ഐഎഫ്എഫ്കെയുടെ ഏഴാം ദിനത്തിലെ പാനല്‍ ചര്‍ച്ച ‘ഫീമെയ്ല്‍ വോയ്സസി’ല്‍ മുഴങ്ങിക്കേട്ടത് സിനിമയിലെ സ്ത്രീശബ്ദം. മേളയ്ക്കെത്തിയ പ്രമുഖ വനിതാ ചലച്ചിത്രപ്രവര്‍ത്തകര്‍ അണിനിരന്നപ്പോള്‍ ഹോട്ടല്‍ ഹൊറൈസണില്‍ നടന്ന ചര്‍ച്ച കാലിക പ്രസക്തമായി.
സംവിധായിക റിമ ദാസ്, പ്രൊഡക്ഷന്‍ ഡിസൈനറും അഭിനേത്രിയുമായ അനസൂയ സെന്‍ഗുപ്ത, നടി കനി കുസൃതി, സംവിധായികയും ഛായാഗ്രാഹകയുമായ ഫൗസിയ ഫാത്തിമ എന്നിവരാണ് ഇന്ത്യന്‍ സ്വതന്ത്ര സിനിമയിലെ സ്ത്രീ സാന്നിധ്യത്തെപ്പറ്റി നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തത്. മേളയുടെ ക്യൂറേറ്റര്‍ ഗോള്‍ഡ സെല്ലം മോഡറേറ്ററായ പരിപാടിയില്‍ സിനിമാരംഗത്തെ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളും സ്ത്രീകള്‍ക്ക് മുന്നിലുള്ള സാധ്യതകളും ചര്‍ച്ചയായി.
Also Read :മികച്ച സിനിമകളുമായി കൊടിയിറങ്ങാന്‍ ഐഎഫ്എഫ്കെ
സിനിമാമേഖലയില്‍ സ്ത്രീകള്‍ കുറവായതുകൊണ്ട് തന്നെ പലപ്പോഴും ഏറ്റവും മികച്ച സിനിമകള്‍ ചെയ്യണമെന്ന സമ്മര്‍ദം സ്ത്രീകള്‍ക്ക് മേല്‍ ഉണ്ടാകുന്നുവെന്നും സിനിമയിലെ സ്ത്രീ സാന്നിധ്യം സര്‍വ്വസാധാരണമാകണമെന്നും കനി കുസൃതി പറഞ്ഞു.
സിനിമാമേഖലയില്‍ സ്ത്രീകള്‍ മറ്റു സ്ത്രീകളെ പിന്തുണയ്‌ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയാണ് റിമ ദാസ് സംസാരിച്ചത്. സിനിമയിലെ അണിയറ പ്രവര്‍ത്തനങ്ങള്‍ക്കും സാങ്കേതിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും സ്ത്രീകള്‍ക്ക് അവസരങ്ങള്‍ ഒരുക്കുക എന്നതും അവരുടെ തൊഴില്‍ അംഗീകരിക്കുക എന്നതും കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഫൗസിയ ഫാത്തിമ അഭിപ്രായപ്പെട്ടു. സ്ത്രീകളുടെ സാന്നിധ്യം എന്നും സിനിമാമേഖലയില്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അത് ചര്‍ച്ചചെയ്യപ്പെടാന്‍ തുടങ്ങിയത് ഈയടുത്ത കാലത്താണെന്നും അനസൂയ സെന്‍ഗുപ്ത പറഞ്ഞു.
സമകാലിക ഇന്ത്യന്‍ സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെപ്പറ്റിയും സിനിമാ മേഖലയിലെ സ്ത്രീ മുന്നേറ്റങ്ങളെപ്പറ്റിയും അതിഥികള്‍ അവരുടെ അഭിപ്രായങ്ങള്‍ പങ്കുവച്ചു. സ്ത്രീകളുടെ കാഴ്ചപ്പാടിലൂടെ ലോകത്തെ കാണുന്ന സിനിമകള്‍ കൂടുതലുണ്ടാകണമെന്ന് ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. സ്ത്രീകള്‍ നേരിടുന്ന സാമ്പത്തിക, സാമൂഹിക പ്രതിബന്ധങ്ങളെ പറ്റിയും അവര്‍ക്ക് സിനിമാമേഖലയില്‍ സുസ്ഥിരമായ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ചര്‍ച്ചകള്‍ നീണ്ടു. ശക്തമായ സ്ത്രീകഥാപാത്രങ്ങളെ സൃഷ്ടിക്കാന്‍ സ്ത്രീകള്‍തന്നെ മുന്നോട്ട് വരണമെന്നും പാനല്‍ ചര്‍ച്ച ഓര്‍മപ്പെടുത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here