പാരമ്പര്യ രീതികളെ പൊളിച്ചെഴുതി ദ ഹൈപ്പര്‍ബോറിയന്‍സ്; ഇഷ്ടപെടില്ലെങ്കിലും പ്രേക്ഷകര്‍ മറക്കില്ല

hyperboreans-movie

നടിയും മനഃശാസ്ത്രജ്ഞയുമായ അന്റോണിയ ഗീസെന്‍ തന്റെ മുന്നിലെത്തിയ ഒരു രോഗിയുടെ മനസിനുള്ളില്‍ കേള്‍ക്കുന്ന ശബ്ദങ്ങളെ അടിസ്ഥാനമാക്കി ഒരു തിരക്കഥയെഴുതാന്‍ തീരുമാനിക്കുന്നു. അതിന് ചലച്ചിത്ര സംവിധായകരായ ലിയോണിന്റെയും കോസിനയുടെയും സഹായം തേടുന്നു. യഥാര്‍ത്ഥ ലോകവും രോഗിയുടെ ഭാവനയിലെ ലോകവും ഇടവിട്ട് വന്നുപോകുന്ന ചിത്രീകരണം. ഇത് പ്രേക്ഷകര്‍ക്കും ഏറെ വ്യത്യസ്തവും സങ്കീര്‍ണവുമായ കാഴ്ചാനുഭവമാണ് സമ്മാനിക്കുന്നത്. 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ വേറിട്ട അനുഭവം സമ്മാനിക്കുന്ന അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ ചിലിയെന്‍ ചിത്രം ‘ദ ഹൈപ്പര്‍ബോറിയന്‍സ്’ ആണിത്.

ക്രിസ്റ്റോബല്‍ ലിയോണും ജോക്വിന്‍ കോസിനയും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രം തിയേറ്റര്‍, ആനിമേഷന്‍, സയന്‍സ് ഫിക്ഷന്‍ എന്നിവയുടെ ഘടകങ്ങള്‍ സമന്വയിപ്പിച്ചാണ് ഒരുക്കിയിരിക്കുന്നത്. ഒരു കലാപ്രദര്‍ശനമാണ് ആദ്യം പദ്ധതിയിട്ടതെങ്കിലും പിന്നീട് ആ ആശയം ഒരു സിനിമയായി പരിണമിക്കുകയായിരുന്നെന്ന് സംവിധായകന്‍ പറഞ്ഞു. പ്രധാന കഥാപാത്രങ്ങളിലൊന്ന് അവതരിപ്പിച്ച ഫ്രാന്‍സിസ്‌കോ വിസെറലിന് സിനിമയില്‍ ലോഹം കൊണ്ടു തീര്‍ത്ത മുഖമാണ്. കലാസംവിധായിക നതാലിയ ഗെയ്സിന്റെ പങ്ക് എടുത്തുപറയേണ്ടതാണ്. സിനിമയ്ക്കാവശ്യമായി വന്ന രൂപങ്ങളെല്ലാം ഇവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വര്‍ക്ക്ഷോപ്പില്‍ പങ്കെടുത്ത യുവാക്കളാണ് നിര്‍മിച്ചത്.

Read Also: ആ ‘ചൈനീസ് പ‍ഴമൊഴി’ പോലെ കാണികളില്‍ തങ്ങിനില്‍ക്കുന്ന ‘ജൂലൈ റാപ്‌സഡി’; സിനിമാപ്രേമികള്‍ക്ക് വേറിട്ട അനുഭവമായി ആന്‍ ഹുയി ചിത്രം

സങ്കീര്‍ണമായ ഈ സിനിമാഖ്യാനത്തെ കുറിച്ച് ചോദിച്ചപ്പോള്‍, പ്രേക്ഷകര്‍ ഇതുവരെ കാണാത്ത രീതിയിലുള്ള ചിത്രമാണ് ഒരുക്കിയിരിക്കുന്നതെന്നാണ് സംവിധായകരിലൊരാളായ ക്രിസ്റ്റോബല്‍ ലിയോണ്‍ പറയുന്നത്. കാഴ്ചക്കാര്‍ക്ക് ചിത്രം ഇഷ്ടപ്പെടണമെന്നില്ല, മറിച്ച് അവര്‍ ഈ ചിത്രത്തെക്കുറിച്ച് മറക്കരുതെന്നും സംവിധായകന്‍ പറയുന്നു. പ്രേക്ഷകര്‍ ഇത് മറന്നാല്‍ തങ്ങള്‍ പരാജയപ്പെട്ടത് പോലെയാണെന്നും കലയെ സ്വയംപ്രഖ്യാപിത നിയമങ്ങളാല്‍ സമീപിക്കുവാനും സ്വതന്ത്രമായി സൃഷ്ടിക്കുവാനും സാധിക്കണമെന്നുമാണു സംവിധായകന്റെ പക്ഷം.

നാടക സ്റ്റേജുകള്‍, ഫോട്ടോഗ്രാഫിക് സ്റ്റുഡിയോകള്‍ എന്നിവിടങ്ങളാണ് സിനിമയുടെ ലൊക്കേഷനായത്. ഷൂട്ടിങ് കാണാന്‍ പൊതുജനങ്ങള്‍ക്കും അവസരമുണ്ടായിരുന്നു. ഇതിലൂടെ സിനിമാ നിര്‍മാണ പ്രക്രിയ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞെന്ന് നതാലിയ പറയുന്നു. ചുറ്റുമുള്ള ആളുകളില്‍ നിന്ന് അഭിപ്രായം സ്വീകരിച്ചുകൊണ്ട് എല്ലാവരെയും ഒരുമിപ്പിച്ചുള്ള അതിവിശാലമായൊരു സൃഷ്ടിയായി ചിത്രത്തെ മാറ്റുവാന്‍ സാധിച്ചു. ഒരു ആര്‍ട്ട് എക്‌സിബിഷന്‍ പോലെ, ഈ പ്രക്രിയ തന്നെ കഥയുടെ ഭാഗമായെന്നും നതാലിയ പറഞ്ഞു. ‘എല്ലാം കലയാണ്’ എന്ന ആശയം ഉള്‍ക്കൊള്ളുന്ന സിനിമ പരമ്പരാഗത ചിത്രീകരണ രീതിയില്‍ നിന്നു വ്യത്യസ്തമായി കലാ ആസ്വാദകരെയും കൂടി ഉള്‍കൊള്ളിച്ചുകൊണ്ടുള്ള ഒരു കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്നു നതാലിയ ഗെയ്സ് പറഞ്ഞു. പാരമ്പര്യരീതികളെ പൊളിച്ചെഴുതിയ സിനിമയാണിതെന്നും നതാലിയ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here