ഐഎഫ്എഫ്കെയിൽ ഉദ്ഘാടന ചിത്രമായിരുന്ന ബ്രസീലിയൻ സംവിധായകൻ വാൾട്ടർ സലസിന്‍റെ ഐ ആം സ്റ്റിൽ ഹിയർ. രാഷ്ട്രീയം പ്രമേയമാകുന്ന ഒരു കുടുംബ ചിത്രമാണിത്. ബ്രസീൽ സൈനിക സ്വേച്ഛാധിപത്യം അധികാരത്തിലേറിയപ്പോൾ പുറത്താക്കപ്പെട്ട മുൻ കോൺഗ്രസ് അംഗം യൂനിസ് പൈവ (ഫെർണാണ്ട ടോറസ്) അവരുടെ ഭർത്താവ് റൂബൻസ് (സെൽട്ടൺ മെല്ലോ) അഞ്ച് മക്കൾ എന്നിവരെ ചുറ്റിപ്പറ്റിയാണ് കഥ. സംവിധായകൻ സലസിന് ഏറെ അടുപ്പമുള്ള കുടുംബമായിരുന്നു അത്.
1970കളുടെ തുടക്കമാണ് കഥാപശ്ചാത്തലം. ഏറെ സന്തോഷത്തോടെ ജീവിക്കുന്ന യൂനിസിന്‍റെ കുടുംബം. സ്വന്തമായി ഒരു വീട് എന്ന സ്വപ്നത്തിലേക്ക് അടുക്കുമ്പോഴാണ് ഇവരുടെ വീട്ടിൽ ആക്സമികമായ സംഭവങ്ങളുണ്ടാകുന്നത്. ചോദ്യം ചെയ്യാനായി പട്ടാളക്കാർ കൂട്ടിക്കൊണ്ടുപോകുന്ന റൂബൻസ് പിന്നീട് തിരികെ വരുന്നില്ല. ഒപ്പം യൂനിസും മകളായ എലിയാനയെയും കൊണ്ടുപോകുന്നുണ്ടെങ്കിലും ഒരാൾ മാത്രമാണ് തിരികെ എത്തുന്നത്. റൂബൻസിൻ്റെ തിരോധാനം അവരുടെ ജീവിതം താളം തെറ്റിക്കുന്നു.
ഒരു യഥാർത്ഥ കഥയെയും പൈവയുടെ മകൻ മാർസെലോയുടെ പുസ്തകത്തെയും അടിസ്ഥാനമാക്കിയുള്ള ശക്തമായ തിരക്കഥ തന്നെയാണ് ഈ സിനിമയുടെ കരുത്ത്. യഥാർഥ ജീവിതത്തിൽ റൂബൻസ് അനുഭവിച്ച പീഡനങ്ങളും മറ്റ് ഭയാനകമായ നിമിഷങ്ങളും സിനിമയിൽ സലസ് കാണിക്കുന്നില്ല. അക്കാലത്തെ ബ്രസീലിയൻ രാഷ്ട്രീയത്തിന്‍റെ നേർക്കാഴ്ചയായാണ് സിനിമ മുന്നോട്ടുപോകുന്നത്.
ഐ ആം സ്റ്റിൽ ഹിയർ എന്നാണ് പേര് എങ്കിലും സിനിമയിൽ ഉടനീളം ചലനാത്മകമായ കഥാഗതിയാണുള്ളത്. സിനിമ മുന്നട്ടുപോകുമ്പോൾ കഥയെക്കുറിച്ച് പ്രേക്ഷകന്‍റെ പ്രതീക്ഷകൾ എപ്പോഴും തെറ്റിപ്പോകുന്നുണ്ട്.
ദുഷ്ക്കരമായ വേഷം ഫെർണാണ്ട ടോറസ് ഗംഭീരമാക്കി. ഓരോ വികാരങ്ങളെയും വളരെ സൂക്ഷ്മമായ ഭാവാഭിനയത്തിലൂടെ മികവുറ്റതാക്കി. അവർ കടന്നുപോകുന്ന ആത്മസംഘർഷം മനസിലാകണമെങ്കിൽ അവരുടെ ശരീരഭാഷയും മുഖഭാവവും കൂടുതൽ ശ്രദ്ധയോടെ പിന്തുടരേണ്ടിവരും.
2024-ലെ മിഡിൽബർഗ് ഫിലിം ഫെസ്റ്റിവലിൽ ഐ ആം സ്റ്റിൽ ഹിയർ പ്രദർശിപ്പിച്ചു. 136 മിനിറ്റ് ദൈർഘ്യമാണ് സിനിമയ്ക്കുള്ളത്.
സംവിധാനം- വാൾട്ടർ സലസ്
റിലീസ് തീയതി- ഒക്ടോബർ 9, 2024
എഴുത്തുകാർ- വാൾട്ടർ സലസ്, മാർസെലോ റൂബൻസ് പൈവ, മുരിലോ ഹൗസർ, ഹീറ്റർ ലോറെഗ
അഭിനേതാക്കൾ- ഫെർണാണ്ട ടോറസ്, ഫെർണാണ്ട മോണ്ടിനെഗ്രോ, സെൽട്ടൺ മെല്ലോ, വാലൻ്റീന ഹെർസേജ്, മേവ് ജിങ്കിംഗ്സ്, ഡാൻ സ്റ്റൽബാക്ക്, ഹംബർട്ടോ കറോവോ, കാർല റിബാസ്, മൈറ്റെ പാഡിൽഹ, ഗിൽഹെർം സിൽവേറ, കോറ റാമാൽഹോ, ബാർബറ ലൂസ്, ഡാനിയേൽ പെരൈറ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here