സിനിമകളുടെ വൈവിധ്യംകൊണ്ടും നിലവാരം കൊണ്ടും രാജ്യത്തെ ഏറ്റവും മികച്ച മേളയാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയെന്ന് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ പറഞ്ഞു. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കേണ്ടത് ആവശ്യകതയും ഉത്തരവാദിത്തവുമാണ്. ബിനാലെ പോലെ ആഗോള പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഒന്നായി ഐഎഫ്എഫ്കെ മാറിയെന്നും അദ്ദേഹം പറഞ്ഞു.
സിനിമയുടെ പരമ്പരാഗത ശൈലിയെ പൊളിച്ചടുക്കാന്‍ പുതുസംവിധായകര്‍ക്ക് സാധിക്കുന്നു. സിനിമ സ്വതന്ത്രമാകുന്നത് ക്യാമറ ഒരു പേനപോലെ ഉപയോഗിക്കുമ്പോഴാണ് എന്ന ഇറാനിയന്‍ സംവിധായിക സമീറാ മക്മല്‍ബഫിന്റെ വാക്കുകള്‍ അദ്ദേഹം ഓര്‍മിപ്പിച്ചു. എഴുത്തില്‍ ഒറ്റക്ക് ഒരാള്‍ സ്വേച്ഛാധിപതിയായി മാറുമ്പോള്‍ സിനിമയില്‍ കൂട്ടായ്മയാണ് ആവശ്യമെന്നും അത് ആഘോഷിക്കപ്പെടുന്നതും അങ്ങനെ തന്നെയാണെന്നും എന്‍എസ് മാധവന്‍ പറഞ്ഞു.
സിനിമയിലെ ദൃശ്യ ഭാഷ, സാഹിത്യ ഭാഷയെ സ്വാധീനിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സത്യജിത് റായ്, ആന്ദ്രേ തര്‍കോവ്സ്‌കി തുടങ്ങിയവരുടെ സിനിമകള്‍ എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കൊടുക്കല്‍ വാങ്ങല്‍ നടക്കുന്ന ഒരിടമാണ് സിനിമയും സാഹിത്യവും. ഹ്രസ്വ ചിത്രങ്ങള്‍, സ്വതന്ത്ര സിനിമകള്‍ എന്നിവ കുറഞ്ഞ ചിലവില്‍ എടുത്ത് കഴിവ് തെളിയിച്ചവരാണ് ഇന്നത്തെ യുവ സിനിമ പ്രവര്‍ത്തകര്‍. കുറഞ്ഞ ചിലവില്‍ സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നതിന്റെ കാരണവും സിനിമയോടുള്ള അഭിനിവേശമാണെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here