മുംബൈ ഇന്ത്യന്‍സിനെ തറപറ്റിച്ച തന്റെ മിന്നും പ്രകടനം പിതാവിന് സമര്‍പ്പിച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരം മൊഹ്‌സിന്‍ ഖാന്‍. പത്ത് ദിവസമായി പിതാവ് ഐസിയുവിലാണെന്നും കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ ഏറെ പ്രയാസകരമായിരുന്നുവെന്നും മൊഹ്‌സിന്‍ ഖാന്‍ പറഞ്ഞു. മാനസികമായി താന്‍ ആകെ തളര്‍ന്നു. പിതാവിന് വേണ്ടിയാണ് ഇന്നലെ കളിച്ചത്. ഈ പ്രകടനം അദ്ദേഹത്തിന് സമര്‍പ്പിക്കുന്നുവെന്നും പിതാവ് കളി കണ്ടിട്ടുണ്ടാകാമെന്നും മൊഹ്‌സിന്‍ ഖാന്‍ പറഞ്ഞു. തന്നില്‍ വിശ്വസിച്ച ടീമിനോടും സ്റ്റാഫിനോടും ഗൗതം ഗംഭീറിനോടും മൊഹ്സിന്‍ നന്ദി പറഞ്ഞു.
മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ മൊഹ്‌സിന്‍ ഖാന്റെ പ്രകടനമാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് നിര്‍ണായകമായത്. കാമറൂണ്‍ ഗ്രീനിനെയും ടിം ഡേവിഡിനെയും പോലെ ലോക ക്രിക്കറ്റിലെ രണ്ട് ബിഗ് ഹിറ്റര്‍മാര്‍ ക്രീസിലുണ്ടായിട്ടും മൊഹ്സിന്‍ എറിഞ്ഞ അവസാന ഓവറില്‍ 11 റണ്‍സടിച്ചെടുക്കാന്‍ മുംബൈക്ക് കഴിഞ്ഞില്ല. ലഖ്നൗവിലെ സ്ലോ പിച്ചില്‍ അവസാന രണ്ടോവറില്‍ മുംബൈക്ക് 30 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. നവീന്‍ ഉള്‍ ഹഖ് എറിഞ്ഞ പത്തമ്പൊതാം ഓവറില്‍ 19 റണ്‍സടിച്ച് കളിയിലേക്ക് തിരിച്ചുവന്ന മുംബൈയെ മൊഹ്സിന്‍ വരിഞ്ഞു കെട്ടുകയായിരുന്നു.
കഴിഞ്ഞ ഒരു വര്‍ഷം പരുക്ക് കാരണം കളത്തിന് പുറത്തായിരുന്നു മൊഹ്സിന്‍. 2022 ലെ തന്റെ അരങ്ങേറ്റ സീസണില്‍ 14 വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ തന്നെ മൊഹ്‌സിന്‍ ദേശീയ ടീമിലെത്തുമെന്ന് പലരും പറഞ്ഞിരുന്നു. എന്നാല്‍, പരുക്കുമൂലം ആഭ്യന്തര ക്രിക്കറ്റില്‍ മൊഹ്‌സിന് മികച്ച പ്രകടനം കാഴ്ചവെയ്ക്കാനായില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here