കേസിൽ പ്രതികളാണെങ്കിലും അവർക്കുമില്ലേ കുറ്റബോധം പേറുന്നൊരു മനസ്സ്?. ഉണ്ടെന്നാണ് ഒഡീഷയിലെ ബെർഹാംപൂർ പൊലീസ് വിവിധ കേസുകളിലായി അവർ പിടികൂടുന്ന പ്രതികളുടെ വിവരം പ്രഖ്യാപിച്ചുകൊണ്ടുള്ള വാർത്തകളിൽ നിന്ന് മനസ്സിലാകുന്നത്. കേസിലെ പ്രതികളുടെ വാർത്ത അവിടുത്തെ പൊലീസ് പുറംലോകത്തെ അറിയിക്കുന്നത് വിവിധ ഇമോജികളിട്ടു കൊണ്ടാണ്. വെറും ഇമോജികളല്ല. കുറ്റബോധവും പശ്ചാത്താപവും നിറഞ്ഞ മനസ്സോടെ കരയുന്നതും നിറഞ്ഞ കണ്ണുകളോടെയുമുള്ള ഇമോജികളാണ് ബെർഹാംപൂർ പൊലീസ് തങ്ങളുടെ പ്രതികൾക്കായി സാധാരണ നൽകി വരുന്നത്. ഹൊ, എത്ര നല്ലവരായ പൊലീസുകാർ, എന്ന് കരുതാൻ വരട്ടെ. പ്രതികളെ പ്രഖ്യാപിക്കുന്ന ബെർഹാംപൂർ പൊലീസിൻ്റെ ഈ തന്ത്രത്തിനു പിന്നിൽ ചെറിയൊരു ബിസിനസ് ട്രിക്ക് കൂടിയുണ്ട്. മറ്റൊന്നുമല്ല, സാധാരണ ഗതിയിൽ ആരും ശ്രദ്ധിക്കാനോ വായിക്കാനോ മെനക്കെടാത്ത വാർത്തകൾ ഇമോജികൾ കൊണ്ടുവരുന്ന വ്യത്യസ്തതകൾ കണ്ട് നാലാൾക്കാരിലേക്ക് കൂടുതൽ എത്തുമല്ലോ, എന്നതാണ് ആ ഐഡിയ.
Gopalpur Police team arrested four persons for assaulting father and son. pic.twitter.com/LiK5ys1WhM
— SP BERHAMPUR (@SP_BERHAMPUR) November 7, 2024
അച്ഛനെയും മകനെയും ആക്രമിച്ചതിന് ഗോപാൽപൂർ പോലീസ് സംഘം അറസ്റ്റ് ചെയ്ത നാല് പ്രതികളുടെ ഫോട്ടോയാണ് പൊലീസ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്. പക്ഷേ പ്രതികളുടെ മുഖങ്ങളിലുള്ളതോ നിരാശയും പശ്ചാത്താപവും അപേക്ഷാ ഭാവങ്ങളും നിറഞ്ഞ ഇമോജികൾ. പൊലീസിൻ്റെ വ്യത്യസ്തമായ ഈ പ്രവൃത്തിയിൽ അവരെ അഭിനന്ദിച്ചും പരിഭവിച്ചും ഒട്ടേറെ പോസ്റ്റുകളാണ് സമൂഹ മാധ്യമത്തിൽ നിറയുന്നത്. ബെർഹാംപൂർ പൊലീസ് ഇതാദ്യമായല്ല പ്രതികളുടെ ചിത്രങ്ങളിൽ ഇമോജികൾ ഉപയോഗിക്കുന്നതെന്നും എല്ലാ പ്രതികൾക്കും അവരുടെ വൈകാരിക ഭാവങ്ങൾ മാത്രം നൽകാതെ പരാതി നൽകുന്ന ആളുകളുടെ മനസ്സിലെ വികാരം കൂടി മനസ്സിലാക്കി പൊലീസ് ഇമോജികൾ കൈകാര്യം ചെയ്യണമെന്നും പോസ്റ്റിനു താഴെ പലരും അഭിപ്രായപ്പെടുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here