അൽ ഖാദിർ അഴിമതിക്കേസിൽ ഇമ്രാൻ ഖാന് രണ്ടാഴ്ച ജാമ്യം. മെയ് 9ന് ശേഷം എടുത്ത കേസുകളിൽ 17 വരെ അറസ്റ്റ് പാടില്ലെന്നും കോടതി. ഇമ്രാന്റെ പാർട്ടി രാജ്യത്തെ നാശത്തിലേക്ക് നയിക്കുന്നുവെന്നാണ് ഷഹബാസ് ഷെരീഫിൻ്റെ വിമർശനം. ലാഹോർ പൊലീസിനെ ഉപയോഗിച്ച് ഇമ്രാനെ അറസ്റ്റ് ചെയ്യാനും ഭരണകൂട നീക്കമുണ്ട്.
ഇമ്രാൻ ഖാനും പങ്കാളി ബുഷ്റ ബീവിയും നേതൃത്വം വഹിച്ചിരുന്ന അൽ ഖാദിർ യൂണിവേഴ്സിറ്റി ട്രസ്റ്റിൻ്റെ പേരിലുള്ള ഭൂമി കുംഭകോണത്തിൽ 14 ദിവസത്തേക്കാണ് ഇമ്രാന് ജാമ്യം ലഭിച്ചത്. ഇമ്രാന്റെ ജാമ്യഹർജി പരിഗണിച്ച ഇസ്ലാമാബാദ് ഹൈക്കോടതിയിലെ രണ്ടംഗ ബെഞ്ച് ഇമ്രാന് ആശ്വാസമാകുന്ന വിധി പുറപ്പെടുവിച്ചത്. മെയ് 9ന് നടന്ന നാടകീയ അറസ്റ്റിനു ശേഷം റജിസ്റ്റർ ചെയ്ത ഒരു കേസിലും മെയ് 17 വരെ ഇമ്രാനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി ഉത്തരവിട്ടു. കഴിഞ്ഞദിവസം ഇമ്രാന്റെ അറസ്റ്റിൽ ഇടപെട്ട പാക്കിസ്ഥാൻ സുപ്രീംകോടതി അറസ്റ്റ് അസാധുവാക്കുകയും ഇമ്രാനെ സ്വതന്ത്രനാക്കണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. അറസ്റ്റിലായ അതേ അഴിമതിക്കേസിൽ വീണ്ടും ഇസ്ലാമാബാദ് ഹൈക്കോടതിയിൽ ഹാജരാകാനായിരുന്നു ഇമ്രാന് സുപ്രീംകോടതിയുടെ നിർദ്ദേശം.
അറസ്റ്റ് ചെയ്യരുതെന്ന ഹൈക്കോടതി നിർദേശം ഇസ്ലാമാബാദിൽ രജിസ്റ്റർ ചെയ്ത കേസുകൾക്ക് മാത്രം ബാധകമായതിനാൽ ലാഹോറിൽ നിന്നുള്ള പൊലീസ് സംഘത്തെ ഉപയോഗിച്ച് ഇമ്രാനെ പൂട്ടാനാണ് ഭരണകൂട നീക്കം. രാജ്യത്താകെ ഇമ്രാനെതിരെ 121 കേസുകൾ നിലവിലുണ്ട്. തീവ്രവാദ വകുപ്പുകൾ ഉൾപ്പെടുത്തി ലാഹോറിൽ പന്ത്രണ്ടും ഫൈസലാബാദിൽ പതിനാലും കേസുകളാണ് ഇമ്രാനെതിരെയുള്ളത്. അതേസമയം, ഇമ്രാൻ ഖാനെ കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ച നടപടി തെറ്റാണ് എന്നാണ് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിൻ്റെ വിമർശനം. ഇമ്രാൻ ഖാനും ഖാൻ്റെ പാർട്ടിയും കള്ളന്മാരാണെന്നും പാക് തെഹരീക് ഇൻസാഫാണ് രാജ്യത്തെ നാശത്തിലേക്ക് നയിക്കുന്നതെന്നും ഷഹബാസ് ശരീഫ് പ്രതികരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here