പാസ്സ്‌പോർട്ട്, സർട്ടിഫിക്കറ്റ്, സിം കാർഡ് പോലുള്ളവ നഷ്ടമായാൽ ഉടൻ എന്ത് ചെയ്യണമെന്ന വിവരങ്ങൾ പങ്കുവെച്ച് കേരളാപൊലീസ്. ഈ സാഹചര്യങ്ങളിൽ നമ്മുടെ മൊബൈൽ ഫോണുകളിൽ പോൽ ആപ്പ് ഉണ്ടെങ്കിൽ ‘ലോസ്റ്റ് പ്രോപ്പർട്ടി’ എന്ന ഓപ്ഷനിലൂടെ വിവരം പൊലീസിനെ അറിയിക്കാം.പാസ്സ്‌പോർട്ട്, സിം കാർഡ്, ഡോക്യുമെന്റുകൾ, സർട്ടിഫിക്കറ്റുകൾ, മൊബൈൽ ഫോൺ മുതലായവ നഷ്ടമായാൽ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യാമെന്നും കേരള പൊലീസ് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കുന്നു.ഇതിന്റെ വീഡിയോ ആണ് ഇത്തിരിനേരം ഒത്തിരികാര്യത്തിലൂടെ പങ്കുവെച്ചത്.
ALSO READ:സംസ്‌ഥാനത്ത് ഇന്ന് മഴ തുടരും; 2 ജില്ലകളിൽ യെല്ലോ അലർട്ട്
കേരള പൊലീസിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം
പാസ്സ്‌പോർട്ട്, സർട്ടിഫിക്കറ്റ്, സിം കാർഡ് പോലുള്ളവ നഷ്ടമായാൽ എന്താണ് ചെയ്യേണ്ടത്?
യാത്രയ്ക്കിടയിലും മറ്റും നമ്മുടെ കയ്യിലുള്ള വിലപിടിച്ച സാധനങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അവ നഷ്ടപ്പെട്ടു എന്ന് ബോധ്യമായാൽ ഉടൻതന്നെ പോലീസ് സ്റ്റേഷനിൽ എത്തി നേരിട്ട് പരാതി നൽകാൻ പല കാരണങ്ങളാലും നമുക്ക് സാധിക്കണമെന്നുമില്ല. ഇത്തരം സാഹചര്യങ്ങളിൽ എന്തു ചെയ്യാനാവും?
നിങ്ങളുടെ മൊബൈൽ ഫോണിൽ കേരള പോലീസിന്റെ ഔദ്യോഗിക ആപ്പ് ആയ പോൽ – ആപ്പ് ഉണ്ടോ ? എങ്കിൽ വഴിയുണ്ട്.
ഫോണിൽ പോൽ – ആപ്പ് ഇല്ലെങ്കിൽ ആൻഡ്രോയിഡ്, ഐ ഒ എസ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായ പോൽ ആപ്പ് നിങ്ങളുടെ ഫോണിൽ ഡൌൺലോഡ് ചെയ്യുക. തുടർന്നുള്ള രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി Services എന്ന വിഭാഗത്തിലെ ” Lost Property ” എന്ന ഓപ്‌ഷൻ തെരഞ്ഞെടുക്കുക. അതിൽ നിങ്ങൾക്ക് നഷ്‌ടമായ വസ്തുവകകളുടെ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാവുന്നതാണ്. പാസ്സ്‌പോർട്ട്, സിം കാർഡ്, ഡോക്യുമെന്റുകൾ, സർട്ടിഫിക്കറ്റുകൾ, മൊബൈൽ ഫോൺ മുതലായവ നഷ്ടമായാൽ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യാം.
റിപ്പോർട്ട് ചെയ്യുമ്പോൾ നിങ്ങളുടെ ജില്ല, പോലീസ് സ്റ്റേഷൻ എന്നിവ ശരിയായിത്തന്നെ തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കണം. ഈ പ്രക്രിയ പൂർത്തിയാക്കി സബ്മിറ്റ് ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ നഷ്‌ടമായ വസ്തു വീണ്ടെടുക്കുന്നതിനുള്ള അന്വേഷണം പോലീസ് ആരംഭിക്കും.
സിം കാർഡ്, സർട്ടിഫിക്കറ്റുകൾ, പാസ്സ്‌പോർട്ട് മുതലായവ നഷ്ടമായാൽ ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനു പോലീസ് സർട്ടിഫിക്കറ്റ് / രസീത് ആവശ്യമാണ്. അതിനും വഴിയുണ്ട്. ഇവ നഷ്ടപ്പെട്ട വിവരം മേൽപ്പറഞ്ഞ രീതിയിൽ റിപ്പോർട്ട് ചെയ്യുമ്പോൾ ലഭിക്കുന്ന രസീതോ പോലീസ് അന്വേഷണം പൂർത്തിയാക്കുമ്പോൾ നൽകുന്ന സർട്ടിഫിക്കറ്റോ ഇതിനായി ഉപയോഗിക്കാം.
പോൽ – ആപ്പ് ഡൌൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് https://play.google.com/store/apps/details…
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here