എറണാകുളത്തെ സ്റ്റാർട്ടപ്പ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതായി കാണിച്ച് നവകേരള സദസിൽ നൽകിയ പരാതിയിൽ പരിഹാരം. കാസർഗോഡ് മന്നിപ്പാടി സ്വദേശിയായ അനഘയ്ക്കാണ് പണം തിരികെ ലഭിച്ചത്.
കാസർഗോഡ് എൽ ബി എസ് എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ക്യാംപസ് ഇന്റർവ്യൂ വഴിയാണ് മധൂരിലെ ആർ ഡി നഗർ മന്നിപ്പാടിയിലെ അനഘയെ കൊച്ചിയിലെ സ്റ്റാർട്ടപ്പിൽ ജോലിക്കായി തിരഞ്ഞെടുത്തത്. ജൂനിയർ എ ഐ ഡെവലപ്പർ തസ്തികയിലാണ് ജോലിക്കായി തിരഞ്ഞെടുത്തത്. ജോലിക്കായി ലാപ് ടോപ് വേണമെന്നും 30 ശതമാനം തുക നൽകിയാൽ 70 ശതമാനം സബ്സിഡിയിൽ മാത്രം നൽകിയാൽ ലാപ് ടോപ് നൽകുമെന്നും കമ്പനി അധികൃതർ അറിയിച്ചു. ഇതേ തുടർന്ന് 40000 രൂപ ഓൺലൈൻ വഴി കൈമാറി. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും നിയമനം നടത്തിയില്ല. ലാപ് ടോപ്പും ലഭിച്ചില്ല. സ്ഥാപനത്തിന്റെ യോഗത്തിനും ഓണാഘോഷ പരിപാടിക്കുമായി രണ്ട് തവണ കൊച്ചിയിൽ കൊണ്ടു പോയി. പിന്നീട് പണം തിരികെ നൽകുമെന്നറിയിച്ചെങ്കിലും പല അവധി പറഞ്ഞ് നീട്ടിക്കൊണ്ടു പോവുകയായിരുന്നു.
Also read:രാജസ്ഥാനില്‍ പിതാവ് മകളെ കഴുത്തുമുറിച്ച ശേഷം തീകൊളുത്തി കൊന്നു
അനഘയും സുഹൃത്തുക്കളും അഭിഭാഷകൻ മുഖേന സ്ഥാപനത്തിനെതിരെ കേസ് കൊടുക്കാനുള്ള ആലോചനയിലായിരുന്നു. ഇതിനിടെ കാസർഗോഡ് നവകേരള സദസിലെത്തി അനഘയുടെ പിതാവ് വിജയ ചന്ദ്രൻ സ്റ്റാർട്ടപ്പ് കമ്പനിയുടെ തട്ടിപ്പ് നടത്തിയതായി കാണിച്ച് പരാതി നൽകുകയായിരുന്നു. പരാതി ഓൺലൈനിൽ അപ്പ്ലോഡ് ചെയ്തതോടെ പിറ്റേന്ന് മൊബൈലിൽ മെസേജെത്തി. പിന്നാലെ കാസർഗോഡ് പൊലീസ് വിളിച്ചു. പൊലീസ് സ്ഥാപനത്തിൽ ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതോടെ പണം അക്കൗണ്ടിലേക്ക് അയക്കുകയായിരുന്നു. 6 ദിവസത്തിനകം പ്രശ്നം പരിഹരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് കുടുംബം. കാസർഗോഡ് ജില്ലയിൽ ലഭിച്ച 14476 അപേക്ഷകളിൻ മേൽ വിവിധ വകുപ്പുകൾ തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here