ഇഞ്ചക്ഷൻ ഭയന്ന് ഇനി ആശുപത്രിയിൽ പോകാതിരിക്കണ്ട; സൂചിയില്ലാ സിറിഞ്ചുകൾ വികസിപ്പിച്ചെടുത്ത് ബോംബെ ഐഐടി

സൂചി കുത്തിയാലോ എന്ന് പേടിച്ച് അസുഖങ്ങൾക്കിനി ആശുപത്രിയിൽ ചികിൽസ തേടാതിരിക്കണ്ട. വരുന്നുണ്ട് ഒരു മറുവിദ്യ. രാജ്യത്ത് ആദ്യമായി സൂചിയില്ലാ സിറിഞ്ചുകൾ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ബോംബെ ഐഐടി. ഷോക്ക് സിറിഞ്ചുകൾ എന്നറിയപ്പെടുന്ന ഇവ എയറോസ്‌പേസ് എൻജിനിയറിങ് അടിസ്ഥാനപ്പെടുത്തി വികസിപ്പിച്ചെടുത്തിരിക്കുന്നതിനാൽ ഇവ ഉപയോഗിക്കുമ്പോൾ തൊലിയ്ക്ക് നാശമുണ്ടാക്കുകയോ അണുബാധയുണ്ടാക്കുകയോ ചെയ്യില്ല.

ഇത്തരം സിറിഞ്ച് ഉപയോഗിക്കുന്നതിലൂടെ ഒരാളുടെ ശരീരത്തിലേക്ക് മരുന്ന് എത്തുന്നത് ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഊർജ സമ്മർദതരംഗങ്ങളിലൂടെയാണ്. വളരെ ചെറിയൊരു മുറിവ് ഇവ ശരീരത്തിൽ സൃഷ്ടിക്കുമെങ്കിലും ഇത് തലമുടി നാരിനോളം മാത്രം വീതിയുള്ളതായിരിക്കും.

ALSO READ: തണുത്ത് വിറച്ച് കുളു മണാലി, കനത്ത മഞ്ഞ് വീഴ്ചയിൽ റിസോർട്ടിൽ കുടുങ്ങിയ 5000 വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി

വായുവിനെ ശക്തമായി തള്ളിമാറ്റിക്കൊണ്ട് വിമാനം പറക്കുന്നതു പോലെ സമ്മർദ്ദ തരംഗങ്ങൾ സിറിഞ്ചിലുള്ള മരുന്നിനെ ശരീരത്തിലേക്ക് ശക്തമായി തള്ളിക്കയറ്റുകയാണ് ചെയ്യുന്നത്. സാധാരണ ബോൾ പോയിൻ്റ് പേനയേക്കാൾ അല്പംകൂടി നീളംകൂടിയതാണ് പുതിയ സിറിഞ്ച്. സിറിഞ്ചിൻ്റെ ഒരുഭാഗത്ത് സമ്മർദ്ദമേറിയ നൈട്രജൻ വാതകമാണ് ഉപയോഗിക്കുന്നത്.

ഇത്തരത്തിൽ മരുന്ന് രോഗിയിലേക്ക് കയറ്റുമ്പോൾ കുത്തിവെച്ചതായി രോഗി അറിയുക പോലുമില്ലത്രെ. ഈ രീതി എത്രത്തോളം ഫലപ്രദമാണെന്ന് അറിയുന്നതിനായി ഗവേഷകർ ഇത്തരം രീതിയിലൂടെ ശരീരത്തിൽ പ്രവേശിക്കുന്ന മരുന്നിൻ്റെ അളവ്, അവ ശരീരത്തിൽ പ്രവർത്തിക്കുന്ന രീതി എന്നിവ എലികളിൽ പരീക്ഷിച്ചു. സാധാരണ സിറിഞ്ച് ഉപയോഗിക്കുന്ന അതേ അവസ്ഥയാണ് ഷോക്ക് സിറിഞ്ചുണ്ടാക്കിയതെന്ന് ​ഗവേഷകർ വിലയിരുത്തി.

ഇത്തരം രീതി മനുഷ്യരിൽ ഉപയോഗിക്കുന്നത് വഴി കുട്ടികൾക്കും മുതിർന്നവർക്കും പ്രതിരോധ കുത്തിവെപ്പ് വേഗത്തിലും കാര്യക്ഷമമായും എടുക്കാൻ കഴിയുമെന്നും എന്നാലിത്, മനുഷ്യരില്‍ പരീക്ഷിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തിയതിന് ശേഷമേ ആരോഗ്യരംഗത്തേക്ക് എത്തിക്കാനാകൂ എന്നും ഗവേഷകർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here