അനധികൃത റിക്രൂട്ട്‌മെന്റ്; നിയമനിര്‍മ്മാണ സാധ്യതകള്‍ പരിശോധിക്കുന്നതിനായി കണ്‍സള്‍ട്ടേഷന്‍ യോഗം സംഘടിപ്പിച്ചു

ലോക കേരള സഭ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം അനധികൃത റിക്രൂട്ട്‌മെന്റിനെ സംബന്ധിച്ചുള്ള നിയമനിര്‍മ്മാണ സാധ്യതകള്‍ പരിശോധിക്കുന്നതിനായി ലോക കേരള സഭയും നോര്‍ക്ക റൂട്ട്‌സും സംയുക്തമായി വിവിധ ദേശീയ – അന്തര്‍ദേശീയ ഏജന്‍സികളെ പങ്കെടുപ്പിച്ചുകൊണ്ട് കണ്‍സള്‍ട്ടേഷന്‍ യോഗം സംഘടിപ്പിച്ചു. രണ്ട് സെഷനുകളായി സംഘടിപ്പിച്ച പരിപാടിയില്‍ നോര്‍ക്ക വകുപ്പ് സെക്രട്ടറി ഡോ. വാസുകി ഐഎഎസ്, പ്രൊട്ടക്റ്റര്‍ ഓഫ് എമിഗ്രന്റ് – തിരുവനന്തപുരം ശ്യാം ചന്ദ് ഐഎഫ്എസ്, ലോക കേരള സഭ ഡയറക്ടര്‍ ആസിഫ് കെ യൂസഫ് ഐഎഎസ്, നോര്‍ക്ക സിഇഒ അജിത് കോളശ്ശേരി, അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികള്‍, അക്കാദമിക് വിദഗ്ധര്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

പ്രൊട്ടക്റ്റര്‍ ഓഫ് എമിഗ്രന്റ്, തിരുവനന്തപുരം ശ്യാം ചന്ദ് ഐഎഫ്എസ് മോഡറേറ്റര്‍ ആയ ആദ്യ സെഷന്‍ അനധികൃത റിക്രൂട്ട്മെന്റ രീതികളെക്കുറിച്ചും നിലവിലുള്ള നിയന്ത്രണ സംവിധാനങ്ങളിലെ പോരായ്മകളെക്കുറിച്ചും ചര്‍ച്ച ചെയ്തു. രാജ്യത്ത് അനധികൃത വിദേശ തൊഴില്‍ റിക്രൂട്ട്‌മെന്റുകള്‍ നിയന്ത്രിക്കുന്നതിലും ലൈസന്‍സിങ് ഏര്‍പ്പെടുത്തുന്നതിലും നിലവിലെ എമിഗ്രേഷന്‍ ആക്ടില്‍ (1983) പരിമിതികളുണ്ട്. നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന നിരവധി അനധികൃത സംവിധാനങ്ങളെക്കുറിച്ചും നിയമപരമല്ലാത്ത ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റിനെക്കുറിച്ചും പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ് സി. ശ്യാംചന്ദ് ചൂണ്ടിക്കാട്ടി.

നിയമപരമായ റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്നതില്‍ ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ (ഐഎല്‍ഒ) സ്റ്റാന്‍ഡേര്‍ഡുകള്‍ നടപ്പിലാക്കുന്നതിനെകുറിച്ച് ഐ എല്‍ ഒ ലേബര്‍ മൈഗ്രേഷന്‍ സ്‌പെഷ്യലിസ്റ്റ് അമിഷ് കര്‍ക്കി സംസാരിച്ചു. കേരള മാന്‍പവര്‍ എക്‌സ്‌പോര്‍ട്ടേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ചാക്കോ വര്‍ഗീസ്, സംസ്ഥാന പ്ലാനിങ് ബോര്‍ഡ് അംഗം ഡോ. കെ രവി രാമന്‍, സിഡിഎസ് പ്രൊഫസര്‍ ഡോ. വിനോജ് എബ്രഹാം, ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ പോളിസി ഡെവലപ്‌മെന്റ് ലെയ്‌സണ്‍ ഓഫീസര്‍ ഡോ. സുരഭി സിങ്, മുന്‍ ഗോവ ഡിജിപിയും വിഎഫ്എസ് ഗ്ലോബല്‍ പ്രതിനിധിയുമായ ഡോ. മുക്തേഷ് ചന്ദ ഐപിഎസ് എന്നിവര്‍ ആദ്യ സെഷനില്‍ പങ്കെടുത്ത് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.

ALSO READ:വ്യാജ റിക്രൂട്ട്‌മെന്റ് പരസ്യങ്ങള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണം: നോര്‍ക്ക

സംസ്ഥാനത്തിന്റെ പരിധിയില്‍ നിന്നുകൊണ്ടുള്ള നിയമനിര്‍മാണത്തിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്ത രണ്ടാം സെഷനില്‍ സംസ്ഥാന നിയമ വകുപ്പ് സെക്രട്ടറി കെ.ജി. സനല്‍ കുമാര്‍ മോഡറേറ്ററായി. പഞ്ചാബ് എന്‍ആര്‍ഐ – എഡിജിപി പ്രവീണ്‍ കുമാര്‍ സിന്‍ഹ, പഞ്ചാബില്‍ അനധികൃത റിക്രൂട്ട്‌മെന്റുകള്‍ തടയുന്നതിന് നടപ്പിലാക്കിയ പരിപാടികളെ കുറിച്ചും നിയമ നിര്‍മാണത്തെ കുറിച്ചും വിശദീകരിച്ചു. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് ചെയര്‍മാന്‍ ഡോ. ഇരുദയ രാജന്‍, ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ ഇന്ത്യ തലവന്‍ സഞ്ജയ് അവസ്തി, കേരള ധനകാര്യ കമ്മിഷന്‍ ചെയര്‍മാന്‍ ഡോ. കെ. എന്‍. ഹരിലാല്‍, കെ എ എസ് ഇ മാനേജിങ് ഡയറ്കടര്‍ സൂഫിയാന്‍ അഹമ്മദ് ഐഎഎസ്, സംസ്ഥാന എന്‍ആര്‍ഐ സെല്‍ സൂപ്രണ്ടന്റ് അശോക കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ലോക കേരള സഭ സ്റ്റാന്‍ഡിങ് കമ്മിറ്റിയെ പ്രതിനിധീകരിച്ച് പി.എം. ജാബിര്‍ ആദ്യ സെഷനിലും, കെടിഎ മുനീര്‍ രണ്ടാമത്തെ സെഷനിലും പങ്കെടുത്തു.

വിദ്യാര്‍ത്ഥി കുടിയേറ്റത്തിന്റെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്ത യോഗത്തില്‍ കുടിയേറ്റത്തിന്റെ കാരണങ്ങള്‍, സാമ്പത്തിക ബാധ്യത, ഫീ ഇനത്തിലും മറ്റു ചിലവുകള്‍ക്കുമായി സംസ്ഥാനത്ത് നിന്നും പുറത്തേക്ക് ഒഴുകുന്ന പണത്തിന്റെ തോത്, സ്‌കൂള്‍തലം മുതലുള്ള ബോധവത്കരണത്തിന്റെ ആവശ്യകത എന്നിവ ഉന്നയിക്കപ്പെട്ടു. കൂടാതെ നവമാധ്യമങ്ങളും സാങ്കേതിക വിദ്യയും ഉപയോഗിച്ചുള്ള റിക്രൂട്ട്മെന്റ് തട്ടിപ്പുകള്‍ അന്താരാഷ്ട്ര ഏജന്‍സി പ്രതിനിധികള്‍ വിശദീകരിച്ചു. വ്യാപകമായി വ്യാജ വിസ – സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ഉപയോഗിച്ചിട്ടുള്ള തട്ടിപ്പുകളെ നിയമപരമായി നേരിടാന്‍ പരാതിക്കാര്‍ തയാറാകുന്നില്ല എന്നത് വെല്ലുവിളിയാണ്.

നിലവിലുള്ള ബോധവത്കരണ പരിപാടികളെ ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകത തിരിച്ചറിയുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ബോധവല്‍ക്കരണ പരിപാടികള്‍ വാര്‍ഡ് തലത്തില്‍ സംഘടിപ്പിക്കണമെന്നും ആവശ്യം ഉയര്‍ന്നു. പഞ്ചാബ് സര്‍ക്കാരിന്റെ ട്രാവല്‍ റെഗുലേഷന്‍ ആക്ട് ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ പരിശോധിച്ചു കേന്ദ്ര എമിഗ്രെഷന്‍ ആക്ടിന്റെ പരിധിയില്‍ നിന്നുകൊണ്ട് കേരളത്തിന് ഉതകുന്ന നിയമനിര്‍മാണം അടിയന്തരമായി നടപ്പാക്കണമെന്നും യോഗം വിലയിരുത്തി. അതോടൊപ്പം നിലവില്‍ കരട് രൂപം പൂര്‍ത്തിയായ 2021ലെ എമിഗ്രെഷന്‍ ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് കൊണ്ടുവരുന്നതിന് സംസ്ഥാനങ്ങളുടെ സമ്മര്‍ദം ആവശ്യമാണ്. യോഗത്തിന്റെ തുടര്‍ച്ചയായി കണ്ടെത്തലുകളും നിയമ നിര്‍മാണത്തിന് സഹായകമാകുന്ന വിലയിരുത്തലുകളും ഉള്‍പ്പെടുത്തി ഒരു നയരേഖ സര്‍ക്കാരിന് സമര്‍പ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News