അണയാതെ കര്‍ഷക സമരം, ഡിസംബര്‍ 30ന് പഞ്ചാബില്‍ ബന്ദിന് ആഹ്വാനം

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹനയങ്ങളില്‍ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചും പഞ്ചാബില്‍ ഡിസംബര്‍ 30ന് കര്‍ഷക സംഘടനകള്‍ ബന്ദ് പ്രഖ്യാപിച്ചു. സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതര വിഭാഗവും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുമാണ് ബന്ദിന് ആഹ്വാനം ചെയ്തത്. 2021ലെ ലഖിംപുര്‍ ഖേരി അക്രമത്തിലെ ഇരകള്‍ക്ക് നീതി ലഭ്യമാക്കുക, കാര്‍ഷിക കടം എഴുതിത്തള്ളുക, കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും പെന്‍ഷന്‍ ഏര്‍പ്പെടുത്തുക, വിളകളുടെ മിനിമം താങ്ങുവിലയ്ക്കു നിയമ പരിരക്ഷ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ സമരം നടത്തുന്നത്.

നേരത്തെ, കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ന് പഞ്ചാബിലുടനീളം ട്രെയിന്‍ തടയല്‍ സമരവും നടത്തിയിരുന്നു. ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് 3 വരെ നടത്തിയ സമരത്തെ തുടര്‍ന്ന് വിവിധ ട്രെയിനുകളാണ് പ്ലാറ്റ്‌ഫോമുകളില്‍ പിടിച്ചിട്ടത്.

ALSO READ: മസ്ജിദ് നിര്‍മാണത്തിനായി അയോധ്യയില്‍ സുപ്രീംകോടതി അനുവദിച്ച സ്ഥലം തിരിച്ചെടുക്കണം, യോഗി ആദിത്യനാഥിന് കത്തു നല്‍കി ബിജെപി നേതാവ്

ജമ്മുവില്‍ നിന്ന് സീല്‍ദയിലേക്കുള്ള ഹംസഫര്‍ എക്സ്പ്രസ്, അമൃത്സറില്‍നിന്ന് മുംബൈയിലേക്കുള്ള ദാദര്‍ എക്സ്പ്രസ്, ന്യൂഡല്‍ഹിയില്‍നിന്ന് അമൃത്സറിലേക്കുള്ള ഷാന്‍-ഇ-പഞ്ചാബ് എക്സ്പ്രസ് എന്നിവ ലുധിയാന റെയില്‍വേ സ്റ്റേഷന്റെ വിവിധ പ്ലാറ്റ്‌ഫോമുകളിലും ന്യൂഡല്‍ഹിയില്‍നിന്ന് അമൃത്സറിലേക്കു വരികയായിരുന്ന ശതാബ്ദി എക്സ്പ്രസ് ഖന്ന റെയില്‍വേ സ്റ്റേഷനിലും നിര്‍ത്തിയിട്ടു.

ദില്ലിയില്‍ ഫെബ്രുവരിയോടെ നടത്താനിരുന്ന മാര്‍ച്ച് തടഞ്ഞതിനെ തുടര്‍ന്ന് പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു, ഖനൗരി അതിര്‍ത്തികളില്‍ ക്യാംപ് ചെയ്യുകയാണ് നിലവില്‍ കര്‍ഷകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News