ഇമ്രാൻ ഖാൻ അറസ്റ്റിൽ

ദില്ലി: മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ തോഷഖാന അഴിമതിക്കേസിൽ അറസ്റ്റ് ചെയ്ത് പൊലീസ്.  ഇസ്ലാമാബാദ് ഹൈക്കോടതിയിൽ ഹാജരാകാൻ എത്തിയ ഇമ്രാൻ ഖാനെ കോടതിക്കുള്ളിൽ കയറിയാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത് എന്നാണ് സൂചന. വൻ പൊലീസ് സന്നാഹം ഇമ്രാനെ പിടിച്ചുവലിച്ച് വാഹനത്തിൽ കയറ്റി കൊണ്ടുപോകുന്നതായാണ് ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.

പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങൾ കുറഞ്ഞ വിലയ്ക്ക് വിറ്റ് നേട്ടമുണ്ടാക്കിയെന്ന തോഷഖാന കേസിലാണ് അറസ്റ്റ് എന്നാണ് സൂചന. എന്നാൽ, ഇസ്ലാമാബാദിലെ ജുഡീഷ്യൽ മജിസ്ട്രേറ്റിനെ വഴിയിൽ തടഞ്ഞുവെന്നതടക്കമുള്ള എഴുപതോളം കേസുകൾ ഇമ്രാന് നേരെ ചുമത്തിയിട്ടുള്ളതിനാൽ കുരുക്ക് മുറുക്കുകയാണ് ഷഹബാസ് ഷെരീഫ് സർക്കാരിൻറെ ലക്ഷ്യമെന്നും സൂചനയുണ്ട്. ഇതിനിടെ ഇസ്ലാമാബാദിൽ ഇമ്രാൻ്റെ പാർട്ടി പാക് തെഹരീക് ഇ ഇൻസാഫ് തുടരുന്ന പ്രതിഷേധം മറ്റ് നഗരങ്ങളിലേക്കും പടർന്നേക്കും. തലസ്ഥാനത്ത് സർക്കാർ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, നഷ്ടപ്പെട്ട പ്രീതി സൈന്യത്തിൽ നിന്ന് തിരികെ പിടിക്കാനാണ് ഷഹബാസ് ഷെരീഫ് സർക്കാർ പ്രകോപന നീക്കം തുടരുന്നത് എന്നാണ് വിമർശനം ഉയരുന്നത്.
കഴിഞ്ഞ മാർച്ചിൽ കോടതിയിൽ ഹാജരാകാനായി ഇമ്രാൻ ഇസ്ലാമാബാദിലെത്തിയ തക്കം നോക്കി ലാഹോറിലെ ഇമ്രാൻ്റെ വസതിയായ സമൻപാർക്കിന് നേരെയും പൊലീസ് സംഘത്തിൻറെ ആക്രമണം ഉണ്ടായിരുന്നു. ഒരു വശത്തെ മതിൽ തകർത്ത് വീടിനുള്ളിൽ കയറാൻ നോക്കിയ പൊലീസ് സംഘത്തെ പ്രതിരോധിച്ചത് പാക് തെഹരീക് ഇ ഇൻസാഫ് പ്രവർത്തകരാണ്. എന്നാൽ വീടിനുള്ളിൽ നടത്തിയ റെയ്ഡിനൊടുവിൽ നിരവധി എകെ 47 തോക്കുകളും തിരകളും കണ്ടെടുത്തു എന്നായിരുന്നു പൊലീസ് ഔദ്യോഗിക ഭാഷ്യം. കഴിഞ്ഞ വർഷം ഹഖീഖി ആസാദി റാലിക്കിടെ ഇമ്രാൻ ഖാന് നേരെ വധശ്രമവുമുണ്ടായിരുന്നു. കടുക്കുന്ന സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധിക്കിടെ ജനങ്ങളുടെ പ്രതിഷേധ ശബ്ദമായി ഇമ്രാൻ പട നയിക്കുന്നതിനിടെയാണ് വിലങ്ങണിയിച്ച് ഭരണകൂടത്തിൻ്റെ പ്രതിരോധം.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News