ത്സാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജെഎംഎം മുതിര്‍ന്ന നേതാവുമായ ചംപയ് സോറന്‍ ബിജെപിയിലേക്ക് എത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ സോറന്‍ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ട്. ത്സാര്‍ഖണ്ഡ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപി നീക്കങ്ങളുടെ ഭാഗമായി ബിജെപി നേതാക്കളുടെ ക്ഷണം സ്വീകരിച്ച് ചംപയ് സോറന്‍ കഴിഞ്ഞ ദിവസം രാത്രി കൊല്‍ക്കത്തയിലെ പാര്‍ക്ക് ഹോട്ടലില്‍ എത്തിയിരുന്നെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് ബിജെപി നേതാവ് ശിവരാജ്‌സിങ് ചൗഹാനുമായി സോറന്‍ ഫോണില്‍ ബന്ധപ്പെട്ടെന്നും സൂചനയുണ്ട്. ചമ്പൈ സോറനൊപ്പം 6 എംഎല്‍എമാരും ബിജെപിയിലേക്കെത്തുമെന്നാണ് സൂചന. തനിയ്‌ക്കൊപ്പമുള്ള എംഎല്‍എമാരുമായി സോറന്‍ ദില്ലിയിലെത്തിക്കഴിഞ്ഞെന്നും വിവരങ്ങള്‍ വന്നിട്ടുണ്ട്. അതേസമയം, ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ചംപയ് സോറന്‍ കാര്യമായി പ്രതികരിച്ചില്ല. ‘ഇക്കാര്യത്തില്‍ ഏതു തരത്തിലുള്ള അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത് എന്ന കാര്യത്തില്‍ എനിക്ക് വ്യക്തതയില്ല.
അതുകൊണ്ട് തന്നെ ഇപ്പോള്‍ പ്രതികരിക്കുന്നില്ല. ‘ഞാന്‍ ഇപ്പോള്‍ എവിടെയാണോ, അവിടെത്തന്നെയാണ്’-ചംപയ് സോറന്‍ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി അറസ്റ്റു ചെയ്തതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ രാജിവെച്ച് ജയിലില്‍ പോയതോടെയാണ് ചംപയ് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായത്. എന്നാല്‍, പിന്നീട് കേസില്‍ ജാമ്യം ലഭിച്ച് ഹേമന്ത് സോറന്‍ തിരിച്ചെത്തിയതോടെ അഞ്ചു മാസത്തിനുശേഷം വീണ്ടും അദ്ദേഹം മുഖ്യമന്ത്രി പദത്തിലേക്ക് തിരിച്ചെത്തി. ഹേമന്ത് സോറന് മുഖ്യമന്ത്രി സ്ഥാനം നല്‍കാനായി ചംപയ് സോറന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയാണ് ഉണ്ടായത്. എന്നാല്‍ ഈ നടപടിയില്‍ ചംപയ് സോറന്‍ അസ്വസ്ഥനായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. അതേസമയം, ജെഎംഎം-ന് അവരുടെ എംഎല്‍എമാരില്‍ പലരെയും ഇപ്പോള്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും വാര്‍ത്തകളുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here