ഒരു കുക്കറിൽ പയറും അതിന് മേലെ വെള്ളമൊഴിച്ച് കുറച്ച് ഉപ്പും ചേർത്ത് 3 വിസിൽ സമയത്തിൽ വേവിക്കുക. ഇനി ഒരു ചീനച്ചട്ടിയെടുത്ത് അതിലേക്ക് 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണയൊഴിച്ച് ചൂടാക്കുക. എണ്ണ ചൂടായി വരുമ്പോഴേക്കും അതിലേക്ക് 1 ടീസ്പൂൺ കടുകിട്ട് പൊട്ടിച്ചെടുക്കുക. കടുക് പൊട്ടി തീരുമ്പോൾ അതിലേക്ക് ചതച്ചെടുത്ത വെളുത്തുള്ളി ചേർക്കുക.
വെളുത്തുള്ളി ഒന്ന് മൂത്ത് അതിന്റെ പച്ചമണം മാറി വരുമ്പോഴേക്കും ചതച്ച് വെച്ച ചെറിയുള്ളി ചേർത്തുകൊടുക്കുക. ശേഷം ഉണക്കമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് 2 ടീസ്പൂൺ മുളകുപൊടി ചേർത്ത് പച്ചമണം മാറുന്നതുവരെ ഇളക്കുക. മുളകുപൊടി പെട്ടെന്ന് കരിയാൻ സാധ്യതയുള്ളതിനാൽ ഇവിടെ മാത്രം കുറച്ച് ശ്രദ്ധ കൂടുതൽ വേണം. ഇനി അതിലേക്ക് കുതിർത്തതോ, വേവിച്ചതോ ആയ പയർ ചേർത്ത് നന്നായി ഇളക്കുക. കുറച്ച് വെള്ളം ഒഴിച്ച് മൂടിവെക്കുക.
ഇടക്കിടക്ക് മൂടി തുറന്ന് ഇളക്കി കൊടുക്കണം. ഇനി ഇതിന്റെ വെള്ളം പതിയെ വറ്റിച്ചെടുക്കുക. വെള്ളം വറ്റി വരുമ്പോഴേക്കും പൊടിച്ചുവെച്ചിരിക്കുന്ന കുരുമുളക് കൂടി ചേർത്തിളക്കുക. വെള്ളം പൂർണമായും വറ്റുമ്പോഴേക്കും സ്റ്റോവ് ഓഫ് ചെയ്ത് വാങ്ങിവെക്കാം. സ്വാദിഷ്ടമായ ഈ പയർ മെഴുക്കുപുരട്ടി കഞ്ഞിക്കൊപ്പം ഏറ്റവും നല്ല കോമ്പിനേഷൻ ആണ്. രണ്ട് ചുട്ട പപ്പടം കൂടിയുണ്ടെങ്കിൽ ആഹാ…
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here