മഹാരാഷ്ട്രയിൽ മഹായുതി സർക്കാരിൻ്റെ ആദ്യഘട്ട മന്ത്രിസഭാ വികസനത്തിൽ 33 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു. ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നിലനിർത്തും. സംസ്ഥാന മന്ത്രിമാരുടെ പട്ടികയിലെ സിംഹഭാഗവും ബിജെപി കൈയ്യടക്കി. മഹാരാഷ്ട്രയിൽ മഹായുതി വലിയ വിജയം നേടിയതിന് പിന്നാലെ സഖ്യ കക്ഷികൾ തമ്മിലുണ്ടായ അധികാര വടംവലികൾക്കൊടുവിലാണ് ആദ്യ ഘട്ട മന്ത്രിസഭാ വിപുലീകരണം ഇന്ന് നാഗ്പൂരിൽ നടന്നത്. 2024-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യം നിർണായക വിജയത്തിനാണ് സാക്ഷ്യം വഹിച്ചത്. സംസ്ഥാനത്തെ 288-ൽ 230 സീറ്റുകൾ നേടി വൻ വിജയം ഉറപ്പാക്കി.
ബിജെപി 132 സീറ്റുകൾ നേടിയപ്പോൾ ശിവസേന 57 സീറ്റുകളും എൻസിപിക്ക് 41 സീറ്റുകളും ലഭിച്ചു. ഡിസംബർ 5 ന് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മുൻ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും എൻസിപിയുടെ അജിത് പവാറും ഉപമുഖ്യമന്ത്രിമാരായി.
സത്യപ്രതിജ്ഞയോടെ, മഹായുതി സഖ്യം തമ്മിലുള്ള അധികാരം പങ്കിടൽ കരാറുകൾക്ക് ഉടൻ അന്തിമ രൂപമാകുമെന്നാണ് പ്രതീക്ഷ. ബിജെപിയും സഖ്യകക്ഷിയായ ശിവസേനയും തമ്മിലുള്ള പ്രധാന തർക്കവിഷയമായിരുന്ന ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നിലനിർത്തുമെന്ന് തീരുമാനമായി. മഹാരാഷ്ട്ര കാബിനറ്റ് മന്ത്രിമാരുടെ പട്ടികയിൽ സംസ്ഥാന ഭാരതീയ ജനതാ പാർട്ടി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ ഉൾപ്പെടെ ആകെ 39 എംഎൽഎമാരെയാണ് മഹാരാഷ്ട്ര സർക്കാരിൽ ഉൾപ്പെടുത്തിയത്.
ഡിസംബർ 16 ന് സംസ്ഥാന നിയമസഭയുടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന ശീതകാല സമ്മേളനം ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പാണ് നാഗ്പൂരിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. 33 പേർ ക്യാബിനറ്റ് മന്ത്രിമാരായും 6 പേർ സഹമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. 33 കാബിനറ്റ് മന്ത്രിമാരിൽ 16 പേർ ബിജെപിയിൽ നിന്നും 9 പേർ ശിവസേനയിൽ നിന്നും 8 പേർ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ (എൻസിപി) നിന്നുമാണ്. ഇതോടെ സംസ്ഥാന മന്ത്രിമാരുടെ പട്ടികയിലെ സിംഹഭാഗവും ബിജെപിയാണ് കയ്യടക്കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here