സിനിമ സത്യസന്ധമായിരിക്കുമ്പോള്‍ കൂടുതല്‍ കാഴ്ചക്കാരിലേക്കെത്തുമെന്ന് ‘മീറ്റ് ദ ഡയറക്ടര്‍’ ചര്‍ച്ച

iffk-2024-

സിനിമ സത്യസന്ധമായിരിക്കുമ്പോള്‍ കൂടുതല്‍ കാഴ്ചക്കാരിലേക്കെത്തുമെന്ന് 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ അഞ്ചാം ദിനത്തിലെ ‘മീറ്റ് ദ ഡയറക്ടര്‍’ ചര്‍ച്ചയില്‍ പങ്കെടുത്ത ചലച്ചിത്ര പ്രവര്‍ത്തകര്‍. എങ്ങനെ മിതമായ സാഹചര്യങ്ങളില്‍ നിന്ന് സിനിമയ്ക്ക് ജീവന്‍ നല്‍കാമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ വിശദീകരിച്ചു. സിനിമകളെ സ്നേഹിക്കുന്ന ആര്‍ക്കും സിനിമ സാധ്യമാണ്. സിനിമകളെടുക്കാന്‍ ആഗ്രഹിക്കുന്ന ഓരോ വ്യക്തിയെയും ചിന്തിക്കാനും പ്രവര്‍ത്തിക്കാനും പ്രേരിപ്പിക്കുന്ന ഒന്നായിരുന്നു ‘മീറ്റ് ദ ഡയറക്ടര്‍’ പരിപാടി.

മീര സാഹിബ് മോഡറേറ്ററായ പരിപാടിയില്‍ സംവിധായകരായ സുഭദ്ര മഹാജന്‍ (സെക്കന്‍ഡ് ചാന്‍സ് ), ആര്യന്‍ ചന്ദ്രപ്രകാശ് (ആജൂര്‍), അഫ്രാദ് വി.കെ. (റിപ്ടൈഡ്), മിഥുന്‍ മുരളി (കിസ്സ് വാഗണ്‍), കൃഷാന്ദ് (സംഘര്‍ഷഘടന ), പെഡ്രോ ഫ്രെയ്റി( മാലു ), നിര്‍മ്മാതാക്കളായ കരീന്‍ സിമോണ്‍യാന്‍ ( യാഷ ആന്‍ഡ് ലിയോനിഡ് ബ്രെഷ്നെവ് ), ഫ്ലോറന്‍ഷ്യ (ഓസിലേറ്റിങ് ഷാഡോ) എന്നിവര്‍ പങ്കെടുത്തു. സംവിധായകന്‍ ബാലു കിരിയത്ത് നന്ദി പറഞ്ഞു.

Read Also: ക്രയോ‍ണ്‍ ടൈറ്റില്‍, വൻ താരനിരയോ സന്നാഹങ്ങളോ ഇല്ല; പ്രേക്ഷക പ്രശംസ നേടി ‘വെളിച്ചം തേടി’

പ്രേക്ഷകരില്ലാതെ സിനിമ സിനിമയാകില്ലെന്ന് ‘സെക്കന്‍ഡ് ചാന്‍സ്’ സിനിമയുടെ സംവിധായിക സുഭദ്ര മഹാജന്‍ പറഞ്ഞു. കൊവിഡ് സാഹചര്യം പ്രതിസന്ധി സൃഷ്ടിച്ചപ്പോള്‍ മനസ്സിലുണ്ടായിരുന്ന സിനിമയുടെ ചിത്രീകരണരീതി തന്നെ മാറ്റിയ കഥയാണ് ‘കിസ് വാഗണി’ന്റെ സംവിധായകന്‍ മിഥുന്‍ മുരളിക്ക് പറയാനുണ്ടായിരുന്നത്. സാമ്പത്തിക ഞെരുക്കം മറികടക്കാന്‍ പരിമിതമായ സൗകര്യങ്ങളില്‍ നിന്നുകൊണ്ട് സിനിമ ചെയ്ത അനുഭവമാണ് റിപ്ടൈഡിന്റെ സംവിധായകന്‍ അഫ്രാദ് വികെയ്ക്ക് പറയാനുള്ളത്.

തന്റെ ചിത്രം ‘ആജൂര്‍’ ഐഎഫ്എഫ്കെയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് തന്റെയോ സിനിമയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച തന്റെ ഗ്രാമവാസികളുടെയോ വിജയമല്ല, മറിച്ച് സിനിമയെ സ്നേഹിക്കുന്നവരുടെ വിജയമാണെന്നു സംവിധായകന്‍ ആര്യന്‍ ചന്ദ്രപ്രകാശ് പറഞ്ഞു. ‘മാലു’ തന്റെ അമ്മയുടെ കഥയാണെന്നും ആ കഥ തിരക്കഥയാക്കിയത് ഏറെ വൈകാരികമായ അനുഭവമായിരുന്നു എന്നും ബ്രസീലില്‍ നിന്നുള്ള സംവിധായകന്‍ പെഡ്രോ ഫ്രെയ്റി പറഞ്ഞു. അടിസ്ഥാന സാഹചര്യങ്ങളില്‍ നിന്നുയര്‍ന്നു വരുന്ന സിനിമകളും ആരും ഇതേവരെ പറയാത്ത കഥ തേടിയുള്ള യാത്രകളും വേദിയിലെ ഓരോ സംവിധായകന്റെയും നിര്‍മ്മാതാവിന്റെയും അഭിപ്രായങ്ങളില്‍ ഉയര്‍ന്നുകേട്ടു. ചര്‍ച്ചയ്ക്ക് ശേഷം കാണികള്‍ പങ്കെടുത്ത ചോദ്യോത്തരവേള ഏറെ സജീവമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News