പോളണ്ടിനെക്കുറിച്ച് ഒന്നല്ല ഒരായിരം അക്ഷരം പറയും…; നോവിപ്പിച്ച ‘സൂചിയുള്ള പെണ്‍കുട്ടി’യെ നെഞ്ചേറ്റി സിനിമാപ്രേമികള്‍

IFFK 2024 MOVIE REVIEW

സുബിന്‍ കൃഷ്‌ണശോഭ്

പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന് പറയുന്നവര്‍ക്ക് മുന്‍പില്‍ ഒന്നല്ല ഒരായിരം അക്ഷരങ്ങള്‍ മിണ്ടുന്ന ചിത്രമാണ് ‘ദ ഗേള്‍ വിത്ത് ദ നീഡില്‍’. ഐഎഫ്‌എഫ്‌കെയ്‌ക്ക് വേദിയായ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിറഞ്ഞു കവിഞ്ഞ സദസിനുമുന്‍പില്‍ ഡിസംബര്‍ 17ന് രാത്രിയാണ് ഈ പോളണ്ട് ചിത്രം പ്രദര്‍ശിപ്പിച്ചത്. സിനിമ അവസാനിച്ചപ്പോള്‍ ലഭിച്ച കൈയടിയില്‍ നിന്ന് വ്യക്തമാണ് ‘സൂചിയുള്ള പെണ്‍കുട്ടി’ കാണികളുടെ ഹൃദയത്തില്‍ എത്രത്തോളം വൈകാരികമായി തൊട്ടെന്ന്.

മാഗ്നസ് വോണ്‍ ഹോണിന്‍റെ സംവിധാനത്തില്‍ ഡാനിഷ് ഭാഷയില്‍ ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രമാണ് ദ ഗേള്‍ വിത്ത് ദ നീഡില്‍. 115 മിനിറ്റുള്ള ചിത്രം ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ഒരുക്കിയിരിക്കുന്നത്. കളര്‍ഫുള്‍ സിനിമകള്‍ മാത്രം തിയേറ്ററുകളില്‍ എത്തുന്ന കാലഘട്ടത്തില്‍ നവ്യാനുഭവം പകരുന്നതാണ് കറുപ്പിലും വെളുപ്പിലുമൊരുക്കിയ ചിത്രം.

ഹിസ്റ്റോറിക്കല്‍ സൈക്കോളജിക്കല്‍ ഹൊറര്‍ വിഭാഗത്തിലുള്ള സിനിമ ഡഗ്‌മര്‍ ഓവര്‍ബൈ എന്ന സീരിയര്‍ കില്ലറുടെ യഥാര്‍ത്ഥ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ്. ദാരിദ്ര്യത്താല്‍ വലയുന്ന സ്‌ത്രീകള്‍ക്കുണ്ടാകുന്ന നവജാത ശിശുക്കളെ ദത്തെടുക്കുകയും തുടര്‍ന്ന് കുഞ്ഞുങ്ങളെ കൊലപ്പെടുത്തുകയും ചെയ്‌തതിലൂടെ കുപ്രസിദ്ധിയാര്‍ജിച്ച കൊടുംക്രിമിനലാണ് ഡഗ്‌മര്‍.

ALSO READ; അങ്ങനെ ഫാത്തിമയും ഫെമിനിച്ചിയായി; കുറിക്കുകൊള്ളുന്ന ആക്ഷേപഹാസ്യമായി ‘ഫെമിനിച്ചി ഫാത്തിമ’

മിഠായിക്കടയുടെ മറവില്‍ രഹസ്യമായാണ് ഡഗ്‌മര്‍ ദത്തെടുക്കുന്ന ഏജൻസി നടത്തുന്നത്. നവജാത ശിശുക്കളെ പരിപാലിക്കാന്‍ ശേഷിയില്ലാത്ത, ഒ‍ഴിവാക്കാന്‍ ആഗ്രഹിക്കുന്ന അനേകം പേരുടെ കുഞ്ഞുങ്ങളെ ഇവര്‍ ഏറ്റെടുക്കുന്നുണ്ട്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കരോലിന്‍റെ വിവാഹേതര ബന്ധത്തിലെ കുഞ്ഞിനെയും ഡഗ്മര്‍ ഏറ്റുവാങ്ങുന്നു. പിന്നീട് കുഞ്ഞിനെ തിരികെ വേണമെന്ന ആവശ്യവുമായി കരോലിന്‍ എത്തുകയും അതിനെ തുടര്‍ന്നുള്ള സംഭവവികാസവുമാണ് ചിത്രം പറയുന്നത്. കരോലിനായി വിക്‌ കാര്‍മന്‍ സോന്നെയും ഡാഗ്‌മറായി ട്രിനി ഡയ്‌റോമും അടക്കമുള്ള താരങ്ങളാണ് വേഷമിട്ടത്.

ദു:സ്വപ്‌നങ്ങളും അതിതീവ്ര രംഗങ്ങളിലുമടക്കം വിക് കാര്‍മന്‍റെ അഭിയശേഷി കാണികള്‍ക്ക് തിരിച്ചറിയാനാവും. ഒരു നൂറ്റാണ്ടിലേറെ പ‍ഴക്കമുള്ള കഥാതന്തു അതേ രീതിയില്‍ ഉ‍ള്‍ക്കൊള്ളാന്‍ കാണികള്‍ക്ക് ക‍ഴിയുമെന്നത് ചിത്രത്തിന്‍റെ സംവിധായകന്‍റെ മിടുക്ക് വ്യക്തമാക്കുന്നതാണ്. ഈ ചിത്രം സ്വാഭാവികമായും ആവശ്യപ്പെടുന്നതാണ് വയലന്‍സും നഗ്‌നതയുമുള്ള രംഗങ്ങള്‍. കാണികളില്‍ ചിലരെ ഈ രംഗങ്ങള്‍ അസ്വസ്ഥതപ്പെടുത്തിയിട്ടുണ്ട്. അതിതീവ്ര രംഗം വന്ന സമയത്ത് യുവാവ് ബോധരഹിതനായതിനെ തുടര്‍ന്ന് 15 മിനിറ്റോളം പ്രദര്‍ശനം നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍പ്പോലും ഫ്ലോ നഷ്‌ടപ്പെടാതെ ആസ്വദിക്കാന്‍ കാണികള്‍ക്കായി. സദസിലൊരാളായി മന്ത്രി എം ബി രാജേഷുമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News