ഇന്ത്യൻ ഉപഭോക്താക്കൾക്ക് പുതിയ സർപ്രൈസ് ഒരുക്കി ഹ്യുണ്ടായ്. ഇലക്ട്രിക് വാഹനങ്ങളുടെ നീണ്ടനിരയാണ് ഹ്യുണ്ടായ് വിപണിയിലിറക്കാനൊരുങ്ങുന്നത്. ജനപ്രിയ എസ്‌യുവി ക്രെറ്റയുടെ ഇലക്ട്രിക് വകഭേദം 2025-ഓടെ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്. ടാറ്റായുടെ മുന്‍നിര ഇലക്ട്രിക് വാഹനങ്ങളായ ടിയാഗോയ്ക്കും നെക്‌സോണിനും കടുത്ത എതിരാളികളാകാനാണ് നീക്കം. വില്പനയിൽ മുന്നിലുള്ള വാഹനങ്ങളായ വെന്യൂവിന്റെയും, ഗ്രാന്റ് ഐ ടെണ്ണിന്റെയും ഇലക്ട്രിക് വകഭേദങ്ങള്‍ ഉടന്‍ വിപണിയിലെത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ക്രെറ്റ ഇവി പരീക്ഷണ ഓട്ടം നടത്തുന്നതിനിടയിലുള്ള ചിത്രങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
ഒറ്റക്കാഴ്ചയിൽ ക്രെറ്റയുടെ അടിസ്ഥാന സ്വഭാവം തന്നെയാണ് ഉള്ളതെങ്കിലും ഇലക്ട്രിക് വാഹനത്തെ വേര്‍തിരിച്ചറിയാന്‍ കഴിയുന്ന തരത്തിലുള്ള പ്രത്യേകതകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഒറ്റ ചാര്‍ജില്‍ 250 മുതല്‍ 300 വരെ റേഞ്ച് ലഭിക്കുന്ന ഇ – എസ്‍യുവിയാകും ക്രെറ്റയെന്നാണ് പുറത്തുവന്നിട്ടുള്ള റിപ്പോർട്ടുകൾ. 135 ബിഎച്ച്പി കരുത്തും 255 എന്‍എം ടോര്‍ക്കും നല്‍കുന്നതാണ് മോട്ടോര്‍. ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്ന വിവരങ്ങള്‍ മാത്രമാണ് നിലവിൽ പുറത്തുവന്നിട്ടുള്ളത്. ഹ്യുണ്ടായുടെ ഭാഗത്തുനിന്നും ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
നേരത്തെ തന്നെ ഹ്യുണ്ടായി ഇന്ത്യയില്‍ 32,000 കോടിയുടെ നിക്ഷേപം നടത്താനൊരുങ്ങുന്നത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 2023 മുതല്‍ 2032 വരെയുള്ള കാലയളവിലാണ് ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ഒരുങ്ങുന്നത്. വാഹന നിര്‍മാണശാലകളുടെ ശേഷി വര്‍ധിപ്പിക്കുക, ആര്‍ & ഡി സംവിധാനങ്ങള്‍ വിപുലപ്പെടുത്തുക, ഇലക്ട്രിക് വാഹനങ്ങളുടെ സാന്നിധ്യം ശക്തമാക്കുക എന്നിവയാണ് ഇത്തരം വമ്പന്‍ നിക്ഷേപങ്ങളിലൂടെ വാഹന നിര്‍മാതാക്കള്‍ ലക്ഷ്യമിടുന്നത്. പുണെയില്‍ പുതിയ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനാണ് 6000 കോടിരൂപ നീക്കിവെക്കുന്നത്.
Also Read; ദേവ്ഗണ്‍, വിജയ്.. ഇപ്പോൾ ബിഗ് ബിയും; ജന്മദിനാഘോഷത്തിന് പിന്നാലെ ബിഎംഡബ്ല്യു ഐ7 സ്വന്തമാക്കി ബച്ചന്‍
2028 ഓടെ വാഹന നിര്‍മാണശാലകളുടെ ശേഷി 8,24,000 യൂണിറ്റുകളില്‍നിന്ന് 11 ലക്ഷം യൂണിറ്റായി ഉയര്‍ത്തുന്നതിനാണ് പുതിയ പ്ലാന്റ് സ്ഥാപിക്കുന്നത്. വാഹന നിര്‍മാണം 2028-ഓടെ 30 ശതമാനം വര്‍ധിപ്പിക്കുകയാണ് ഹ്യുണ്ടായിയുടെ ലക്ഷ്യം. ഇതോടെ കമ്പനിയുടെ ആഭ്യന്തര വില്‍പ്പനയും കയറ്റിമതിയുമടക്കം വര്‍ധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇലക്ട്രിക് വാഹന വിപണിയിലെ സാന്നിധ്യം ശക്തമാക്കുകയും വാഹനങ്ങള്‍ കൂടുതല്‍ പ്രീമിയം ആക്കുകയും ചെയ്യുകയെന്ന രണ്ട് ലക്ഷ്യങ്ങള്‍കൂടി ഹ്യുണ്ടായിക്കുണ്ട്. ഇതിനുവേണ്ടി ആര്‍ ആന്‍ഡി കേന്ദ്രങ്ങളില്‍ ആധുനിക സാങ്കേതികവിദ്യ സംബന്ധിച്ച ഗവേഷണങ്ങള്‍ തകൃതിയായി നടത്തും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here