ഗസറ്റില്‍ പേരുമാറ്റിയാല്‍ വിവാഹ രജിസ്റ്ററിലെയും സര്‍ട്ടിഫിക്കറ്റിലെയും പേര് തിരുത്താം: എം ബി രാജേഷ്

ഗസറ്റില്‍ പേരുമാറ്റിയാല്‍ ഇനി മുതല്‍ വിവാഹ രജിസ്റ്ററിലെയും സര്‍ട്ടിഫിക്കറ്റിലെയും പേരുതിരുത്താമെന്ന് മന്ത്രി എം ബി രാജേഷ്. കോട്ടയം ജില്ലാ തദ്ദേശ അദാലത്തില്‍ കറുകച്ചാല്‍ പനയ്ക്കവയലില്‍ പി.ഡി. സൂരജ് നല്‍കിയ അപേക്ഷയിലാണ് നിരവധി പേര്‍ക്ക് ആശ്വാസമേകുന്ന തീരുമാനമെടുത്തത്. ഇതിനായി പൊതു ഉത്തരവിറക്കുമെന്ന് മന്ത്രി പറഞ്ഞു. മാസങ്ങളായി വിസയുടെ ആവശ്യത്തിനായി വിവാഹ രജിസ്റ്ററിലെ പേര് തിരുത്തലിന് ശ്രമിക്കുകയായിരുന്നു സൂരജ്. വിവാഹ സമയത്തെ പേരാണ് ഏലിക്കുളം പഞ്ചായത്തിലെ വിവാഹ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്നത്.

തിരുത്തിയ പേര് ഗസറ്റില്‍ പ്രസിദ്ധീകരിച്ചെങ്കിലും വിവാഹ രജിസ്റ്ററില്‍ മാറ്റാനായില്ല. നിലവിലെ നിയമപ്രകാരം ഇത് സാധ്യമായിരുന്നില്ല. വിസയുടെ ആവശ്യത്തിനായാണ് സൂരജ് പേരുമാറ്റം ഗസറ്റില്‍ പ്രസിദ്ധീകരിച്ചത്. പരാതിയുമായി തദ്ദേശ അദാലത്തിനെത്തിയ സൂരജിന്റെ പ്രശ്നത്തില്‍ മന്ത്രി എം ബി രാജേഷ് ഇടപെട്ടു. ഗസറ്റ് വിജ്ഞാപനത്തിന്റെയും എസ്എസ്എല്‍സി ബുക്കിലെ തിരുത്തലിന്റെയും അടിസ്ഥാനത്തില്‍ വിവാഹ രജിസ്റ്ററില്‍ തിരുത്തല്‍ വരുത്തി നല്‍കാന്‍ മന്ത്രി ഉത്തരവിട്ടു.

ALSO READ:‘തന്നെ ലൈംഗികമായി പീഡിപ്പിച്ചു’; സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി രേവതി സമ്പത്ത്

ഗസറ്റിലെ മാറ്റം അനുസരിച്ച് എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റിലും അതിന്റെ അടിസ്ഥാനത്തില്‍ ജനന സര്‍ട്ടിഫിക്കറ്റിലും മാറ്റം വരുത്താന്‍ നിലവില്‍ സൗകര്യമുണ്ട്. വിവാഹ സര്‍ട്ടിഫിക്കറ്റിനൊപ്പം ഗസറ്റ് വിജ്ഞാപനം കൂടി ചേര്‍ത്തുവയ്ക്കുക മാത്രമാണ് നിലവില്‍ ചെയ്യുന്നത്. തിരുത്താന്‍ വ്യവസ്ഥയുണ്ടായിരുന്നില്ല. വിസ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇതുമൂലം നിരവധി പ്രശ്നങ്ങളുണ്ടാവുന്നു. ഇതു പരിഗണിച്ചാണ് പൊതുഉത്തരവ് പുറത്തിറക്കാന്‍ തീരുമാനിച്ചത്. ഗസറ്റ് വിജ്ഞാപനത്തിന്റെയും എസ്എസ്എല്‍സി ബുക്കിലെ തിരുത്തലിന്റെയും അടിസ്ഥാനത്തില്‍ വിവാഹ രജിസ്റ്ററിലും സര്‍ട്ടിഫിക്കറ്റിലും തിരുത്തല്‍ വരുത്താനാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്. ഇത് സംസ്ഥാന വ്യാപകമായി എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും ബാധകമാക്കും. ഇതു സംബന്ധിച്ച സര്‍ക്കാര്‍ നടപടി അതിവേഗം പൂര്‍ത്തിയാക്കി പൊതു ഉത്തരവ് ഇറക്കാനും മന്ത്രി നിര്‍ദേശിച്ചു.

ALSO READ:സിഎംഡിആര്‍എഫ്: സമ്മതപത്രം നല്‍കാത്തവരില്‍ നിന്ന് ശമ്പളം പിടിക്കില്ല

വിവാഹ രജിസ്റ്ററിലെ തെറ്റ് തിരുത്താനുള്ള സൂരജിന്റെ ശ്രമം ആയിരക്കണക്കിന് പേര്‍ക്ക് ഗുണകരമാവുന്ന രീതിയിലുള്ള പൊതു ഉത്തരവിനാണ് വഴിവച്ചത്. മാസങ്ങളായി അനുഭവിക്കുന്ന പ്രശ്നത്തിന് പരിഹാരമായ സന്തോഷത്തോടെയാണ് സൂരജ് തദ്ദേശഅദാലത്തില്‍ നിന്ന് മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News