കൊല്ലം ചെമ്മാംമുക്കിൽ കാറിലെത്തിയ സ്ത്രീയെ ഭർത്താവ് തീകൊളുത്തി കൊന്നു. ഇന്ന് വൈകിട്ടോടെയാണ് സംഭവം. കൊട്ടിയം തഴുത്തല സ്വദേശി അനിലയാണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് പത്മരാജനെ കൊല്ലം ഈസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. പൊള്ളലേറ്റ സോണി എന്ന യുവാവിനെ ചികിത്സയിൽ പ്രവേശിപ്പിച്ചു.
ഭാര്യയുമായുള്ള കുടുംബപ്രശ്നങ്ങളാണ് പത്മരാജനെ ഇത്തരമൊരു കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് സൂചന. അനില ഹാഫിസ് എന്നയാളുമായി ചേർന്ന് ബേക്കറി നടത്തിവരികയായിരുന്നു. ഒരു മാസം മുമ്പാണ് ബേക്കറി തുടങ്ങിയത്. ഇതിനായി അനിലയും ഹാഫിസും പത്മരാജനിൽനിന്ന് ഒന്നര ലക്ഷം രൂപ കടം വാങ്ങിയിരുന്നു. കഴിഞ്ഞ ദിവസം ഈ പണം തിരികെ ചോദിച്ചതിനെ തുടർന്ന് ഹാഫിസ് പത്മരാജനെ മർദിച്ചിരുന്നു. ഭാര്യയുടെ മുന്നിൽവെച്ചായിരുന്നു മർദനം.
ഇതോടെയാണ് ഭാര്യയെയും ഹാഫിസിനെയും കൊലപ്പെടുത്താൻ പത്മരാജൻ തീരുമാനിച്ചത്. ഭാര്യയും ഹാഫിസും ബേക്കറി പൂട്ടി വരുന്നത് കാത്ത് പത്മരാജൻ കടപ്പാക്കടയിൽ കാത്തുനിന്നു. അനില ഓടിച്ച കാർ എത്തിയതോടെ പത്മരാജൻ ഒമ്നിവാനിൽ പിന്തുടർന്നു. ക്രിസ്തുരാജ് സ്കൂളിന് സമീപത്തെത്തിയപ്പോൾ സിനിമാ സ്റ്റൈലിൽ അനിലയുടെ കാറിനെ വട്ടംവെച്ചാണ് പത്മരാജൻ ആക്രമണം നടത്തിയത്. കാറിന്‍റെ ചില്ല് തകർത്ത്, പെട്രോൾ അകത്തേക്ക് ഒഴിക്കുകയും തീയിടുകയുമായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here