കോളിളക്കം സൃഷ്ടിച്ച രമാദേവി കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

ഏറെ കോളിളക്കം സൃഷ്ടിച്ച പുല്ലാട് രമാദേവി കൊലക്കേസിലെ പ്രതിയായ ഭര്‍ത്താവ് 17 വര്‍ഷത്തിന് ശേഷം അറസ്റ്റിലായി. പുല്ലാട് വടക്കേ കവല വടക്കേ ചട്ടുകുളത്ത് വീട്ടില്‍ രമാദേവി (50) കൊല്ലപ്പെട്ട കേസിലാണ് റിട്ടയേഡ് പോസ്റ്റ് മാസ്റ്റര്‍ കൂടിയായ ഭര്‍ത്താവ് സി ആര്‍ ജനാര്‍ദ്ദനന്‍ നായര്‍ (75) ക്രൈംബ്രാഞ്ചിന്റെ പിടിയിലായത് . വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവില്‍ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

Also Read: കണ്ണൂരിലെ ബസ് അപകടം; മരിച്ച യാത്രക്കാരനെ തിരിച്ചറിഞ്ഞു

2006 മെയ് മാസം ഇരുപത്തിയാറാം തീയതി വൈകിട്ട് ഏഴുമണിയോടെയാണ് രമാദേവിയെ വീടിനുള്ളില്‍ കഴുത്തില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ് മാസ്റ്റര്‍ ആയിരുന്ന ജനാര്‍ദ്ദനന്‍ ആണ് വൈകിട്ട് 7 മണിയോടെ കൊലപാതക വിവരം പുറത്തറിയിച്ചത്. തുടര്‍ന്ന് സ്ഥലത്ത് എത്തിയ കോയിപ്രം പോലീസ് മേല്‍ നടപടിക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. അന്വേഷണത്തിന്റെ ഭാഗമായി ജനാര്‍ദ്ദനന്റെ വീടിനോട് ചേര്‍ന്ന് കെട്ടിട നിര്‍മ്മാണം നടത്തി വന്നിരുന്ന തൊഴിലാളികളെ പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ തൊഴിലാളിയും തമിഴ്‌നാട് സ്വദേശിയുമായ ചുടല മുത്തുവിനെ കൊല നടന്ന് അടുത്ത ദിവസം മുതല്‍ കാണാതായതിനാല്‍ അന്വേഷണം ഇയാള്‍ക്ക് നേരെ തിരിഞ്ഞു. ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന സ്ത്രീയെയും അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞില്ല. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കൊലപാതക കേസിലെ പ്രതിയെ പിടികൂടാത്തതിന് എതിരെ ആക്ഷന്‍ കൗണ്‍സില്‍ രംഗത്ത് എത്തിയിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷണം എന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് ജനാര്‍ദ്ദനന്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ജനാര്‍ദ്ദനന്‍ കോടതിയെ സമീപിക്കും മുമ്പ് തന്നെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം ക്രൈം ബ്രാഞ്ച് കേസിന്റെ അന്വേഷണം ഏറ്റെടുത്തിരുന്നു.

തുടര്‍ന്ന് നടന്ന തുടരന്വേഷണത്തിന്റെ ഭാഗമായി ചുടല മുത്തുവിന് ഒപ്പം താമസിച്ചിരുന്ന സ്ത്രീയെ ക്രൈംബ്രാഞ്ച് സംഘം തെങ്കാശിയില്‍ നിന്നും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. കൊലപാതകം നടന്ന ആറുമാസം കഴിഞ്ഞ് ജനാര്‍ദ്ദനന്റെ വീട്ടിലെ കിണറ്റില്‍ നടത്തിയ പരിശോധനയില്‍ രക്തക്കറ പുരണ്ട കത്തി പോലീസ് കണ്ടെടുത്തിരുന്നു. കൊല്ലപ്പെട്ട രമാദേവിയുടെ കൈകളില്‍ നിന്നും ലഭിച്ച 40 മുടിയിഴകള്‍ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയക്ക് ഒടുവിലാണ് ക്രൈംബ്രാഞ്ച് സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്ന് ജനാര്‍ദ്ദനന്‍ ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News