സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ മുമ്പാകെയുള്ള വഖഫ് ഭേദഗതി നിയമം പാസാവുകയാണെങ്കിൽ കേന്ദ്രസർക്കാരിന്റെ ഒത്താശയോടെ ചരിത്രത്തിലെ ഏറ്റവും വലിയ പകൽകൊള്ളയായിരിക്കും രാജ്യത്ത് സംഭവിക്കാൻ പോകുന്നതെന്ന് ഐഎൻഎൽ ദേശീയ സമിതി യോഗം മുന്നറിയിപ്പ് നൽകി. വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിനായുള്ള വ്യവസ്ഥകൾ എടുത്തുകളയുകയും വ്യക്തികൾക്കും കോർപ്പറേറ്റുകൾക്കും വഖഫ് സ്വത്തിൽ അതിക്രമിച്ചുകടക്കാൻ അവസരമൊരുക്കിക്കൊടുക്കുകയും ചെയ്യുന്ന ഭേദഗതികളാണ് കൊണ്ടുവന്നിരിക്കുന്നത്.
ഇതിനകം അന്യാധീനപ്പെട്ട കോടികൾ വിലമതിക്കുന്ന ആയിരക്കണക്കിന് സ്വത്തുക്കൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പോലും അതോടെ അസാധ്യമാവും. അതുകൊണ്ട് രാജ്യത്തെ മുഴുവൻ മതേതര ശക്തികളും ഒന്നിച്ചുനിന്ന് വഖഫ് ഭേദഗതി ബില്ല് പരാജയപ്പെടുത്തണമെന്ന് ഐഎൻഎൽ ദേശീയ സമിതി ആവശ്യപ്പെട്ടു.സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ ഇതഃപര്യന്ത പ്രവർത്തനങ്ങൾ ഉത്ക്കണാകുലമാണ്. ജെപിസി അംഗങ്ങൾ അല്ലാത്ത, ഹിന്ദുത്വ അനുകൂലികളെ വിദഗ്‍ധർ എന്ന ലേബലിൽ യോഗത്തിൽ പങ്കെടുപ്പിക്കുന്നത് കടുത്ത വിമർശനത്തിന് വഴിവെക്കുന്നുണ്ട്. സർക്കാർ എല്ലാം തീരുമാനിച്ചുറപ്പിച്ചത് പോലെയാണ് പെരുമാറുന്നതെന്ന പ്രതിപക്ഷത്തിന്റെ മുന്നറിയിപ്പ് രാജ്യം ജാഗരൂകരായിരിക്കണമെന്നാണ് ഓർമപ്പെടുത്തുന്നത്. ഈ മാസം 25ന് തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിൽ ബിൽ വീണ്ടും കൊണ്ടുവന്ന് പാസാക്കാനാണ് നീക്കമെങ്കിൽ രാജ്യം ഒന്നിച്ചുനിന്ന് ആ ശ്രമത്തെ പരാജയപ്പെടത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം, മതേതര ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബാബരിധ്വംസനത്തിന് ശേഷമുള്ള മറ്റൊരു മഹാദുരന്തമായിരിക്കും അതെന്ന് യോഗം അഭിപ്രായപ്പെട്ടു.
ALSO READ; ‘ബിജെപിയിൽ ഇനി പ്രതീക്ഷയില്ല’; പാർട്ടി നടപടി ഭയക്കുന്നില്ലെന്ന് സന്ദീപ് വാരിയർ
പാർട്ടി അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജാതിസെൻസസ്്, മദ്റസ വിദ്യാഭ്യാസ നിയമം, വംശഹത്യ തുടരുന്ന ഫലസ്തീനിലെ അവസ്ഥയും സയണിസ്റ്റ്, സാമ്രാജ്യത്വ ശക്തികളുടെ ഗൂഢവും നിഷ് ഠൂരമായ പദ്ധതികളും ആഴത്തിൽ ചർച്ച ചെയ്തു.അടുത്തവർഷം നടക്കാനിരിക്കുന്ന സെൻസസിൽ ജാതി, ഉപജാതി വിശദാംശങ്ങൾ ഉൾക്കൊള്ളിച്ച് രാജ്യത്തിന്റെ സാമൂഹികാവസ്ഥയെ കുറിച്ചുള്ള യഥാർഥ ചിത്രം പുറത്തുകൊണ്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ ഇന്ത്യാസഖ്യം മോദി ഭരണത്തിൽ പങ്കാളികളായ ജനതാദൾ (യു), ടിഡിപി, ലോക് ജനശക്തി പാർട്ടി, അപ്നാദൾ എന്നിവരുടെ പിന്തുണ ഉറപ്പാക്കണം. 1931ന് ശേഷം ഇവിടെ ജാതിസെൻസസ് നടന്നിട്ടില്ല. എന്നിട്ടും ഈ വിഷയത്തിൽ മോദിസർക്കാർ ഒളിച്ചുകളിയാണ് നടത്തുന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മദ്റസ വിദ്യാഭ്യാസത്തിനെതിരെ നടത്തുന്ന കുൽസിത നീക്കം പരാജയപ്പെടുത്തിയില്ലെങ്കിൽ ന്യുൂനപക്ഷങ്ങളുടെ സ്വത്വവും അന്തസ്സാർന്ന അസ്തിത്വവും അപകടത്തിലാവുമെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. യു.പി മദ്റസ ബോർഡിനെ ഫലത്തിൽ ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയുടെ മുമ്പാകെയുള്ള കേസിൽ രാജ്യത്തിന്റെ ബഹുസ്വരതയും ഭരണഘടന വിഭാവന ചെയ്യുന്ന മതസ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കുന്ന വിധി ഉണ്ടാവുമെന്ന് യോഗം പ്രതീക്ഷ അർപ്പിച്ചു.
പലസ്തീനിൽ ഒരു വർഷത്തിലേറെയായി തുടരുന്ന ഏകപക്ഷീയ വംശഹത്യ മനുഷ്യരാശിയോടുള്ള കടുത്ത വെല്ലുവിളിയാണെന്നും ഈ വിഷയത്തിൽ ലോകത്തിന്റെ നിസ്സഹായതയും നിസ്സംഗതയും വൻശക്തികളുടെ ഗൂഢപദ്ധതികളാണ് പശ്ചിമേഷ്യയുടെ ശാന്തി കെടുത്തുന്നതെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. പതിനായിരിക്കണക്കിന് കുഞ്ഞുങ്ങളെയും സ്ത്രീകളെയും ബോംബിട്ടു ചുട്ടുകൊള്ളുന്ന കാഴ്ചക്കുമുന്നിൽ ലോകം നിസ്സഹായമാണ് എന്നതിന്റെ അർഥം മനുഷ്യജീവന് വില കൽപിക്കാത്ത, ആയുധങ്ങളെ പൂജിക്കുന്ന, ഇതര സംസ്കാരങ്ങളെ അംഗീകരിക്കാത്ത ഒരു ലോകവ്യവസ്ഥയിലാണ് നാം ജീവിക്കുന്നത് എന്നാണ്. 1948ൽ ഇസ്രായേൽ രൂപം കൊണ്ട അന്ന് മുതൽ, കഴിഞ്ഞ 75 വർഷമായി അഭയാർഥികളുടെ കാര്യങ്ങൾ നോക്കുന്ന യു.എൻ. ഏജൻസിയെ നിരോധിച്ച ബെഞ്ചമിൻ നെതന്യാഹുവിന്റെ നിഷ്ഠൂരതക്കെതിരെ ആർക്കും മിണ്ടാട്ടമില്ല എന്നത് ലോകം എവിടെ എത്തിനിൽക്കുന്നു എന്നതിന്റെ നിദാനമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here