കള്ളനോട്ട് കിട്ടിയാൽ എന്തുചെയ്യണം?

ദിവസേന നമ്മുടെ കൈകളിലെത്തുന്ന പണം കള്ളനോട്ടാണെന്ന് തിരിച്ചറിയാൻ എന്തു ചെയ്യണം?  തിരിച്ചറിഞ്ഞു കഴിഞ്ഞാൽ എന്തു ചെയ്യണം? പലർക്കും ഇക്കാര്യത്തിൽ ആശയക്കുഴപ്പമുണ്ടാകുമല്ലേ? നോക്കാം..

ഷാഹിദ് കപൂർ–വിജയ് സേതുപതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ് ആൻഡ് ഡികെ സംവിധാനം ചെയ്ത ടെലിവിഷൻ സീരീസായ ‘ഫർസി‘യുടെ പശ്ചാത്തലത്തിലാണ് വ്യാജ കറൻസികൾ സംബന്ധിച്ച ചർച്ചകൾ ഇപ്പോൾ സജീവമാകുന്നത്. കള്ളപ്പണമോ വ്യാജ കറൻസിയോ വിപണിയിൽ പ്രചരിക്കുന്നത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കും. നിങ്ങളുടെ പക്കലുള്ള 100, 500, 2000 രൂപ നോട്ടുകൾ യഥാർത്ഥമാണോ അല്ലയോ എന്ന് അറിയാൻ ചില പരിശോധനകളുണ്ട്.

വാട്ടർമാർക്ക് നോക്കുക എല്ലാ ഇന്ത്യൻ കറൻസി നോട്ടുകൾക്കും ഒരു വാട്ടർമാർക്ക് ഉണ്ട്, അത് വെളിച്ചത്തിൽ പിടിക്കുമ്പോൾ കാണാൻ കഴിയും. മഹാത്മാഗാന്ധിയുടെ ഛായാചിത്രമാണ് വാട്ടർമാർക്ക്, ഇത് നോട്ടിന്‍റെ ഇടതുവശത്ത് കാണാം.

സുരക്ഷാ ത്രെഡ് പരിശോധിക്കുക ഇന്ത്യൻ കറൻസി നോട്ടുകളിൽ ലംബമായി ഒരു നൂൽ ഉണ്ട്. അതിൽ ആർബിഐ എന്നും നോട്ടിന്‍റെ മൂല്യവും അച്ചടിച്ചിരിക്കുന്നത് കാണാം. വെളിച്ചത്തിലേക്ക് പിടിച്ചാൽ നൂൽ വ്യക്തമായി കാണാം.

പ്രിന്‍റിംഗ് നിലവാരം പരിശോധിക്കുക യഥാർത്ഥ ഇന്ത്യൻ കറൻസി നോട്ടുകളുടെ അച്ചടി ഗുണനിലവാരം മികച്ചതാണ്.  വ്യക്തവുമായ വരകളാണ് കറൻസികളിലുണ്ടാവുക. വ്യാജ നോട്ടുകളിൽ മങ്ങിയ വരകളോ, പുരണ്ട മഷിയോ ഉണ്ടായിരിക്കാം.

സീ – ത്രൂ രജിസ്റ്റർ ഇന്ത്യൻ കറൻസി നോട്ടുകൾക്ക് ഒരു സീ – ത്രൂ രജിസ്റ്റർ ഉണ്ട്, നോട്ടിന്‍റെ മുൻഭാഗത്തും പിന്നിലും അച്ചടിച്ച നോട്ടിന്‍റെ മൂല്യത്തിന്‍റെ ഒരു ചെറിയ ചിത്രം വെളിച്ചത്തിലേക്ക് പിടിക്കുമ്പോൾ കാണാവുന്നതാണ്.

മൈക്രോ-ലെറ്ററിങ്ങ് ഇന്ത്യൻ കറൻസി നോട്ടുകളിൽ മൈക്രോ-ലെറ്ററിംഗ് ഉണ്ട്, അത്ഭുതക്കണ്ണാടിക്ക് കീഴിൽ കാണാവുന്ന ചെറിയ എഴുത്താണ്. മൈക്രോ ലെറ്ററിംഗ് യഥാർത്ഥ നോട്ടുകളിൽ വ്യക്തവും മൂർച്ചയുള്ളതുമാണ്, പക്ഷേ വ്യാജ നോട്ടുകളിൽ ഇത് മങ്ങിയിരിക്കും.

പേപ്പറിന്‍റെ ഗുണനിലവാരം പരിശോധിക്കുക യഥാർത്ഥ ഇന്ത്യൻ കറൻസി നോട്ടുകൾ ഏറ്റവും ഉയർന്ന നിലവാരമുള്ള കടലാസുകളിലാണ് അച്ചടിക്കുന്നത്. വ്യാജ നോട്ടുകൾ മിനുസമാർന്നതോ വഴുക്കലുള്ളതോ ആയിരിക്കും.

സീരിയൽ നമ്പർ പരിശോധിക്കുക ഓരോ ഇന്ത്യൻ കറൻസി നോട്ടിലും ഒരു തനത് സീരിയൽ നമ്പർ പ്രിന്‍റ് ചെയ്തിരിക്കും. നോട്ടിന്‍റെ ഇരുവശത്തും സീരിയൽ നമ്പർ ഒന്നുതന്നെയാണെന്നും സൈഡ് പാനലിൽ പ്രിന്റ് ചെയ്തിരിക്കുന്ന സീരിയൽ നമ്പറുമായി അത് പൊരുത്തപ്പെടുന്നുണ്ടെന്നും ഉറപ്പാക്കുക.

വ്യാജ ഇന്ത്യൻ കറൻസി നോട്ടുകളുടെ പ്രചാരം തടയാൻ, റിസർവ് ബാങ്ക് നിരവധി നടപടികൾ കൈക്കൊള്ളുന്നു. വ്യാജ കറൻസി നോട്ട് ശ്രദ്ധയിൽപ്പെട്ടാൽ കാലതാമസം കൂടാതെ അധികൃതരെ അറിയിക്കണം. ഇന്ത്യയിൽ വ്യാജ കറൻസി നോട്ടുകൾ കൈകാര്യം ചെയ്യുന്നത് ക്രിമിനൽ കുറ്റമാണ്.

വ്യാജ നോട്ട് കണ്ടെത്തിയാൽ എന്തു ചെയ്യണം?

  • നിങ്ങൾക്ക് എടിഎം മെഷീനിൽ നിന്നാണ് ഒരു വ്യാജ കറൻസി ലഭിച്ചതെന്നിരിക്കട്ടെ, എങ്കിലാദ്യം അവിടെയുള്ള സിസിടിവി (CCTV) ക്യാമറയിൽ ആ കറൻസിയുടെ മുൻവശവും പിറകുവശവും കാണിക്കണം. തുടർന്ന് എടിഎമ്മിന് സുരക്ഷയൊരുക്കുന്ന സെക്യുരിറ്റി ജീവനക്കാരനെ വിവരം അറിയിക്കണം.
  • ഇടപാടിന്റെ റസീപ്റ്റ് എടിഎമ്മിൽ നിന്നും എടുക്കുക.
  • തുടർന്ന് ബാങ്കിലെത്തി വ്യാജ കറൻസിയും എടിഎമ്മിൽ നിന്നും ലഭിച്ച റസീപ്റ്റും ഉദ്യോ​ഗസ്ഥരെ ഏൽപ്പിക്കുക. അവിടെ നിന്നും ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ചു നൽകിയാൽ, വ്യാജ കറൻസിക്ക് പകരം യഥാർത്ഥ കറൻസി നിങ്ങള്ക്ക് കിട്ടും.
  • എടിഎം മെഷീനിൽ നിന്നാണ് വ്യാജ കറൻസി ലഭിക്കുന്നതെങ്കിൽ, ഉപഭോക്താവിന് നഷ്ടമായ തുകയ്ക്കുള്ള യഥാർത്ഥ കറൻസി നൽകാൻ ബാങ്കിന് ഉത്തരവാദിത്തം ഉണ്ടെന്നാണ് റിസർവ് ബാങ്ക് നൽകിയിരിക്കുന്ന നിർ​ദേശം.

നിങ്ങൾക്ക് വ്യാജ കറൻസികൾ ലഭിച്ചുവെങ്കിൽ, തൊട്ടടുത്തുള്ള റിസർവ് ബാങ്കിന്റെ ഇഷ്യൂ ഓഫീസിൽ വിവരം ധരിപ്പിക്കുക. അല്ലെങ്കിൽ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ പരാതി നൽകുക. വ്യാജ കറൻസികൾ ലഭിച്ചാൽ, ഒരു തരത്തിലും ഒളിപ്പിക്കാനോ കളയാനോ ശ്രമിക്കരുത്. വ്യാജ കറൻസികൾ ബോധപൂർവം പ്രചരിപ്പിക്കുന്നത്, ഐപിസി 489-C പ്രകാരമുള്ള ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഒന്നുകിൽ പിഴയോ അല്ലെങ്കിൽ‍ തടവു ശിക്ഷയോ ലഭിക്കാം. വ്യാജ കറൻസി ബോധപൂർവം പ്രചരിപ്പിക്കുന്നതിന്, 7 വർഷത്തെ തടവു ശിക്ഷ മുതൽ ജീവപര്യന്തം തടവ് ശിക്ഷ വരെ ലഭിക്കാം. അല്ലെങ്കിൽ പിഴയും തടവു ശിക്ഷയും ഒരുമിച്ചും ലഭിക്കാം.

  • വ്യക്തി​​ഗത പണമിടപാടിലാണ് നിങ്ങൾക്കൊരു വ്യാജ കറൻസി ലഭിക്കുന്നതെങ്കിൽ നിങ്ങൾ ചതിക്കപ്പെട്ടുവെന്ന് വെളിവാക്കുന്നതും തെളിയിക്കുന്നതുമായ രേഖകൾ കൈവശം ഉണ്ടാകണം. അതില്ലാത്ത പക്ഷം ഒന്നും ചെയ്യാൻ കഴിയില്ല.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News