“ഏലമലക്കാടുകളുമായി ബന്ധപ്പെട്ട വിഷയം; കോൺഗ്രസ് വരുത്തിയ വിനാശം മറക്കാൻ ഡീൻ കുര്യാക്കോസ് തെറ്റിദ്ധാരണ പരത്തുന്നു”: സിവി വർഗീസ്

CV Varghese

സിഎച്ച്ആർ വിഷയത്തിൽ കോൺഗ്രസ് വരുത്തിയ വിനാശം മറക്കാൻ ഇടുക്കി എംപി ഡീൻ കുര്യാക്കോസ് തെറ്റിദ്ധാരണ പരത്തുന്നു എന്ന് സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസ്. സിഎച്ച്ആർ വിഷയത്തിൽ ഇടുക്കി ജില്ലയിൽ 11 കേന്ദ്രങ്ങളിൽ ഇന്ന് സിപിഐഎം നേതൃത്വത്തിൽ സായാഹ്ന ധർണ്ണകൾ സംഘടിപ്പിക്കും.

കോൺഗ്രസ് സർക്കാരുകൾ കർഷകരോട് ചെയ്ത ദ്രോഹം മറക്കാനാനും, തങ്ങൾ ജനപക്ഷമാണെന്ന് കാണിക്കാനും കോൺഗ്രസും യുഡിഎഫും ഇപ്പോൾ നടത്തുന്നത് ആത്മാർത്ഥതയില്ലാത്ത പ്രഹസനങ്ങളാണെന്ന് സിവി വർഗീസ് പറഞ്ഞു. സിഎച്ച്ആർ വനമാണെന്ന് യുഡിഎഫ് സർക്കാരിന്റെ നിലപാട് തിരുത്തി വനമല്ല റവന്യൂ ഭൂമിയാണെന്ന് സുപ്രീം കോടതിയിൽ പലതവണ സത്യവാങ്മൂലം നൽകിയത് എൽഡിഎഫ് സർക്കാരുകളാണ്.

2002 -ൽ വൺ എർത്ത് വൺ ലൈഫ് എന്ന സംഘടനയാണ് വ്യാജ രേഖ ചമച്ച് ഇടുക്കി ജില്ലയിലെ 215720 ഏക്കർ ഏലമല കാടുകൾ വനഭൂമിയാണ് എന്നു പറഞ്ഞ് സുപ്രീംകോടതിയെ സമീപിച്ചത്. ഇടുക്കി ജില്ലയിലെ പ്രധാന ടൗണുകൾ അടക്കം ജനവാസ കേന്ദ്രങ്ങളും ഇവരുടെ വാദപ്രകാരം ഇതിൻറെ പരിധിയിൽ വരും. എന്നാൽ അന്നത്തെ എകെ ആൻറണി, ഉമ്മൻചാണ്ടി സർക്കാരുകളോട് പലതവണ ഈ വിഷയത്തിൽ സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെട്ടിട്ടും നൽകാൻ തയ്യാറായില്ല.

സിഎച്ച്ആർ വനഭൂമിയാണെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ നിലപാട്. 2007ൽ അധികാരത്തിൽ വന്ന വിഎസ് അച്യുതാനന്ദൻ ഗവൺമെൻ്റാണ് റവന്യൂഭൂമിയാണെന്ന് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയത്. 2018, 2023, 2024 വർഷങ്ങളിൽ പിണറായി സർക്കാരും റവന്യൂഭൂമിയാണെന്ന് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. അമിക്കസ്ക്യൂറി ഇത് വനഭൂമിയാണെന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതോടെ അവസാനം ചീഫ് സെക്രട്ടറി ശാരദാ മുരളീധരനാണ് സിഎച്ച്ആർ റവന്യൂ ഭൂമിയാണെന്ന സർക്കാർ നിലപാട് വീണ്ടും സുപ്രീംകോടതിയെ അറിയിച്ചത്.

കോൺഗ്രസ് അനുകൂല സംഘടനയായ വണ്ടൻമേട് കാർഡമം ഗ്രോവേഴ്സ് അസോസിയേഷൻ സിഇസിയെ സമീപിച്ചതാണ് വിഷയത്തെ കൂടുതൽ സങ്കീർണ്ണമാക്കിയത്. വസ്തുതകൾ ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കുമെന്നും, കർഷകർക്കു വേണ്ടി ആവശ്യമായ നിയമ പോരാട്ടം തുടരുമെന്നും സിപിഐഎം വ്യക്തമാക്കി. 11 കേന്ദ്രങ്ങളിൽ സിപിഐഎം നേതൃത്വത്തിൽ സായാഹ്ന ധർണ സംഘടിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News