പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പെണ്‍കുട്ടി നേരിട്ടത് ക്രൂര പീഡനമെന്ന് വധുവിന്റെ പിതാവ് ഹരിദാസ് കൈരളി ന്യൂസിനോട് പറഞ്ഞു. ഭര്‍ത്താവ് രാഹുല്‍ തന്റെ മകളെ ക്രൂരമായി മര്‍ദിച്ചു. മുഷ്ടിചുരുട്ടി പല തവണ തലയ്ക്ക് ഇടിച്ചു. ചുണ്ടുകളില്‍ പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ കേബിള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു.
മദ്യലഹരിയിലാണ് രാഹുല്‍ അതിക്രമം ചെയ്തതെന്നും ഹരിദാസ് കൈരളി ന്യൂസിനോട് പറഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെ 2നായിരുന്നു ക്രൂരപീഡനം. അന്നുച്ചയ്ക്ക് തന്നെ പന്തീരാങ്കാവ് പൊലീസില്‍ പരാതി നല്‍കി. പരാതിയില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും ഹരിദാസ് പറഞ്ഞു.
വിവാഹം കഴിഞ്ഞ് ഏഴാം ദിവസം വരന്റെ വീട്ടില്‍ സല്‍ക്കാരച്ചടങ്ങിനെത്തിയ വധുവിന്റെ ബന്ധുക്കള്‍ കണ്ടത് ദേഹമാസകലം പരിക്കുകളുമായി നില്‍കുന്ന യുവതിയെ ആയിരുന്നു. എറണാകുളത്ത് നിന്ന് കോഴിക്കോട്ടെ വരന്റെ വീട്ടിലെത്തിയ ബന്ധുക്കളാണ് വധുവിന്റെ ദേഹത്തെ പരിക്കുകളുടെ പാടുകള്‍ കണ്ട് അമ്പരന്നത്.
വധുവിന്റെ വീട്ടുകാര്‍ യുവതിയുടെ മുഖത്തും കഴുത്തിലും മര്‍ദനമേറ്റതിന്റെ പാടുകള്‍ കണ്ട് തിരക്കിയപ്പോഴാണ് വരന്റെ ക്രൂരത പുറത്തറിയുന്നത്. തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ പന്തീരാങ്കാവ് പൊലീസില്‍ വിവരം അറിയിക്കുകയും വധുവിന്റെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
സംഭവത്തില്‍ പന്നിയൂര്‍ക്കുളം തെക്കേ വള്ളിക്കുന്ന് സ്വദേശി രാഹുലിനെതിരെ ഗാര്‍ഹിക പീഡനത്തിന് പൊലീസ് കേസെടുത്തു. മേയ് 5ന് എറണാകുളത്തു വച്ചായിരുന്നു ഇവരുടെ വിവാഹം. ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് വധുവും വീട്ടുകാരും പൊലീസിനെ അറിയിച്ചു.
യുവദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് താലിമാല മടക്കിനല്‍കി വേര്‍പിരിഞ്ഞു. യുവതിയുമായി ബന്ധുക്കള്‍ എറണാകുളത്തേക്ക് മടങ്ങി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here