ലൈംഗികാതിക്രമ കേസിലെ പ്രതി ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ പോക്സോ അടക്കമുള്ള കേസുകളിൽ നിന്ന് രക്ഷപ്പെടുത്താൻ നീക്കം നടക്കുന്നു എന്ന ആരോപണം ഉയരുന്നതിനിടെ ഗുസ്തി താരങ്ങൾക്ക് പിന്തുണപ്രഖ്യാപിച്ച് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും അന്താരാഷ്ട്ര ഗുസ്തി സംഘടനയായ യുണൈറ്റഡ് വേൾഡ് റസ്ലിഗും.
താരങ്ങൾ നടത്തിയ പാർലമെൻ്റ് മാർച്ചിലെ പൊലീസ് അതിക്രമത്തിനും മെഡലുകൾ ഗംഗയിൽ എറിയാനുള്ള താരങ്ങളുടെ തീരുമാനത്തിനും പിന്നാലെയാണ് പ്രതിഷേധം അന്താരാഷ്ട്രതല ശ്രദ്ധനേടുന്നത്.
ഇന്ത്യയിൽ കായിക താരങ്ങൾക്കുനേരെയുണ്ടായ പൊലീസ് അതിക്രമവും കേസ് കൈകാര്യംചെയ്ത രീതിയും ആശങ്കയുണ്ടാക്കുന്നതാണെന്ന് ഐഒസിയും യുണൈറ്റഡ് വേൾഡ് റസ്ലിംഗ് വ്യക്തമാക്കി. കായികതാരങ്ങളെ സംരക്ഷിക്കണമെന്ന് ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പി.ടി. ഉഷയോട് ഐ.ഒ.സി വക്താവ് ആവശ്യപ്പെട്ടു. ലൈംഗികാരോപണങ്ങളിൽ നിഷ്പക്ഷ അന്വേഷണം നടത്തണം. കായികതാരങ്ങളുടെ സുരക്ഷ പരിഗണിക്കപ്പെടണമെന്നും ഐഒസി അഭ്യർത്ഥിച്ചു.
ഇന്ത്യയിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. താരങ്ങളൾ മെഡലുകൾ ഉപേക്ഷിക്കാൻ തീരുമാ നിച്ചതടക്കമുള്ള കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവ വികാസങ്ങൾ ആശങ്കയുണ്ടാക്കുന്നതാണ്. 45 ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പു നടത്തിയില്ലെങ്കിൽ ഇന്ത്യൻ ഗുസ്തി അസോസിയേഷനെ സസ്പെൻഡ് ചെയ്യുമെന്നും അവർ പറഞ്ഞു.
Also Read: യുഎഇയില്‍ മുസ്ലിം ഇതര വിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ക്കായുള്ള നിയമത്തിന് ഫെഡറൽ നാഷണൽ കൗൺസിൽ അംഗീകാരം
ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ അറിയിച്ച് വ്യാഴാഴ്ച സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ കർഷക സംഘടനകളും സംയുക്ത ട്രേഡ് യൂണിയനുകളും രാജ്യവ്യാപകമായി സമരം നടത്തുമെന്ന് അറിയിച്ചു. കർഷക നേതാക്കളുടെ നേതൃത്വത്തിൽ തുടർനടപടികൾ ചർച്ചചെയ്യാൻ ഉത്തർപ്രദേശിയിൽ മുസഫർനഗറിൽ വ്യാഴാഴ്ച ഭാരതീയ കിസാൻ യൂനിയൻ മഹാപഞ്ചായത്ത് വിളിച്ചിട്ടുണ്ട്.
മെഡൽ ഉപേക്ഷിക്കാൻ തീരുമാനിച്ച ഗുസ്തി താരങ്ങളോട് അഞ്ചു ദിവസത്തെ സമയം ആവശ്യപ്പെട്ട കർഷകനേതാക്കൾ സമരത്തിന്റെ ഭാവി പരിപാടികൾ മഹാപഞ്ചായത്തിൽ വിശദമായി ചർച്ച ചെയ്യാമെന്ന് അറിയിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് ഇന്ത്യയുടെ അഭിമാനതാരങ്ങൾ മെഡൽ ഗംഗയിൽ എറിയാനുള്ള തീരുമാനം തൽക്കാലം ഉപേക്ഷിച്ച് ഹരിദ്വാറിൽനിന്ന് മടങ്ങിയത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here