സമകാലിക രാഷ്‍ട്രീയ സാമൂഹ്യ അവസ്ഥകളെ നർമ്മത്തിലൂടെ അവതരിപ്പിച്ച് ‘അയ്യർ ഇൻ അറേബ്യ’

മതം, വിശ്വാസം, കുടുംബം, പ്രണയം എന്നീ ധ്രുവങ്ങളെ പശ്ചാത്തലമാക്കി എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ആക്ഷേപഹാസ്യ ചിത്രമാണ് ‘അയ്യർ ഇൻ അറേബ്യ’. പ്രേക്ഷകരുടെ പ്രിയ താരങ്ങളായ മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ കൃഷ്ണ, ഡയാന ഹമീദ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഫെബ്രുവരി 2നാണ് തിയറ്റർ റിലീസ് ചെയ്തത്. കുടുംബ ബന്ധങ്ങൾക്ക് മൂല്യം നൽകി ഒരുക്കിയ ഈ ചിത്രം സമകാലിക രാഷ്‍ട്രീയ സാമൂഹ്യ അവസ്ഥകളെ പരാമർശിച്ച് വർത്തമാന സാഹചര്യത്തിൽ രാഷ്‍ട്രീയവൽക്കരിക്കപ്പെടുന്ന വിശ്വാസങ്ങളെയാണ് ചൂണ്ടികാണിക്കുന്നത്.

ശ്രീ നാരായണ ഗുരുവിന്റെ “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന മുദ്രാവാക്യം പഠിച്ച് വളർന്ന നമ്മൾ നിത്യജീവിതത്തിൽ എത്രമാത്രം പ്രാധാന്യം മതത്തിന് നൽകുന്നുണ്ടെന്ന് സ്വയമേ ഒന്ന് ചോദിക്കേണ്ടതുണ്ട്. അറിഞ്ഞോ അറിയാതെയോ മതത്തിൽ ഭ്രമിച്ചിരിക്കുന്ന ഒരു സമൂഹം നമുക്ക് ചുറ്റും വട്ടം നിൽക്കുന്നുണ്ട്. അത്തരം മതത്തിന്റെ ചുമരുകൾക്കുള്ളിൽ ചുരുങ്ങുകയും വിശ്വാസത്തിന്റെ അന്ധതയിലേക്ക് യുക്തിരഹിതമായ് ആഴ്ന്നിറങ്ങുകയും ചെയ്യുന്നവരെയാണ് ‘അയ്യർ ഇൻ അറേബ്യ’ പരിഹസിക്കുന്നത്.

ALSO READ: ‘മലയാളികളുടെ സ്വകാര്യ അഹങ്കാരം, എല്ലാ അഭിനേതാക്കളും ഒരിക്കലെങ്കിലും മോഹൻലാലിനൊപ്പം അഭിനയിക്കണം’, വിന്ദുജ

പഠന കാലത്ത് ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്ന വ്യക്തിയാണ് ശ്രീനിവാസ അയ്യർ. ഭാര്യ താൻസി റാണിയും മകൻ രാഹുലും അടങ്ങുന്നതാണ് അയ്യറിന്റെ കുടുംബം. താൻസി റാണി ചരിത്രാധ്യാപികയുമാണ്. സാമൂഹ്യ ജീവിതത്തിൽ നിന്നും കൂടുംബ ജീവിതത്തിലേക്ക് ചുരുങ്ങിയതോടെ അയ്യരിൽ ചെറിയ രീതിയിലാണെങ്കിലും പൊസസ്സീവ്നെസ്സ് ഉടലെടുക്കുന്നു. ജോലിക്കായ് വിദേശത്തേക്ക് പൊവാൻ ആഗ്രഹിച്ച രാഹുലിനെ അയ്യർ തടയുന്നുണ്ടെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ മകനും ഭാര്യക്കുമൊപ്പം അയ്യരും ദുബായിലെത്തുന്നു. തുടർന്ന് അദ്ദേഹം നേരിടുന്ന അസ്വസ്ഥതകൾ നർമ്മം കലർത്തി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു. രാഹുലിന്റെ പ്രണയവും വിവാഹവുമാണ് അയ്യറിന്റെ മറ്റൊരു പ്രധാന പ്രശ്നം. തന്റെ വിശ്വാസങ്ങളും സംസ്‌കാരങ്ങളും മകനിൽ അടിച്ചേൽപ്പിക്കുന്ന അയ്യർ പലപ്പോഴും രാഹുലിന്റെ സ്വപ്‌നങ്ങൾക്ക് പരിമിതി നിശ്ചയിക്കുന്നു. എന്നാൽ അച്ഛന്റെ കെട്ടുപാടുകൾക്കുള്ളിൽ‌ ഒതുങ്ങാനോ കീഴടങ്ങാനോ തയ്യാറാവാത്ത രാഹുൽ സ്വ ഇഷ്ടങ്ങൾക്കും അഭിപ്രായങ്ങൾക്കുമാണ് പ്രാധാന്യം കൽപിക്കുന്നത്.

ALSO READ: കരിയറിലെ ആദ്യത്തെ ഹൊറർ കോമഡി ചിത്രം ചെയ്യാൻ ഒരുങ്ങി സംവിധായകൻ പ്രിയദർശൻ; ഒപ്പം അക്ഷയ് കുമാറും

കുടുംബത്തിലുള്ളവർക്ക് വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ഉണ്ടാവുമ്പോൾ സ്വഭാവികമായും വാക്ക് തർക്കങ്ങൾ ഉയർന്നുവരും. ശരി ഏത് തെറ്റ് ഏത് എന്നത് കാണുന്നവരുടെ കാഴ്ചപ്പാടുകളെ അനുസരിച്ചിരിക്കും. ‘അയ്യർ ഇൻ അറേബ്യ’ കണ്ടിറങ്ങുന്ന പ്രേക്ഷകർ സ്വയമൊന്ന് വിശകലനം ചെയ്യും എന്നത് തീർച്ച. ഇതൊരു ആക്ഷേപഹാസ്യ ചിത്രമായതുകൊണ്ട് ചിത്രത്തിലുടനീളം നർമ്മം നിറഞ്ഞ് നിൽക്കുന്നതായ് കാണാം. പ്രേക്ഷകരെ അടിമുടി ചിരിപ്പിക്കുന്ന ഈ ചിത്രം പാതിവെന്ത പരുവത്തിലല്ല. ‌പറയേണ്ട കാര്യങ്ങൾ കുറിക്ക് കൊള്ളുന്ന വിധത്തിൽ പറഞ്ഞുകൊണ്ടാണ് സംവിധായകൻ ചിത്രം അവസാനിപ്പിക്കുന്നത്.

ഹാസ്യ രംഗങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കിരീടം കരസ്ഥമാക്കിയ മുകേഷും ഉർവശിയും പക്വതയോടെ തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ശ്രീനിവാസ് അയ്യറായ് മുകേഷ് വേഷമിട്ട ചിത്രത്തിൽ ഝാൻസി റാണിയായാണ് ഉർവശി എത്തിയത്. രാഹുൽ എന്ന കഥാപാത്രത്തെ ധ്യാൻ ശ്രീനിവാസൻ അവതരിപ്പിച്ചപ്പോൾ രാഹുലിന്റെ പ്രണയിനി സെഹ്‌റയെ ദുർഗ്ഗാ കൃഷ്ണയും കൈകാര്യം ചെയ്തു. ചിത്രത്തിലെ മറ്റ് സുപ്രധാനമായ വേഷങ്ങൾ ഷൈൻ ടോം ചാക്കോയും ഡയാന ഹമീദും തീവ്രതയോടെയും അസാമാന്യ പ്രകടനങ്ങളിലൂടെയും വൃക്തിക്ക് അവതരിപ്പിച്ചിട്ടുണ്ട്. കെട്ടുറപ്പുള്ള തിരക്കഥയാണ് ചിത്രത്തിന്റെ എടുത്ത് പറയേണ്ട പ്രധാന ഘടകം. വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രവാസി ബിസിനസ്മാൻ വിഘ്‌നേഷ് വിജയകുമാർ നിർമ്മിച്ച ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത് സംവിധായകൻ തന്നെയാണ്. സാഹചര്യത്തിനനുയോജ്യമായെത്തിയ ഗാനങ്ങളാണ് മറ്റൊരു സവിശേഷത. ബി കെ ഹരിനാരായണൻ, പ്രഭാ വർമ്മ, റഫീഖ് അഹമ്മദ്, മനു മഞ്ജിത് എന്നിവർ വരികൾ ഒരുക്കിയ ഗാനങ്ങൾക്ക് ആനന്ദ് മധുസൂധനനാണ് സംഗീതം പകർന്നത്.

ALSO READ: ‘വലിയൊരു അപകടം ഉണ്ടായിരുന്നു, പക്ഷെ ആ വാണിങ് കൊടുത്തിട്ടും പൃഥ്വിരാജ് അതിന് തയ്യാറായി’, ബെന്യാമിൻ പറയുന്നു

സിദ്ധാർത്ഥ് രാമസ്വാമി, വിവേക് മേനോൻ എന്നിവരാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ജോൺകുട്ടി ചിത്രസംയോജനവും ആനന്ദ് മധുസൂദനൻ സംഗീതവും നിർവഹിക്കും. പ്രഭാ വർമ്മ, റഫീഖ് അഹമ്മദ്, ഹരിനാരായണൻ, മനു മഞ്ജിത് എന്നിവർ ഗാനരചനയും ശബ്ദലേഖനം ജിജുമോൻ ടി ബ്രൂസും സൗണ്ട് ഡിസൈൻ രാജേഷ് പി എമ്മും ആണ് നിർവഹിക്കുന്നത്. കലാസംവിധാനം പ്രദീപ് എം വിയും വസ്ത്രാലങ്കാരം അരുൺ മനോഹറും മേക്കപ്പ് സജീർ കിച്ചുവും നിർവഹിക്കും. പ്രൊഡക്ഷൻ കണ്ട്രോളറായി ബിനു മുരളിയും അസ്സോസിയേറ്റ് ഡയറക്ടറായി പ്രകാശ് കെ മധു എന്നിവരും അണിയറയിൽ ഉണ്ടാവും. സ്റ്റിൽസ്: നിദാദ്, ഡിസൈൻ: യെല്ലോടൂത്ത്, പിആർ& മാർക്കറ്റിങ്: തിങ്ക് സിനിമ മാർക്കറ്റിങ് സൊല്യൂഷൻസ്, പിആർഒ: എ എസ് ദിനേഷ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News