സംസ്ഥാന ലോട്ടറിയുമായി ബന്ധപ്പെട്ട് പുതിയ രീതിലുള്ള തട്ടിപ്പ് പോലീസ് പരിശോധനയിൽ കണ്ടെത്തി. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ തിരുവല്ല പോലീസ് നടത്തിയ റെയ്ഡിൽ രണ്ടുപേർ പിടിയിൽ. കടയുടമയും ജീവനക്കാരനുമാണ് അറസ്റ്റിലായത്. തിരുവല്ല കവിയൂർ തോട്ടഭാഗം ജംഗ്ഷനിൽ ഓട്ടോറിക്ഷ സ്റ്റാൻഡിന് പിന്നിൽ പുതിയതായി തുടങ്ങിയ ബിഎസ്എ ലോട്ടറീസ് കടയുടെ ഉടമ പുറമറ്റം പടുതോട് പഴൂർ വീട്ടിൽ ബിനു ചെറിയാൻ (47), ജീവനക്കാരൻ കോട്ടയം കുഴിമറ്റം പുതുപ്പറമ്പിൽ വീട്ടിൽ അഭിഷേക് ( 24) എന്നിവരെയാണ് തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്.
അനധികൃതമായി മൂന്നക്ക ലോട്ടറി കച്ചവടം നടത്തി അമിതലാഭം നേടിവരികയായിരുന്നു പ്രതികൾ. ബിനു വാടകയ്‌ക്കെടുത്ത കാടമുറിയിലാണ് കച്ചവടം നടന്നുവന്നത്. ഇന്നുച്ചയ്ക്ക് ഒരു മണിയോടെയാണ് ഇവിടെ പോലീസ് പരിശോധന നടത്തിയത്. സംസ്ഥാന സർക്കാരിന്റെ ലോട്ടറി ഫലപ്രഖ്യാപനത്തിന് വിരുദ്ധമായി പുതിയ രീതിയിൽ ഫലം നിർണ്ണയിക്കുകയും, പണം നൽകുകയും ചെയ്ത് അനധികൃതമായി ലാഭം കൊയ്തുവരികയായിരുന്നു.
ALSO READ; ഒടുവിൽ ആശ്വാസം; വല്ലപ്പുഴയിൽ നിന്ന് കാണാതായ 15കാരിയെ ഗോവയിൽ നിന്നും കണ്ടെത്തി
പുതിയതായി വരുന്ന ആളുകൾ തുടക്കത്തിൽ ടിക്കറ്റ് വാങ്ങിയശേഷം ‘എഴുത്ത് ഉണ്ടോ’ എന്ന് കോഡ് ഉപയോഗിച്ച് അംഗത്വം സ്വീകരിക്കുകയാണ് ആദ്യപടി. തുടർന്ന് ഫോണിലൂടെ ഈ ആവശ്യവുമായി വരുന്നവർക്ക് ടിക്കറ്റ് നൽകാതെ ഇവർ നേരിട്ടോ ഫോണിലൂടെയോ 3 അക്കങ്ങൾ ഏത് സമ്മാനത്തിന്റെ വിഭാഗത്തിലേക്കും എത്ര എണ്ണം വേണമെങ്കിലും ബുക്ക് ചെയ്യും. ഓരോ ദിവസവും ലോട്ടറി ടിക്കറ്റ് ഫലം വന്ന് കഴിയുമ്പോൾ ഒന്നാം സമ്മാനം നേടിയ ടിക്കറ്റിൻ്റെ അവസാന 3 അക്കങ്ങൾ ഇവടെ ബുക്ക് ചെയ്ത ടിക്കറ്റിലെ നമ്പരിന് ഉണ്ടെങ്കിൽ 5000 രൂപയും, രണ്ടാം സ്ഥാനത്തിൽ ഇതു പോലെ ഉണ്ടെങ്കിൽ 500 രൂപയും കടയുടമ നൽകും. മൂന്നാം സമ്മാനം നേടിയ ടിക്കറ്റിൽ ആദ്യം വരുന്ന 3 ടിക്കറ്റിലെ അവസാനത്തെ 3 അക്കം ഉണ്ടായാൽ 500 രൂപ, 5000 രൂപ സമ്മാനം നേടിയ ടിക്കറ്റിൽ ആദ്യം വരുന്ന 3 നമ്പരിലെ അവസാനത്തെ 3 അക്കം ഉണ്ടായാൽ 250 രൂപ,1000 രൂപ സമ്മാന ടിക്കറ്റിലും ഇതേ രീതിയിലാണ് സമ്മാനം നൽകുക.
എവിടെയും 3 അക്കങ്ങൾക്കാണ് സമ്മാനം. ഇതിലെ ഏറ്റവും വലിയ പ്രത്യേകത ഒരു ടിക്കറ്റിന് 10 രൂപയെയുള്ളൂ എന്നതാണ്. ഇവിടെ ടിക്കറ്റ് വാങ്ങേണ്ടതില്ല, പകരം ആളുകൾക്ക് ഇഷ്ടമുള്ള അവസാന 3 അക്കം ഏത് സമ്മാനത്തുകയുടെ വിഭാഗത്തിലേക്കാണ് ബുക്ക് ചെയ്യുന്നത് എന്നവിവരം ഇവരെ നേരിട്ട് അറിയിക്കുകയോ ഫോണിലൂടെ അറിയിക്കുകയോ ചെയ്യുന്നതാണ് രീതി. വളരെ രഹസ്യമായാണ് ആളുകൾ പങ്കെടുക്കുന്നത്. ഇവർക്ക് വാട്സ്ആപ്പ് ഗ്രൂപ്പുകളുമുണ്ടെന്ന് പോലീസ് കണ്ടെത്തി. അംഗത്വമെടുക്കലും ലോട്ടറി നമ്പർ കൈമാറ്റവും തകൃതിയായി നടക്കുന്നതായി പോലീസ് നിരീക്ഷണത്തിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശപ്രകാരം നടത്തിയ പോലീസ് നടപടിയിലാണ് പ്രതികൾ കുടുങ്ങിയത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.
ALSO READ; പെരുങ്കളിയാട്ടത്തിൻ്റെ ഓഡിയോ സോങ്ങ് പ്രകാശനം ചെയ്ത് നടൻ സുബീഷ് സുധി
സാധാരണ രീതിയിലുള്ള ലോട്ടറി കച്ചവടവും ഇവിടെ നടക്കുന്നതായി പോലീസിന് വ്യക്തമായിട്ടുണ്ട്. ഇത്തരത്തിൽ ലോട്ടറി വകുപ്പിന്റെ നിയമത്തിനു വിരുദ്ധമായി അനധികൃതമായി പ്രവർത്തിച്ച് ചൂതുകളിയിലൂടെ അമിതലാഭം സമ്പാദിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. തിരുവല്ല ഡി വൈ എസ് പി എസ് അഷാദിന്റെ മേൽനോട്ടത്തിൽ, പോലീസ് ഇൻസ്‌പെക്ടർ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. സംഘത്തിൽ എസ് ഐ ജി ഉണ്ണികൃഷ്ണൻ, പ്രൊബേഷൻ എസ് ഐ ഹരികൃഷ്ണൻ, എസ് സി പി ഓ പുഷ്പദാസ് എന്നിവരാണ് ഉണ്ടായിരുന്നത്. ഏജൻസി റെയ്സ് ചെയ്ത് ലോട്ടറിയും, നമ്പർ കുറിച്ചു വച്ചിരിക്കുന്ന തുണ്ടു കടലാസുകളും, മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here