‘ഐ എഫ് ടി എസ് മൂന്നാം എഡിഷൻ ഫെബ്രുവരി 3 മുതൽ 8 വരെ തൃശൂരിൽ നടത്തും’: മന്ത്രി ആർ ബിന്ദു

തൃശൂരിലെ, സ്കൂൾ ഓഫ് ഡ്രാമ ആൻ്റ് ഫൈൻ ആർട്‌സിനെ പൂർവ്വകാല പ്രൗഢിയോടെ അന്താരാഷ്ട്രശ്രദ്ധയിലേക്ക് കൊണ്ടുവന്നിട്ടുള്ള അന്തർദേശീയ തിയേറ്റർ സ്കൂ‌ൾ ഫെസ്റ്റിവലിന്റെ മൂന്നാം എഡിഷൻ 2025 ഫെബ്രുവരി മൂന്നു മുതൽ എട്ടു വരെ നടക്കുമെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. അധ്യാപനശാസ്ത്ര കാർണിവൽ ആയാണ് കോഴിക്കോട് സർവ്വകലാശാലയുടെ തൃശ്ശൂർ കേന്ദ്രമായ സ്‌കൂൾ ഓഫ് ഡ്രാമ ആൻ്റ് ഫൈൻ ആർട്സ് ഇക്കുറിയും ഐ എഫ് ടി എസ് പതിപ്പ് ഒരുക്കുക എന്നും മന്ത്രി കൂട്ടിച്ചേർത്തു.

‘ലോക വൈജ്ഞാനിക മേഖലയിൽതന്നെ നൂതനമാതൃകയായാണ് അന്താരാഷ്ട്രതലത്തിൽ ഖ്യാതിയുള്ള തിയേറ്റർ പ്രതിഭയും തിയേറ്റർ അധ്യാപകനുമായ ഡോ. അഭിലാഷ് പിള്ളയെ ഡയറക്ടർ പദവിയിൽ നിയമിച്ചതിനു പിന്നാലെ, സാർവ്വദേശീയ തിയറ്റർപഠന സ്‌കൂളുകളുടെ ബോധനശാസ്ത്രോത്സവമായി ഉന്നതവിദ്യാഭ്യാസവകുപ്പിൻ്റെ പ്രത്യേക ശ്രദ്ധയോടെ ഐ എഫ്‌ ടി എസ് ആരംഭിച്ചത്. വൈവിധ്യമാർന്ന വിദ്യാഭ്യാസ മാതൃകകൾക്ക് രൂപം കൊടുക്കുവാനും നവീന വിദ്യാഭ്യാസ മാതൃകകൾ അന്വേഷിക്കാനും ലക്ഷ്യമിട്ടാരംഭിച്ച ബോധനശാസ്ത്രോത്സവം ഈ മൂന്നാംവർഷത്തിൽ ‘തിയേറ്ററും നൈതികതയും’ എന്ന വിഷയത്തിലാകും.

Also read:തിരുവനന്തപുരത്ത് പരാതി അന്വേഷിക്കാന്‍ പോയ വനിതാ എക്സൈസ് ഓഫീസര്‍ അപകടത്തില്‍പ്പെട്ട് മരിച്ചു

നാടകപഠനത്തിൻ്റെ സാർവ്വദേശീയ മാനമുള്ളതടക്കമുള്ള സാധ്യതകൾ അനാവൃതമാക്കാനായിരുന്നു ‘ബോധനശാസ്ത്രോത്സവം’ എന്ന തീമിൽ ഐ എഫ് ടി എസ് ഒന്നാം പതിപ്പ്.’ബോധനശാസ്ത്രോത്സവം. പ്രകൃതിയും നാടകവും’ എന്നതായിരുന്നു രണ്ടാം പതിപ്പിന്റെ തീം. തനത് നാടക സങ്കല്പത്തിന്റെ തുടർച്ചയായി രൂപംകൊണ്ട സ്‌കൂൾ ഓഫ് ഡ്രാമ ഈ നാടക പഠനോത്സവത്തിൽ അതിൻ്റെ സാധ്യത അന്വേഷിച്ചുകൊണ്ടുള്ള പരിശ്രമങ്ങൾ തുടരുകയാണ്. ‘തിയേറ്ററും നൈതികതയും’ എന്ന തീമിലൂടെ ഐ എഫ്‌ ടി എസ് 2025 അന്വേഷിക്കുന്നത് തിയേറ്ററും അതിന്റെ ധാർമ്മികതയും സംബന്ധിച്ച പഠനങ്ങളാണ് ഈ വർഷത്തെ ബോധനശാസ്ത്രോത്സവത്തിൽ.

ചരിത്രത്തിൽ ഉടനീളം വരേണ്യവിഭാഗങ്ങൾക്ക് അധികാരം നിലനിർത്താനുള്ള ഉപകരണമായികൂടിയാണ് വിദ്യാഭ്യാസം നിലനിന്നത്. പതിനെട്ടാം നൂറ്റാണ്ടു വരെ അതായിരുന്നു കാര്യമായും സ്ഥിതി. ശാസ്ത്രത്തിൻറെയും സാങ്കേതികവിദ്യയുടെയും വളർച്ച സാർവ്വത്രിക വിദ്യാഭ്യാസം സാധ്യമാക്കിയപ്പോഴും, വിദ്യാഭ്യാസം സഹജമായിത്തന്നെ പുരോഗതിയും വിവേകബുദ്ധിയും നൈതികതയും ആഗോള സമാധാനവും കൊണ്ടുവരുമെന്ന ധാരണകളെ ലോക മഹായുദ്ധങ്ങൾ തകർത്തെറിഞ്ഞ അനുഭവം നമുക്ക് മൂന്നിലുണ്ട്. പുരോഗതിയിലേക്കും നൂതനമായ ബോധനശാസ്ത്രരീതികളിലേക്കും വഴി തുറക്കാൻ നൈതികവിദ്യാഭ്യാസം കൊണ്ട് സാധിക്കൂ എന്നതാണ് ഇതിലെ പാഠം. അതുൾക്കൊണ്ടുകൊണ്ട് അതിൽ കലയുടെയും കലാകാരന്മാരുടെയും പങ്ക് കണ്ടെത്തുകയാണ് ഈ ഉത്സവത്തിലൂടെ.

ആഗോളമായ വൻ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ ഉയർന്നുവരുന്ന വെല്ലുവിളികൾ നേരിടാൻ വിഷയാന്തര പഠനമാതൃകകൾ വികസിപ്പിക്കേണ്ടതുണ്ട്. കല, മാനവികശാസ്ത്ര പഠനങ്ങൾക്കും അപ്പുറത്ത്, ബിസിനസും പ്രകൃതിശാസ്ത്രവും അപ്ലൈഡ് സയൻസും ഉൾപ്പെട്ട പഠനമേഖലകളിലും സഹഭാവത്തിന്റെയും സർഗ്ഗാത്മകതയുടെയും സംസ്കാരം വളർത്താനും അങ്ങനെ നൈതികവും സുസ്ഥിരവുമായ പ്രയോഗരീതികളിലേക്ക് നയിക്കാനും ബോധനശാസ്ത്രത്തിനു കഴിയണമെന്നതാണ് ഈ ഉത്സവത്തിനു പിന്നിലെ കാഴ്ചപ്പാട്. പരമ്പരാഗത വിദ്യാഭ്യാസരീതികളുടെ അതിർത്തികളെ മറികടക്കാൻ തിയേറ്ററിനെ ഉപയുക്തമാക്കുകയാണിവിടെ.

Also read:ട്രെയിൻ തട്ടി ശുചീകരണ തൊഴിലാളികൾ മരിച്ച സംഭവം; കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കത്തയച്ച് മുഖ്യമന്ത്രി

കലോന്മുഖമായ രീതികൾ നൈതിക വിദ്യാഭ്യാസത്തിന് ഉപയുക്തമാക്കിക്കൊണ്ട് സഹഭാവവും പാരസ്‌പര്യവും വളർത്തുന്ന രീതിയിലാണ് ഐ എഫ് ടി എസ് 2025 വിഭാവനം ചെയ്യുന്നത്. ഭാവനയും സർഗ്ഗാത്മകതയും നൈതികമായ വിദ്യാഭ്യാസപ്രക്രിയയിൽ വഹിക്കേണ്ട അഭേദ്യമായ പതിൽ ഊന്നൽ നൽകിക്കൊണ്ടാവും ഈ പതിപ്പ് ബോധനശാസ്ത്രോത്സവം.

അതിനായി, ആവിഷ്കാരത്തിനൊപ്പം സാമൂഹ്യമാറ്റത്തിലും പങ്കു വഹിക്കാനുള്ള രംഗവേദിയുടെ ശേഷിയെ ഉയർത്തിക്കാണിക്കാനും അതുവഴി നൈതികതയുടെ സംസ്കാരം ഭാവനയിൽ കാണാനും കണ്ടെത്താനും സൃഷ്ടിക്കാനും വിദ്യാർത്ഥികളെയും അധ്യാപകരെയും പ്രചോദിപ്പിക്കാനും ഐ എഫ് ടി എസ് 2025 ലക്ഷ്യമിടുന്നു.

ഇന്ത്യക്കകത്തും പുറത്തുമുള്ള വിവിധ സർവ്വകലാശാലകൾ ഐ എഫ് ടി എസ് 2025ൽ പങ്കെടുക്കും. അരണാട്ടുകര ക്യാമ്പസിലെ വ്യത്യസ്ത ഇടങ്ങളിലായി നടക്കുന്ന ശില്പശാലയോടൊപ്പം പാനൽ ചർച്ചകളും പ്രബന്ധാവതരണങ്ങളും ഉണ്ടാകും. രാജ്യത്തെ വിവിധ സർവ്വകലാശാലകളിൽ നിന്നുള്ള അധ്യാപകരും വിദ്യാർത്ഥികളും കേരളത്തിലെ വിവിധ സംഘങ്ങളിൽ നിന്നും തെരഞ്ഞെടുക്കുന്ന നാടകപ്രവർത്തകരുമടക്കം ഇരുനൂറോളം പേർ പരിപാടിയിൽ പങ്കെടുക്കും. പരിശീലനക്കളരി, പാനൽ ചർച്ചകൾ, ഓപ്പൺ ഫോറം, പെഡഗോജി, ഡെമോൺസ്ട്രേഷൻ എന്നിവ കൂടാതെ, പങ്കാളികളാവുന്ന സർവ്വകലാശാലകളിലെ വിദ്യാർത്ഥികളുടെ നാടകാവതരണങ്ങളും ഈ ആറു ദിവസങ്ങളിൽ അരങ്ങേറും.

രണ്ടാമത് ഐ എഫ് ടി എസിൻ്റെ ഭാഗമായി രൂപം കൊടുത്ത നാല് റിസർച്ച് ഫെല്ലോഷിപ്പുകൾ ഈ വർഷവും തുടരും. അധ്യാപകർക്കായി ഓരോ സീനിയർ ഫെല്ലോഷിപ്പും, ഒരു എഡ്യൂക്കേഷൻ എക്സ‌ലൻസ് അവാർഡും ഈ വർഷം ഏർപ്പെടുത്താനും ഉദ്ദേശിക്കുന്നു’ – മന്ത്രി ആർ ബിന്ദു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News