വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ്റെ മരണത്തിൽ ആരോപണ വിധേയനായ ഐ സി ബാലകൃഷ്ണൻ എംഎൽഎക്കെതിരെ വീണ്ടും വെളിപ്പെടുത്തൽ.തന്റെ മകന്റെ ജോലിക്കായി എൻഎം വിജയൻ മുഖേന ഡിസിസി പ്രസിഡന്റായിരുന്ന ഐസി ബാലകൃഷ്ണന് 17 ലക്ഷം നൽകിയെന്ന് കോൺഗ്രസ് പ്രവർത്തകൻ ഐസക്ക് താമരച്ചാലിൽ കൈരളി ന്യൂസിനോട് വെളിപ്പെടുത്തി.
എട്ട് ലക്ഷത്തി അറുപതിനായിരം തിരികെ നൽകി എന്നും
എട്ട് ലക്ഷം ലഭിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.ബാങ്കിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു പണം വാങ്ങിയത് എന്നാണ് ഐസക്ക് താമരച്ചാലിൽ ആരോപിക്കുന്നത്.
ടി സിദ്ധിഖിനെതിരെയുെം അദ്ദേഹം ആരോപണം ഉന്നയിച്ചിട്ടുണ്ട്.17 ലക്ഷം രൂപ ഡിസിസി വാങ്ങിയ സംഭവത്തിൽ പണം തിരികെ നൽകാൻ ഇടപെടണമെന്നാവശ്യപ്പെട്ട് താൻ കത്ത് നൽകിയെന്നും എന്നാൽ ടി സിദ്ധിഖ് ഇത് അവഗണിച്ചുവെന്നുമാണ് ഐസക് താമരച്ചാലിൽ പറയുന്നത്.
അതേസമയം ഐസി ബാലകൃഷ്ണന്റെ രാജി ആവശ്യപ്പെട്ട് സിപിഐഎം പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ബത്തേരി എം എൽ എ ഓഫീസിലേക്ക് നടത്തിയ മാർച്ച് സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു.ഐ സി ബാലകൃഷ്ണനെതിരെ ആത്മഹത്യ പ്രേരണാ കുറ്റത്തിന് കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.അതേസമയം അർബൻ ബാങ്കിലെ നിയമന അഴിമതിയിൽ കൂടുതൽ തെളിവുകൾ പുറത്തുവന്നു.
കെപിസിസി അധ്യക്ഷനും നേതൃത്വവും സംഭവത്തിൽ ഉത്തരവാദികളാണ്.മുഴുവൻ വിവരങ്ങളും പുറത്ത് വരണം.തെളിവുകളിൽ പ്രതിസ്ഥാനത്ത് ഐ സി ബാലകൃഷ്ണുണ്ട്.എം എൽ എ രാജിവെക്കണമെന്നും സി പി ഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ് പറഞ്ഞു.
ALSO READ; വയനാട് ഡിസിസി ട്രഷററുടെ ആതമഹത്യയ്ക്ക് ഉത്തരവാദികൾ കോൺഗ്രസ് നേതൃത്വം; വി കെ സനോജ്
ബത്തേരി ടൗണിൽ നിന്ന് ചുങ്കം എം എൽ എ ഓഫീസിലേക്കായിരുന്നു പ്രതിഷേധ മാർച്ച്.ഓഫീസിനുമുന്നിൽ പോലീസ് മാർച്ച് തടഞ്ഞു.
പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി.അതേസമയം സഹകരണ ബാങ്ക് പണമിടപാടിൽ കൂടുതൽ രേഖകൾ പുറത്തുവന്നു.ബത്തേരി ബ്ലോക്ക് വൈസ് പ്രസിഡന്റായിരുന്ന സക്കറിയ മണ്ണിൽ കെ പി സി സി പ്രസിഡന്റിന് നൽകിയ കത്തിൽ മറ്റൊരു ഉദ്യോഗാർത്ഥിയിൽ നിന്ന് പണം വാങ്ങിയതായി പറയുന്നു.ഈ പണം തിരിച്ചുനൽകാൻ ഇടപെടണം എന്നാവശ്യപ്പെട്ടാണ് കത്ത്.സംഭവത്തിൽ പോലീസ് അന്വേഷണവും തുടരുകയാണ്.എൻ എം വിജയന്റെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘമെത്തി ഫോണുകൾ ഉൾപ്പെടെ പരിശോധിച്ചു.പ്രാഥമിക മൊഴിയെടുക്കലും പൂർത്തിയാക്കി.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here