അഭിഭാഷകനായ ഇമാന് തെഹ്റാനിലെ റെവല്യൂഷണറി കോടതിയിലെ ഇന്‍വെസ്റ്റിഗേറ്റിങ് ജഡ്ജായി സ്ഥാനക്കയറ്റം ലഭിക്കുന്നു. എന്നാല്‍ താന്‍ ഒരു റബര്‍ സ്റ്റാമ്പ് ആയി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം തിരിച്ചറിയുന്നു. തെളിവുകള്‍ വായിച്ചുനോക്കാന്‍ പോലും നില്‍ക്കാതെ ശിക്ഷാവിധികള്‍ക്ക് അംഗീകാരം നല്‍കണം! കൂടാതെ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും മുന്നില്‍ രഹസ്യസ്വഭാവം സൂക്ഷിക്കണമെന്ന നിര്‍ദേശവും അദ്ദേഹത്തിന് ലഭിക്കുന്നു.
തുടര്‍ന്ന് സ്വയരക്ഷക്ക് അദ്ദേഹത്തിന് ഒരു കൈത്തോക്കും ലഭിക്കുന്നു. എന്നാല്‍ അതെങ്ങനെ ഉപയോഗിക്കണം എന്ന പരിശീലനമൊന്നും ലഭിക്കുന്നുമില്ല. അതുകൊണ്ടുതന്നെ അദ്ദേഹം അത് അലക്ഷ്യമായി സൂക്ഷിക്കുന്നു. ഹിജാബ് കലാപം രൂക്ഷമായ ആ സമയത്ത് ഇമാന്റെ കൈത്തോക്ക് കാണാതാകുന്നു. ഭാര്യയോ രണ്ടു പെണ്‍മക്കളില്‍ ആരെങ്കിലുമോ അതെടുത്തു എന്ന് ഇമാന്‍ സംശയിക്കുന്നു.
Read Also: ഈ സിൻഡ്രല്ല ജീവിതത്തോട് പൊരുതുന്നവൾ
പൊളിറ്റിക്കല്‍ ത്രില്ലര്‍ സ്വഭാവമുള്ള ഈ ഇറാനിയന്‍ സിനിമ മുഹമ്മദ് റസൂലോഫ് സംവിധാന ചെയ്യുന്ന പത്താമത്തെ സിനിമയാണ്. ഇറാനിയന്‍ സെന്‍സര്‍ഷിപ്പ് നിയന്ത്രണങ്ങള്‍ ആവര്‍ത്തിച്ച് ലംഘിച്ചതിന്റെ പേരില്‍ നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ നേരിട്ട ആളാണ് മുഹമ്മദ് റസൂലോഫ്.
ഇറാനിയന്‍ സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായി സംസാരിക്കുന്ന ‘ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ്’ അതിരഹസ്യമായി ചിത്രീകരിച്ച സിനിമയാണ്. അഭിനേതാക്കള്‍ ഉള്‍പ്പെടെയുള്ള അണിയറപ്രവര്‍ത്തകര്‍ വളരെ ബുദ്ധിമുട്ടിയാണ് സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഐഎഫ്എഫ്കെയില്‍ ലോകസിനിമ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. മഹ്സ റോസ്താമി, സെതാരെ മാലേകി, നിയോഷ അക്ഷി, മിസാഗ് സാരെ, സൊഹീല ഗൊലെസ്താനി, റെസ അഖ്ലാഗിരാദ്, ശിവ ഓര്‍ദൂയി, അമിനെ മസ്റൂയി അരാനി തുടങ്ങിയവരാണ് സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here