ഹൃദയം മരവിച്ചു പോകുന്ന ക്രൂരത, മണിപ്പൂരിൽ ആക്രമകാരികൾ സ്ത്രീയെ കൊന്നത് തുടയിൽ ലോഹ ആണി അടിച്ചുകയറ്റിയും എല്ലുകൾ തകർത്തും

കലാപകാരികൾ മണിപ്പൂരിൽ അഴിച്ചുവിടുന്ന ക്രൂരതകളുടെ കഥകൾ ഒരുപാട് തവണ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുള്ളതാണ്. ഇപ്പോഴിതാ അത്തരമൊരു കണ്ണില്ലാത്ത ക്രൂരതയനുഭവിച്ച് മരണത്തിനു കീഴടങ്ങേണ്ടി വന്ന ഒരു സ്ത്രീയുടെ വാർത്തകളാണ് പുറത്തുവരുന്നത്. മണിപ്പൂരിലെ ജിരിബാം ജില്ലയിൽ കലാപകാരികളാൽ കൊല്ലപ്പെട്ട ഒരു സ്ത്രീയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് സ്ത്രീ അനുഭവിച്ച ക്രൂരത വെളിപ്പെടുത്തുന്ന തരത്തിലുള്ള പരാമർസങ്ങളുള്ളത്. സ്ത്രീയുടെ ശരീരത്തിൽ  ഒടിഞ്ഞ എല്ലുകളും തലയോട്ടിയും ഉൾപ്പെടെ എട്ട് മുറിവുകൾ ശരീരത്തിലുണ്ടെന്ന് കാണിക്കുന്ന രേഖകളാണ് പുറത്തുവന്നിട്ടുള്ളത്. അസമിലെ സിൽച്ചാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടം പ്രകാരം ശരീരത്തിൻ്റെ 99 ശതമാനവും പൊള്ളലേറ്റ മുറിവുകളാൽ മൂടപ്പെട്ട നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

ALSO READ: രാജ്യത്തെ ഡീസൽ എഞ്ചിനുകൾ ആഫ്രിക്കയിലേക്ക് കയറ്റി അയക്കുന്ന പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ; പദ്ധതി വൈദ്യുതീകരണം പൂർത്തിയായതിനാലെന്ന് വിശദീകരണം

മുഖത്തിൻ്റെ ഭാഗങ്ങൾ, വലത് കൈകാലുകൾ, കൈകാലുകളുടെ താഴത്തെ ഭാഗങ്ങൾ എന്നിവയുൾപ്പെടെ പൊള്ളലേറ്റ അസ്ഥി ശകലങ്ങളും ശരീരഭാഗങ്ങളും കാണാതായി. അക്രമത്തിൽ സ്ത്രീയുടെ തലയോട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റതായും അവ കഷണങ്ങളായി തകർന്നതായും കഴുത്തിലെ കോശങ്ങൾ കത്തിക്കരിഞ്ഞതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. വലത് തുടയിൽ തുളച്ചുകയറിയ മുറിവും ഇടത് തുടയിൽ പതിഞ്ഞ ലോഹ ആണിയും റിപ്പോർട്ടിൽ വിവരിച്ചിട്ടുണ്ട്. എന്നാൽ, വ്യാപകമായ പൊള്ളൽ ചില പരിശോധനകൾ അസാധ്യമാക്കിയതിനാൽ, സ്ത്രീ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടോ എന്ന് പോസ്റ്റ്‌മോർട്ടത്തിന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. നിലവിലെ അവസ്ഥ രാസപരിശോധനയും സാധ്യമല്ലാതാക്കിയിട്ടുണ്ട്. മൂന്ന് കുട്ടികളുടെ അമ്മയായ സ്ത്രീയെ സായുധരായ കലാപകാരികൾ അവരുടെ വീടിന് തീയിട്ടു കൊന്നതാകാം എന്ന് സംശയിക്കുന്നു. ജിരിബാം ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ 11 കുക്കി തീവ്രവാദികളെ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്) വധിച്ചിരുന്നു . സംസ്ഥാനത്ത് തുടരുന്ന അക്രമങ്ങളിൽ ഇതുവരെ 200 ഓളം പേർ കൊല്ലപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News