സർക്കാരും പാക് സുപ്രീംകോടതിയും തമ്മിലുള്ള പോര് കടുക്കുന്നു

പാകിസ്ഥാനിൽ ഇമ്രാൻ്റെ പേരിൽ സർക്കാരും പാക് സുപ്രീംകോടതിയും തമ്മിൽ പോര് കടുക്കുന്നു. കോടതിക്കെതിരെ പ്രമേയം പാസാക്കിയും അണികളെ കൊണ്ട് കോടതി ഉപരോധിച്ചും സമ്മർദ്ദത്തിന് ശ്രമിക്കുകയാണ് സർക്കാർ. ഇമ്രാന്‍റെ അറസ്റ്റ് അസാധുവാക്കിയ കോടതി നടപടിയിലും സർക്കാരിന് പ്രതിഷേധമുണ്ട്.

പാകിസ്ഥാനിൽ ഷഹബാസ് ഷെരീഫ് സർക്കാരും ഇമ്രാൻഖാന്റെ പാർട്ടിയും തമ്മിലുള്ള പോര് സുപ്രീംകോടതിയെ കൂടി തർക്ക വൃത്തത്തിലേക്ക് വലിച്ചിടുകയാണ്. കോടതിക്കെതിരെ പാകിസ്ഥാൻ പാർലമെന്റിൽ തുടരെത്തുടരെ പ്രമേയങ്ങൾ പാസാക്കിയും പാർട്ടി അണികളെ കൊണ്ട് സുപ്രീംകോടതി ഉപരോധിച്ചും സമ്മർദ്ദം ചെലുത്തുകയാണ് ഷഹബാസ് ഷെരീഫ് സർക്കാരും ഭരണമുന്നണിയായ പാകിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്മെന്റും. നൂറുകണക്കിന് പിഡിഎം അണികളാണ് ഇസ്ലാമാബാദിൽ സുപ്രീംകോടതി ഉൾപ്പെടുന്ന റെഡ് സോണിൽ പ്രതിഷേധവുമായി എത്തിയത്.

സുപ്രീംകോടതി ചീഫ് ജസ്റ്റിസിൻ്റെ അധികാരങ്ങളുടെ കടയ്ക്കൽ കത്തി വയ്ക്കുന്ന പുതിയ പ്രമേയവും പാകിസ്ഥാൻ പാർലമെന്റിൽ ഇന്ന് അവതരിപ്പിച്ച് പാസാക്കിയിട്ടുണ്ട്. സുപ്രീംകോടതിയുടെ അധികാരങ്ങൾ വെട്ടിക്കുറക്കാനും ജഡ്ജി നിയമനത്തിൽ സർക്കാരിൻറെ പങ്ക് വർദ്ധിപ്പിക്കാനും നേരത്തെ പ്രമേയങ്ങൾ പാസാക്കപ്പെട്ടിരുന്നു. അധികാരഭ്രഷ്ടനായ ഇമ്രാൻ രാജ്യത്ത് വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ വേണ്ടി നടത്തുന്ന ഇടപെടലുകളും ഇമ്രാനെതിരെ സർക്കാർ നൽകിയ കേസുകളും സുപ്രീംകോടതിക്ക് മുന്നിലാണ്. ഇതിൽ അനുകൂല നിലപാട് ലഭിക്കാനായാണ് സർക്കാരിൻറെ സമ്മർദ്ദതന്ത്രം.

അധികാരം ഉപയോഗിച്ച് ഇലക്ഷൻ കമ്മീഷനെ നിയന്ത്രിക്കുന്ന ഷഹബാസ് ഷെരീഫ് സർക്കാർ തോന്നിയ സമയത്ത് പഞ്ചാബ്, ഖൈബർ പഖ്തുംഖ്വ പ്രവിശ്യാ തെരഞ്ഞെടുപ്പുകൾ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. നേരത്തെ മാർച്ചിലും ഏപ്രിലിലും പ്രഖ്യാപിക്കപ്പെട്ട തെരഞ്ഞെടുപ്പ് ഇപ്പോൾ ഒക്ടോബറിലെ നടത്താൻ കഴിയൂ എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട്. വിഷയത്തിൽ സുപ്രീംകോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇമ്രാൻ ഖാൻ നൽകിയ ഹർജി കോടതിയുടെ പരിഗണനയിലാണ്. തെരഞ്ഞെടുപ്പ് നടത്തണം എന്നാണ് സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ ഉന്നയിക്കുന്ന ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News