29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ വ്യാഴാഴ്ച ആസ്വാദകര്‍ക്ക് ചിത്രപ്പകിട്ടാകും. രാഹുല്‍ സദാശിവന്റെ ‘ഭ്രമയുഗം’, ദീപ മേഹ്തയുടെ ‘ഫയര്‍’, മാര്‍ക്കോസ് ലോയ്‌സയുടെ ‘അവെര്‍നോ’, അക്കിനേനി കുടുമ്പ റാവുവിന്റെ ‘ഒക്ക മാഞ്ചി പ്രേമ കഥ’ എന്നിവയുടെ മേളയിലെ ഏക പ്രദര്‍ശനം നാളെ നടക്കും.
ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിച്ച, മെല്‍ബണ്‍ ഇന്ത്യന്‍ ചലച്ചിത്രമേളയില്‍ പ്രേക്ഷക പിന്തുണ നേടിയ തേവന്റെ തേരോട്ടമാകും നിശാഗന്ധിയില്‍ മിഡ്നൈറ്റ് സ്‌ക്രീനിംഗില്‍ പ്രദര്‍ശനത്തിനെത്തുന്ന ‘ഭ്രമയുഗം’ സമ്മാനിക്കുക. അഭിനയജീവിതത്തില്‍ അരനൂറ്റാണ്ട് പിന്നിടുന്ന ഷബാന ആസ്മിയോടുള്ള ആദരസൂചകമായി ഒരുക്കിയ ‘സെലിബ്രേറ്റിംഗ് ഷബാന’ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രമാണ് ‘ഫയര്‍’. 1996ല്‍ ഷിക്കാഗോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഷബാനയെ മികച്ച നടിക്കുള്ള സില്‍വര്‍ ഹ്യൂഗോ അവാര്‍ഡിനര്‍ഹയാക്കിയ ചിത്രം കൂടിയാണിത്. ഭര്‍ത്താക്കന്മാരില്‍ നിന്ന് അവഗണന നേരിടുന്ന രണ്ട് സ്ത്രീകളുടെ കഥയാണ് ‘ഫയര്‍’.
Read Also: കണ്ടവർ പറയുന്നു- വ്യത്യസ്തം ഈ സിനിമ ലോകം
കണ്‍ട്രി ഫോക്കസ് വിഭാഗത്തിലെത്തിയ അര്‍മേനിയന്‍ ചിത്രങ്ങള്‍ ഐ.എഫ്.എഫ്.കെയിലൂടെ ലോകശ്രദ്ധ ആകര്‍ഷിക്കുകയാണ്. നൂറ് വര്‍ഷം പൂര്‍ത്തിയാക്കുന്ന അര്‍മേനിയന്‍ സിനിമയ്ക്കു പറയാനുള്ളത് ചരിത്രത്തിന്റെയും സ്വത്വാന്വേഷണത്തിന്റെയും ചെറുത്തുനില്പിന്റെയും കഥകളാണ്. ‘ലോസ്റ്റ് ഇന്‍ അര്‍മേനിയ’,’പരാജനോവ് സ്‌കാന്‍ഡല്‍’, ‘അമേരികേറ്റ്സി’ എന്നീ മൂന്ന് ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ ഏഴാം ദിനം പ്രദര്‍ശനത്തിനുള്ളത്.
മലയാളസിനിമ ടുഡേ വിഭാഗത്തില്‍ വിസി അഭിലാഷിന്റെ എ പാന്‍ ഇന്ത്യന്‍ സ്റ്റോറി ആണ് ഏഴാം ദിനത്തിലെ മറ്റൊരു ശ്രദ്ധേയ ചിത്രം. രാവിലെ 9.15ന് ശ്രീ തിയേറ്ററില്‍ ആണ് പ്രദര്‍ശനം. ഹരി, റെജി എന്നീ സുഹൃത്തുക്കളുടെ കുടുംബങ്ങളുടെ കൂടിച്ചേരലിനെ തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.
Read Also: പ്രേം കുമാറിന്റെ ഐഡിയ ക്ലിക്കായി; ഫിലിം ഫെസ്റ്റിവലിലെ രക്തദാനത്തിന് വന്‍ സ്വീകാര്യത
ഏഴാം ദിനത്തിലെ മറ്റൊരു മുഖ്യആകര്‍ഷണമാണ് ‘ഇന്ത്യന്‍ സ്വതന്ത്ര സിനിമയിലെ സ്ത്രീകളുടെ പങ്ക്’ എന്ന വിഷയത്തില്‍ ഹോട്ടല്‍ ഹൊറൈസണില്‍ നടക്കുന്ന ‘ഫീമെയില്‍ വോയ്സസ് പാനല്‍’. രാവിലെ 11 മണി മുതല്‍ 12.30 വരെയാണ് ചര്‍ച്ച. നിള തിയേറ്ററില്‍ ഉച്ചതിരിഞ്ഞ് 2.30ന് ജൂറി അംഗമായ നാന ജോര്‍ജേഡ്സെയുമായി ആദിത്യ ശ്രീകൃഷ്ണ നടത്തുന്ന സംഭാഷണവും ഉണ്ടാകും.
കഴിഞ്ഞ ദിനങ്ങളില്‍ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്ന സിനിമകളായ ‘മെമ്മറീസ് ഓഫ് എ ബേണിങ് ബോഡി’, ‘റിഥം ഓഫ് ദമാം’, ‘പാത്ത്’,’ക്വിയര്‍’, ‘കാമദേവന്‍ നക്ഷത്രം കണ്ടു’ തുടങ്ങിയവയുടെ മേളയിലെ അവസാന പ്രദര്‍ശനം നാളെയാണ്. വെനീസ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ക്വിയറിന്റെ അവസാന പ്രദര്‍ശനം രാത്രി 8.30ന് ഏരീസ്പ്ലെക്സില്‍ നടക്കും. 2.15ന് ടാഗോര്‍ തിയേറ്ററിലാണ് ‘മെമ്മറീസ് ഓഫ് എ ബേണിങ് ബോഡി’ പ്രദര്‍ശിപ്പിക്കുന്നത്. വൈകിട്ട് ആറിനു കൈരളിയിലാണു ‘റിഥം ഓഫ് ദമാമി’ന്റെ പ്രദര്‍ശനം. അജന്ത തിയേറ്ററില്‍ 12.15നാണ് ‘പാത്തി’ന്റെ പ്രദര്‍ശനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here