ആദാനി-മോദി കൂട്ടുകെട്ടിനെതിരെ പാര്‍ലമെന്‍റില്‍ മനുഷ്യച്ചങ്ങല തീര്‍ത്ത് പ്രതിപക്ഷം, പാര്‍ലമെന്‍റ് സ്തംഭിപ്പിച്ച് ബിജെപിയുടെ പ്രതിരോധം

അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രക്ഷുബ്ധ കാഴ്ചകള്‍ക്കാണ് പാര്‍ലമെന്‍റ് സാക്ഷിയാവുന്നത്. അദാനിക്കെതിരായ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ ഇ.ഡി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞിരുന്നു. രാജ്യം മുഴുവന്‍ പ്രതിപക്ഷ സംസ്ഥാനങ്ങളില്‍ അന്വേഷണത്തിന് ചാടിയിറങ്ങുന്ന ഇ.ഡി എന്തുകൊണ്ട് അദാനിക്കെതിരെ അന്വേഷണം നടത്തുന്നില്ല എന്നതാണ് പ്രതിപക്ഷത്തിന്‍റെ ചോദ്യം. ഈ വിഷയത്തില്‍ ജെപിസി അന്വേഷണമോ, സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണമോ വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങള്‍ ഉയര്‍ത്തി വ്യാഴാഴ്ച പ്രതിപക്ഷ അംഗങ്ങള്‍ പാര്‍ലമെന്‍റിന് ചുറ്റും മനുഷ്യച്ചങ്ങല തീര്‍ത്തു. അന്വേഷണം ആവശ്യപ്പെട്ട് വരും ദിവസങ്ങളിലും കൂടുതല്‍ ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങാനാണ് പ്രതിപക്ഷ പാര്‍ടികളുടെ തീരുമാനം.

അതേസമയം പ്രതിപക്ഷത്തെ രാഹുല്‍ ഗാന്ധിയുടെ ലണ്ടനിലെ പരാമര്‍ശം ഉയര്‍ത്തിയാണ് ബിജെപി പ്രതിരോധിക്കുന്നത്. ഇന്ത്യയില്‍ ജനാധിപത്യം ഇല്ലാതായി എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ഇതില്‍ രാഹുല്‍ ഗാന്ധി മാപ്പുപറയണമെന്നാണ് ബിജെപിയുടെ ആവശ്യം. പ്രതിപക്ഷ പ്രതിഷേധങ്ങളെ ഈ ആവശ്യം ഉയര്‍ത്തി ഇരുസഭകളിലും ബിജെപിയും പ്രതിരോധിക്കാന്‍ ശ്രമിക്കുന്നു. ഇതോടെ വലിയ നാടകീയ കാഴ്ചകള്‍ക്ക് തന്നെയാണ് പാര്‍ലമെന്‍റ് സാക്ഷിയാകുന്നത്.

ഏറെ നാളുകള്‍ക്ക് ശേഷം വ്യാഴാഴ്ച രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റില്‍ എത്തി. തനിക്കെതിരെ പ്രതിഷേധം ഉയര്‍ത്തി അദാനിയുടെ അഴിമതി മറച്ചുവെക്കാനാണ് ബിജെപിയും കേന്ദ്ര സര്‍ക്കാരും ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള കോണ്‍ഗ്രസിന്‍റെ പ്രതിഷേധത്തിനും ദില്ലി സാക്ഷിയായി.

ദേശീയ പ്രധാന്യമുള്ള വിഷയങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യുന്നത് ഒഴിവാക്കാന്‍ ബിജെപി തന്നെ സഭ സ്തംഭിപ്പിക്കുകയാണെന്ന് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം ആരോപിച്ചു. ഭരണകക്ഷി തന്നെ സഭ തടസ്സപ്പെടുത്തുന്ന അപൂര്‍വ്വ കാഴ്ചയാണ് ഉണ്ടാകുന്നതെന്നും എളമരം കരീം വിമര്‍ശിച്ചു.

ഹിൻഡൻബർഗ് വെളിപ്പെടുത്തിയ അദാനിയുടെ സാമ്പത്തിക വെട്ടിപ്പുകൾ, കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം,  ഗവർണർമാരുടെ രാഷ്ട്രീയ ഇടപെടലുകൾ, വിലക്കയറ്റം, തൊഴിലില്ലായ്മ, രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ പ്രശ്നങ്ങളാണ് പ്രതിപക്ഷം സഭയിൽ ഉന്നയിക്കാൻ ശ്രമിച്ചത്. തൃണമൂൽ കൊൺഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ പാർടികളെല്ലാം ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ്. പ്രതിപക്ഷ കക്ഷികൾ യോജിച്ച് പ്രശ്നങ്ങൾ പാര്‍ലമെന്‍റില്‍ ഉയർത്തുന്നത് ബിജെപിയെ ഭയപ്പെടുത്തുന്നു. അദാനിയുടെ കമ്പനികൾ നടത്തിയ സാമ്പത്തിക വെട്ടിപ്പും, എൽഐസി, എസ്ബിഐ എന്നീ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പണം നഷ്ടമായതുമെല്ലാം മോദി സർക്കാരിന്‍റെ ഒത്താശയോടെയാണെന്ന വസ്തുത ചര്‍ച്ചക്ക് വരാതിരിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്നും സിപിഐഎം നേതാവ് എളമരം കരീരം ആരോപിച്ചു.

വരും ദിവസങ്ങളിലും പ്രതിപക്ഷ പാര്‍ടികളുടെ യോജിച്ച പ്രതിഷേധത്തിന് തന്നെയാകും പാര്‍ലമെന്‍റ് സാക്ഷ്യം വഹിക്കുക. പ്രതിപക്ഷത്തെ നേരിട്ട് ഭരണപക്ഷവും പ്രതിഷേധവുമായി രംഗത്തിറങ്ങുമ്പോള്‍ പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന്‍റെ എല്ലാ ദിനങ്ങളും പ്രക്ഷുബ്ധമായി അവസാനിക്കാന്‍ തന്നെയാണ് സാധ്യത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News