ഉപതെരഞ്ഞെടുപ്പില്‍ പി.വി. അന്‍വറുമായി ഡീല്‍ നടത്താനുള്ള പ്രതിപക്ഷ നേതാവിൻ്റെ നീക്കത്തില്‍ കൈപൊള്ളി കോണ്‍ഗ്രസ്. അന്‍വറുമായുള്ള പ്രതിപക്ഷ നേതാവിൻ്റെ കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധമുയര്‍ന്നതോടെയാണ് പ്രശ്‌നം രൂക്ഷമായത്. ഇതേ തുടര്‍ന്ന് അന്‍വറിനെ പരസ്യമായി തള്ളിപ്പറഞ്ഞ് മുഖം രക്ഷിക്കാനുള്ള വി.ഡി. സതീശൻ്റെ ശ്രമവും പാളി. അന്‍വര്‍ തിരിച്ചടിച്ചതോടെയാണ് കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വിവാദമായി മാറിയത്. വി.ഡി. സതീശന്‍, ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ കോക്കസാണ് കാര്യങ്ങളെല്ലാം പാര്‍ട്ടിയില്‍ തീരുമാനിക്കുന്നതെന്ന പി. സരിൻ്റെ ആക്ഷേപം പാലക്കാട് കൂടുതല്‍ ചര്‍ച്ചയാകുകയും പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം രൂക്ഷമാവുകയും ചെയ്തു.
ഇതിൻ്റെ പ്രതിഫലനം സതീശൻ്റെ തുടര്‍ നീക്കങ്ങളിലും ഉണ്ട്. അന്‍വറിനെ കൂടെ കൂട്ടാനുള്ള സതീശൻ്റെ ധൃതി ഇതിന് ഉദാഹരണമാണ്. സതീശന്‍ അങ്ങോട്ടുപോയി അന്‍വറിനെ കണ്ടു. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന് പറഞ്ഞ അന്‍വറിൻ്റെ കാലുപിടിക്കുകയാണ് വി.ഡി. സതീശനെന്ന വിമര്‍ശനവും ഇതോടെ പാര്‍ട്ടിയില്‍ ഉയര്‍ന്നു കഴിഞ്ഞു. പാര്‍ട്ടിയില്‍ തര്‍ക്കം രൂക്ഷമായതോടെ അന്‍വറിനെ പരസ്യമായി തള്ളിപ്പറഞ്ഞ് മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് വി.ഡി. സതീശൻ. എന്നാല്‍, അന്‍വര്‍ വി.ഡി.സതീശനെതിരെ പരസ്യമായി രംഗത്തെിയത് പിന്നെയും തിരിച്ചടിയായി. പാര്‍ട്ടി എന്ന നിലയ്ക്ക് കൂടിയാലോചന ഇല്ലാതെ വി.ഡി.സതീശന്‍ നടത്തുന്ന നീക്കങ്ങളില്‍ മുതിര്‍ന്ന നേതാക്കളും പ്രതിഷേധത്തിലാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here