കോട്ടയ്ക്കൽ നഗരസഭയിൽ സാമൂഹ്യസുരക്ഷാ പെൻഷൻ അനുവദിച്ചതിൽ വൻ ക്രമക്കേട്; ഏഴാം വാർഡിലെ 38 പേരും അനർഹരെന്ന്‌ കണ്ടെത്തി

pension corruption kottakkal

കോട്ടയ്ക്കൽ നഗരസഭയിൽ സാമൂഹ്യസുരക്ഷാ പെൻഷൻ അനുവദിച്ചതിൽ വൻ ക്രമക്കേട് കണ്ടെത്തി. നഗരസഭയ്ക്ക് കീ‍ഴിലെ ഏഴാം വാർഡിലെ 42 ഗുണഭോക്താക്കളിൽ 38 പേരും അനർഹരെന്ന്‌ കണ്ടെത്തി. തട്ടിപ്പിന്‌ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ്‌ അന്വേഷണത്തിന്‌ ധനമന്ത്രി കെഎൻ ബാലഗോപാൽ നിർദേശം നൽകി. കോട്ടയ്ക്കൽ നഗരസഭയിലെ ഏഴാം വാർഡിലെ പെൻഷൻ ഗുണഭോക്താക്കളെ സംബന്ധിച്ച്‌ മലപ്പുറം ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്.

നഗരസഭയ്ക്ക് കീ‍ഴിലെ ഏഴാം വാർഡിലെ 42 ഗുണഭോക്താക്കളുടെ അർഹത സംബന്ധിച്ച പരിശോധനയിൽ 38 പേരും അനർഹരാണെന്ന്‌ കണ്ടെത്തി. ഒരാൾ മരണപ്പെട്ടതും, ഇതിനു പുറമെ ബിഎംഡബ്‌ള്യു കാർ ഉടമകൾ ഉൾപ്പെടെ പെൻഷൻ പട്ടികയിൽ ചേർക്കപ്പെട്ടു എന്നും കണ്ടെത്തി. ചില ക്ഷേമ പെൻഷൻകാരുടെ വീടുകളിൽ എയർ കണ്ടിഷണർ ഉൾപ്പെടെയുള്ള സുഖ സൗകര്യങ്ങളുണ്ട്‌. ഭാര്യയോ ഭർത്താവോ സർവീസ്‌ പെൻഷൻ കൈപറ്റുന്നവരും ക്ഷേമ പെൻഷൻ വാങ്ങുന്നു. ഭൂരിഭാഗം പേരുടെയും വീട്‌ 2000 ചതുരശ്ര അടിയിൽ കൂടുതൽ വലുപ്പമുള്ളതാണെന്നും കണ്ടെത്തി.

ഒരു വാർഡിൽ ഇത്തരത്തിൽ കൂട്ടത്തോടെ അനർഹർ പെൻഷൻ പട്ടികയിൽ ഉൾപ്പെട്ടതിനു പിന്നിൽ അഴിമതിയും ഗുഢാലോചനയും ഉണ്ടായിട്ടുണ്ടാകാമെന്നാണ്‌ ധനവകുപ്പ്‌ പരിശോധനാ വിഭാഗം റിപ്പോർട്ട്‌ ചെയ്‌തത്‌. ഈ സാഹചര്യത്തിലാണ് ക്രമക്കേടുകളിൽ ധനവകുപ്പ്‌ കൂടുതൽ കടുത്ത നടപടികളിലേക്ക്‌ കടന്നത്. കോട്ടയ്ക്കൽ നഗരസഭയിൽ തട്ടിപ്പിന്‌ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ്‌ അന്വേഷണത്തിന്‌ ധനമന്ത്രി കെഎൻ ബാലഗോപാൽ നിർദേശം നൽകി.

പെൻഷൻ അർഹത സംബന്ധിച്ച്‌ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ, വരുമാന സർട്ടിഫിക്കറ്റ്‌ അനുവദിച്ച റവന്യു ഉദ്യോഗസ്ഥർ, പെൻഷൻ അനുവദിച്ചു നൽകിയ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് അന്വേഷണം. ഇതുമായതി ബന്ധപ്പെട്ട്‌ സ്വീകരിക്കുന്ന തുടർ നടപടികൾ അടിയന്തിരമായി ധനവകുപ്പിനെ അറിയിക്കണം. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെയുള്ള അന്വേഷണ പുരോഗതി ഒരോ മാസവും വിലയിരുത്തണമെന്നും ധനമന്ത്രി നിർദേശിച്ചു.

ക്രമക്കേട് കണ്ടെത്തിയ പശ്ചാത്തലത്തിൽ കോട്ടയ്‌ക്കൽ നഗരസഭയിലെ മുഴുവൻ സാമൂഹ്യസുരക്ഷാ ഗുണഭോക്താക്കളുടെയും അർഹത സംബന്ധിച്ച് പരിശോധന നടത്താനും ധനവകുപ്പ് തീരുമാനിച്ചു. ഇത്‌ സംബന്ധിച്ച്‌ നഗരസഭയ്‌ക്ക്‌ നിർദേശം നൽകാൻ തദ്ദേശ സ്വയംഭരണ വകുപ്പിനോട്‌ ആവശ്യപ്പെട്ടു. ഇത്തരം പരിശോധന സംസ്ഥാനത്താകെ വ്യാപിപ്പിക്കാനും തീരുമാനിച്ചു. ബാങ്ക്‌ അക്കൗണ്ട്‌ വഴി ക്ഷേമ പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കളുടെ അർഹത സംബന്ധിച്ച്‌ കൃത്യമായ ഇടവേളകളിൽ വിലയിരുത്തൽ നടത്താൻ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നിർദേശം നൽകാനും ധനവകുപ്പ് തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News