‘ഐഎഫ്എഫ്കെയിൽ ഇത്തവണ പുതിയ കാ‍ഴ്ചകൾ’: എട്ട് ദിവസങ്ങൾ, 15 വേദികൾ; മലയാളികൾക്ക് മുന്നിൽ തുറക്കുന്ന ലോകസിനിമയുടെ ജാലകം

iffk 2024

29ാമത് ഐഎഫ്എഫ്കെയ്ക്ക് തിരിതെളിയുന്നു. ഒട്ടേറെ സവിശേഷതകളുമായാണ് ഇത്തവണ ഐഎഫ്എഫ്കെ മിഴിതുറക്കുന്നത്. വരുന്ന എട്ട് ദിവസം തലസ്ഥാനത്തെ 15 വേദികളിലായി, 69 രാജ്യങ്ങളിൽനിന്നുള്ള 177 സിനിമകളാണ് ഇത്തവണ ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കുന്നത്. വിവിധ ഭാഷകളിൽനിന്ന്, വിവിധ സംസ്ക്കാരങ്ങളിൽനിന്നുള്ള സിനിമകൾ മലയാളത്തിലെ നല്ല സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകർക്കായി ഇവിടെ അവതരിപ്പിക്കുകയാണ്. ഐഎഫ്എഫ്കെ സംഘാടനത്തെക്കുറിച്ചും ഇത്തവണത്തെ പുതുമകളെക്കുറിച്ചും ചലച്ചിത്ര അക്കാദമി ചെയർമാനും നടനുമായ പ്രേംകുമാർ കൈരളി ന്യൂസ് ഓൺലൈനോട് സംസാരിക്കുന്നു.

ഐഎഫ്എഫ്കെയിലെ പുതുമകൾ

ഒട്ടേറെ പുതുമകളുമായാണ് ഇത്തവണ ഐഎഫ്എഫ്കെ സംഘടിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ മാധ്യമങ്ങളുടെയും പൊതുസമൂഹത്തിന്‍റെ ശ്രദ്ധ മേളയ്ക്ക് ലഭിക്കുന്നുണ്ട്. കഴിഞ്ഞ 27 മുതൽ ടൂറിങ് ടാക്കീസ് എന്ന പേരിൽ നാട്ടിൻപുറങ്ങളിലും ആദിവാസിമേഖലകളിലും സ്കൂളുകളിലും നല്ല ക്ലാസിക്കുകളായി സിനിമ പ്രദർശിപ്പിക്കുന്ന ഒരു പരിപാടി സംഘടിപ്പിച്ചു. പോരാട്ട ഭൂമികയായ കയ്യൂരിൽനിന്ന് ആരംഭിച്ച് വിവിധ ജില്ലകളിലൂടെയാണ് ടൂറിങ് ടോക്കീസ് പര്യടനം നടത്തിയത്. വിവിധ ജില്ലകളിൽ സാംസ്ക്കാരിക പരിപാടികൾ സംഘടിപ്പിച്ചു.

മഹാരഥൻമാരെ അനുസ്മരിച്ച്…

മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ജെ സി ഡാനിയേലിന്‍റെ നെയ്യാറ്റിൻകരയിലുള്ള സ്മൃതികുടീരത്തിൽനിന്ന് ആരംഭിച്ച ദീപശിഖ പ്രയാണം മലയാള സിനിമയിലെ മൺമറഞ്ഞുപോയ ചലച്ചിത്രകാരെ അനുസ്മരിച്ച് നടത്തിയ പ്രയാണം ആയിരുന്നു അത്. നെയ്യാറ്റിൻകര കോമളം, പി കെ റോസി തുടങ്ങിയ നടിമാർക്ക് ആദരാഞ്ജലി അർപ്പിച്ചു. അനശ്വര നടനായ സത്യന്‍റെ സ്മൃതിമണ്ഡപത്തിലും പോയി. ഒരുകാലത്ത് മലയാള സിനിമയുടെ ഈറ്റില്ലമായ മെരിലാൻഡ് സ്റ്റുഡിയോയിൽ ദീപശിഖാ പ്രയാണം എത്തി. മലയാള സിനിമയുടെ ഒരുപാട് മഹാരഥൻമാരുടെ പാദസ്പർശമേറ്റ മണ്ണാണത്. അവിടെയും ആദരാഞ്ജലികൾ അർപ്പിച്ചു.

മാനവീയം വീഥിയിലാണ് ദീപശിഖ പ്രയാണം അവസാനിച്ചത്. ദീപശിഖ റാലിയിൽ അത്ലറ്റുകളും സാംസ്ക്കാരിക-ചലച്ചിത്ര പ്രവർത്തകരും അണിനിരന്നു. തിക്കുറിശ്ശി സുകുമാരൻ സാർ, നെടുമുടി വേണു ചേട്ടൻ, ഭരത് ഗോപി, അടൂർ ഭാസി, ആറൻമുള പൊന്നമ്മ, അങ്ങനെ ഒരുപാട് പേർ ഈ തലസ്ഥാനനഗരിയിൽ സിനിമയുമായി ഏറെക്കാലം ഉണ്ടായിരുന്നു. അവരൊന്നും ഇന്ന് നമ്മോടൊപ്പമില്ല. അവരെയും, അതിനൊപ്പം സിനിമയിലെ സാങ്കേതികപ്രവർത്തകരായിരുന്ന മൺമറഞ്ഞുപോയവരെയും വലുപ്പചെറുപ്പമില്ലാതെ, അവരെയെല്ലാം ആദരിക്കുന്ന വേദിയായി ഇത് മാറി.

മേള വിജയിപ്പിക്കാൻ അഹോരാത്രം പരിശ്രമിക്കുന്നവർ

അക്കാദമിയുടെ വൈസ് ചെയർമാനായിരിക്കുന്ന കാലത്ത് ഐഎഫ്എഫ്കെ സംഘാടനത്തിന്‍റെ ഭാഗമായിരുന്ന മുൻപരിചയം ഇത്തവണ മേള സംഘടിപ്പിക്കുന്നതിൽ ഗുണം ചെയ്യുന്നുണ്ട്. 25 വർഷമായി ചലച്ചിത്ര അക്കാദമിയിൽ മേള സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ ഒരു സിസ്റ്റമുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ നടത്തിയതിന്‍റെ അനുഭവസമ്പത്തും ഇക്കാര്യത്തിൽ തുണയാകും. മേള വിജയിപ്പിക്കുന്നതിനായി അഹോരാത്രം പണിയെടുക്കുന്ന വലിയൊരു ടീം തന്നെ അക്കാദമിയുടെ ഭാഗമായുണ്ട്. ഒരാളും ഒറ്റയ്ക്ക് നിന്ന് ഒരു വലിയ വിജയമൊന്നും സാധ്യമല്ല. പ്രത്യേകിച്ച് സിനിമ എന്ന് പറയുന്നത് വലിയൊരു കൂട്ടായ്മയുടെ വിജയമാണ്. സിനിമയും നാടകവുമൊക്കെ അങ്ങനെ തന്നെയാണ്. ഒരുപാടുപേരുടെ പരസ്പര സഹകരണത്തിന്‍റെ, വിശ്വാസത്തിന്‍റെ, ആശ്രയത്വത്തിന്‍റെ കൂടിയാണ് മേളയുടെ വിജയം.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്രമേള

നിശാഗന്ധിയിൽ മുഖ്യമന്ത്രി മേള ഉദ്ഘാടനം ചെയ്യുന്നതോടെ വരുന്ന എട്ട് ദിവസങ്ങൾ തലസ്ഥാനത്തിന്‍റെ വലിയ ആഘോഷമായി കേരളത്തിന്‍റെ തന്നെ സാംസ്ക്കാരിക ഉത്സവമായി മാറും. കഴിഞ്ഞ വർഷങ്ങളിൽ ഡെലിഗേറ്റുകളും വിദേശ പ്രതിനിധികളും ചലച്ചിത്രപ്രവർത്തകരും മാധ്യമപ്രവർത്തകരും ഉൾപ്പടെ വലിയൊരു വിഭാഗം ആളുകൾ, മേളയുടെ ഭാഗമായി മാറിയിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ മേള, അതുപോലെ ലോകത്തെ തന്നെ ശ്രദ്ധേയമായ ചലച്ചിത്രമേളയായി നമ്മുടെ ഐഎഫ്എഫ്കെ മാറിയിട്ടുണ്ട്. എന്നാൽ കാൻ ഫെസ്റ്റിവൽ പോലെ മുൻനിരയിൽനിൽക്കുന്ന മേളകൾക്കൊപ്പമെത്താൻ വലിയ ദൂരം നമുക്ക് സഞ്ചരിക്കേണ്ടതുണ്ട്. അടുത്ത വർഷം മുപ്പതാമത് മേള നടത്തുമ്പോൾ, അതിന് സഹായകരമായ രീതിയിലുള്ള വലിയ പ്രയത്നം ഉണ്ടാകും.

വരുന്ന എട്ട് ദിവസം തലസ്ഥാനത്തെ 15 വേദികളിലായി, 69 രാജ്യങ്ങളിൽനിന്നുള്ള 177 സിനിമകളാണ് ഇത്തവണ ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കുന്നത്. വിവിധ ഭാഷകളിൽനിന്ന്, വിവിധ സംസ്ക്കാരങ്ങളിൽനിന്നുള്ള സിനിമകൾ മലയാളത്തിലെ നല്ല സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകർക്കായി ഇവിടെ അവതരിപ്പിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News