106 കോടിയുടെ വില്‍പ്പന; ഓണ വിപണിയില്‍ ചരിത്രം സൃഷ്ടിച്ച് കണ്‍സ്യൂമര്‍ഫെഡ്

ഈ ഓണക്കാലത്ത് കൺസ്യൂമർഫെഡിന് 106 കോടിയുടെ റെക്കോർഡ് വില്പന കൈവരിക്കാൻ കഴിഞ്ഞു. സഹകരണ സംഘങ്ങൾ നടത്തിയ 1500 ഓണച്ചന്തകളിലൂടെയും 175 ത്രിവേണി സൂപ്പർമാർക്കറ്റുകളിലൂടെയുമാണ് കൺസ്യൂമർഫെഡ് ഈ വില്പന കൈവരിച്ചത്. കേരളത്തിലെ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ കൺസ്യൂമർഫെഡ് ഓണച്ചന്തകൾ പ്രധാന പങ്ക് വഹിച്ചുവെന്നും, ഈ ഓണക്കാലത്ത് കേരളം പട്ടിണിയാകുമെന്നും, അവശ്യസാധനങ്ങൾക്ക് പോലും ദൗർലഭ്യമായിരിക്കുമെന്നും പ്രചരിപ്പിച്ചവർക്കുള്ള മറുപടിയാണ് ഓണച്ചന്തകളിലെ വൻതിരക്കും വില്പന വർധനവും തെളിയിക്കുന്നതെന്ന് കൺസ്യൂമർഫെഡ് ചെയർമാൻ എം മെഹബൂബ് പറഞ്ഞു.

സാധാരണക്കാർക്ക് മിതമായ നിരക്കിൽ നിത്യോപയോഗസാധനങ്ങൾ എത്തിക്കാൻ സർക്കാർ സഹായത്തോടെ സഹകരണവകുപ്പ് കൺസ്യൂമർഫെഡ് മുഖേനെ നടപ്പിലാക്കിയ ഓണച്ചന്തകളിൽ ഇത്തവണ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ബോണസും പെൻഷനും ആശ്വാസധനസഹായവും, ശമ്പളവുമൊക്കെ ലഭ്യമായതോടെ കൺസ്യൂമർഫെഡിന്റെ സഹകരണ ഓണച്ചന്തകളെ പൊതുജനങ്ങൾ ആശ്രയിക്കുകയായിരുന്നു. കേരളത്തിന്റെ നഗര ഗ്രാമീണ മേഖലകളിൽ ജനകീയ വേരോട്ടമുള്ള സഹകരണസ്‌ഥാപനങ്ങൾ കേരളത്തിലങ്ങോളമിങ്ങോളം ഓണചന്തകൾ ആരംഭിക്കുക വഴി വിലക്കയറ്റത്തെ ഫലപ്രദമായി പിടിച്ചുനിർത്താൻ ഈ ഓണക്കാലത്ത് കഴിഞ്ഞു.

also read :കൊതിയൂറും പായസങ്ങളുമായി ‘കൊച്ചി മധുരം’; രുചിച്ചറിയാൻ അവസരം

സംസ്ഥാനതല ചന്തയായും , ജില്ലാതല ചന്തയായും , ഗ്രാമീണ ചന്തകളായും ഓഗസ്റ്റ് 19 മുതൽ 28 വരെ പത്തുദിവസം നീണ്ട വിപണിയിടപെടലാണ്
കൺസ്യൂമർഫെഡ് നടത്തിയത്. 10% മുതൽ 40% വരെ വിലക്കുറവിൽ മറ്റ് നിത്യോപയോഗസാധനങ്ങളും ലഭ്യമാക്കിയതോടെ ഓണച്ചന്തകൾ ഏറെ ആകർഷണീയമായി.
ഒരു കുടുംബത്തിനാവശ്യമായ എല്ലാ ഇനങ്ങളും ഓണച്ചന്തകളിൽ ഇത്തവണ ലഭ്യമായിരുന്നു. സർക്കാർ വിപണികളിൽ ആവിശ്യത്തിന് സാധനങ്ങൾ ലഭ്യമല്ല എന്ന ആരോപണത്തിന് കഴമ്പില്ല എന്ന് തെളിയിക്കും വിധം ഓണനാളുകളിൽ വൻതിരക്കാണ് സഹകരണ ഓണച്ചന്തകളിൽ അനുഭവപ്പെട്ടത്. ഉത്രാടപാച്ചിലിന് പോലും എല്ലാ ആവിശ്യസാധനങ്ങളും ലഭ്യമാക്കി കൊണ്ട് കൺസ്യൂമർഫെഡിന്റെ ഓണച്ചന്തകൾ മികച്ചുനിന്നു.

അരി ഉൾപ്പെടെ 13 ഇനങ്ങൾ സബ്‌സിഡി നിരക്കിലായിരുന്നു ഓണച്ചന്തകളിലൂടെ ലഭ്യമാക്കിയത്.
ജയ, കുറുവ, മട്ട എന്നിവയ്ക്ക് മാർക്കറ്റിൽ 45 മുതൽ 55 വരെ വിലയുള്ളപ്പോൾ കിലോയ്ക്ക് 25 രൂപയ്ക്കാണ് ജനങ്ങളിലേക്ക് എത്തിച്ചത്. 20 ലക്ഷം കുടുംബങ്ങളിലേക്കായ് 6000 ടൺ അരിയാണ് ഓണച്ചന്തകളിലൂടെ ആശ്യാസവിലക്ക് ലഭ്യമായത്. 1200 ടൺ പഞ്ചസാര, 500 ടൺ ചെറുപയർ, 525 ടൺ ഉഴുന്ന്, 470 ടൺ കടല, 430 ടൺ വൻപയർ, 425 ടൺ തുവര, 450 മുളക്, 380 ടൺ മല്ലി എന്നിവ ഓണക്കാല വിപണിയിലൂടെ വില്പന നടന്നതായി കൺസ്യൂമർഫെഡ് അധികൃതർ അറിയിച്ചു. 12 ലക്ഷം പായ്ക്കറ്റ് വെളിച്ചെണ്ണയാണ് ഓണച്ചന്തകളിലൂടെ വില്പന നടത്തിയത്. ഇവയാകട്ടെ പൂർണ്ണമായും കേരളത്തിലെ പ്രമുഖസഹകരണസ്ഥാപനങ്ങളിൽ നിന്നും ഗുണനിലവാരം ഉറപ്പാക്കിയാണ് വില്പനക്കെത്തിച്ചത്.

also read :കേരളം ഭരിക്കുന്നത് ജനങ്ങളോട് പ്രതിബദ്ധതയുള്ള മുന്നണി, പ്രതിസന്ധിയിൽ ജനങ്ങളെ കയ്യൊഴിയില്ല: മുഖ്യമന്ത്രി

ഓണം വിപണിയിലേക്കാവശ്യമായ പലചരക്ക് സാധനങ്ങളെല്ലാം തന്നെ ഇ-ടെണ്ടർ, NCDEX – E ഓക്ഷൻ നടപടികൾ പൂർത്തീകരിച്ചും, ഗോഡൗണിൽ ഇറങ്ങിയവ അംഗീകൃത ഫുഡ്ടെസ്റ്റിംഗ് ഏജൻസികൾ മുഖേന പരിശോധന പൂർത്തീകരിച്ചുമാണ് വിപണിയിലെത്തിച്ചത്. ഓണച്ചന്തകളിലെ വിലനിലവാരമാകട്ടെ ഇടത്പക്ഷ ജനാധിപത്യ മുന്നണി പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്ന പ്രകാരം 2016 ലെ അതേ നിരക്കിൽ തന്നെയാണ്.

കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുമ്പോൾ തന്നെയാണ് കേരളം കമ്പോളത്തിലിടപെട്ട് ഇത്തരത്തിൽ വിലക്കയറ്റം പിടിച്ചു നിർത്തുന്നത്. കൺസ്യൂമർഫെഡ് ഓണച്ചന്തകൾ വഴി 106 കോടിയുടെ വില്പന നടന്നതിൽ 50 കോടി സബ്‌സിഡി സാധനങ്ങളുടെയും 56 കോടി നോൺസബ്സിഡി സാധനങ്ങളുടെയും വില്പനയാണ്. നോൺ സബ്‌സിഡി സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കിയതോടൊപ്പം മിൽമ, റെയ്‌ഡ്ക്കോ, ദിനേശ് തുടങ്ങി കേരളത്തിലെ വിവിധ സഹകരണസ്ഥാപനങ്ങളുടെ ഉല്പന്നങ്ങൾക്കും വിപണി ലഭ്യമാക്കാൻ കൺസ്യൂമർഫെഡ് ഓണച്ചന്ത വഴി കഴിഞ്ഞു.

വിലക്കയറ്റത്തിനെതിരായുള്ള ശക്തമായ ചെറുത്ത് നിൽപ്പാണ് സഹകരണ സംഘങ്ങളുടെ കൂട്ടായ്മയിലൂടെ കൺസ്യൂമർഫെഡ് നടത്തിയത്. സാധാരണകാർക്കും, പാവങ്ങൾക്കും കൈത്താങ്ങായി നിലകൊള്ളുകയെന്ന സഹകരണ മേഖലയുടെ ഉത്തരവാദിത്തത്തിലൂന്നി നിന്നുകൊണ്ടുള്ള ഇടപെടലുകളായി കേരളത്തിലെ സഹകാരി സമൂഹം ഓണച്ചന്തയെ മാറ്റിയെടുത്ത കാഴ്ച ഇത്തവണ കാണാൻ കഴിഞ്ഞു.

കൺസ്യൂമർഫെഡ് മുഖേനെയുള്ള സഹകരണ വില്പനശാലകൾ വഴി നടത്തുന്ന വിപണി ഇടപെടൽ വിലക്കയറ്റം ഉണ്ടാകാതിരിക്കാൻ സഹായിക്കുന്നതായി സഹകരണ ഓണച്ചന്തകളുടെ സംസ്ഥാനതല ഉത്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. പൊതുവിപണിയിൽ 1100 വില വരുന്ന 13 ഇനങ്ങൾക്ക് സഹകരണ ഓണച്ചന്തയിൽ നൽകേണ്ടിയിരുന്നത് 462 രൂപ മാത്രമായിരുന്നു.

മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിൽ ആവശ്യസാധനങ്ങൾ ലഭിക്കുന്നത് ജനങ്ങൾക്ക് വലിയ ആശ്വാസമായി മാറി. പൊതുവിപണിയിൽ ഭക്ഷ്യവസ്തുക്കൾക്ക് വിലക്കയറ്റമുണ്ടാകുന്നത് തടയാനും, സാധാരണക്കാർക്ക് ആശ്വാസമേകാനുള്ള സർക്കാരിന്റെ ഇടപെടൽ ഫലം കണ്ടു എന്നതാണ് സഹകരണഓണച്ചന്തകളുടെ സ്വീകാര്യത വെളിപ്പെടുത്തുന്നത്.

പ്രത്യേക ഓഫറുകളും, പാക്കേജുകളും കൊണ്ട് സൂപ്പർമാർക്കറ്റുകൾ വിപണിയിലിടപെടുന്ന സ്ഥിരം കാഴ്ചകൾക്കിടയിൽ കൺസ്യൂമർഫെഡിന്റെ ത്രിവേണി സൂപ്പർമാർക്കറ്റുകളിൽ വിലക്കുറവിനോടൊപ്പം ‘സമ്മാനമഴ’ എന്ന പേരിൽ സമ്മാന പദ്ധതി കൂടി ആരംഭിക്കുകയുണ്ടായി.

വിലക്കുറവിനോടൊപ്പം ആകർഷകമായ സമ്മാനങ്ങളും കൂടി ലഭ്യമായപ്പോൾ ത്രിവേണി സൂപ്പർമാർക്കറ്റുകളിൽ ഇത്തവണ ജനത്തിരക്കേറി. ത്രിവേണി സൂപ്പർമാർക്കറ്റുകളിൽ അവശ്യസാധനങ്ങൾക്ക് ഒരു ലഭ്യതക്കുറവും ഉണ്ടായിരുന്നില്ല. കൂടാതെ ഹോർട്ടി കോർപ്പുമായി സഹകരിച്ചും, സഹകരണസംഘങ്ങൾ ഉല്പാദിപ്പിക്കുന്ന പച്ചക്കറികൾ ശേഖരിച്ചും ത്രിവേണി സൂപ്പർമാർക്കറ്റുകളോടൊപ്പം പച്ചക്കറിച്ചന്തകളും നടത്തുകയുണ്ടായി.

also read :ആ സമ്മാനം മാതാപിതാക്കളുടെ ഏറെക്കാലത്തെ സ്വപ്‌നം നിറവേറ്റി, ആനന്ദ് മഹീന്ദ്രയ്ക്ക് നന്ദി അറിയിച്ച് പ്രഗ്നാനന്ദ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News