വനിതാ ഡോക്ടറുടെ കൊലപാതകം, കൊൽക്കത്തയിൽ ഡോക്ടർമാർ വീണ്ടും സമര മുഖത്തേക്ക്; കേസിലെ മുഖ്യ പ്രതികൾക്ക് ജാമ്യം നൽകിയതിൽ പ്രതിഷേധിച്ചാണ് സമര പ്രഖ്യാപനം

കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളജിൽ പിജി ട്രെയിനി ഡോക്ടർ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ഡോക്ടർമാർ വീണ്ടും സമരത്തിലേക്ക്. മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനുൾപ്പെടെ ജാമ്യം നൽകിയതിൽ പ്രതിഷേധിച്ചാണ് ഡോക്ടർമാർ 10 ദിവസത്തെ  കുത്തിയിരിപ്പ് സമരം പ്രഖ്യാപിച്ചത്. കേസിലെ സിബിഐ അന്വേഷണം പരാജയപ്പെട്ടെന്ന് ഡോക്ടർമാർ ആരോപിച്ചു.

കഴിഞ്ഞദിവസമാണ് കേസിലെ പ്രധാന പ്രതിയും മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പലുമായ സന്ദീപ് ഘോഷിനും കൊൽക്കത്ത മുൻ പൊലീസ് ഓഫീസർ അഭിജിത്ത് മൊണ്ഡലിനും സീൽദാ കോടതി ജാമ്യം അനുവദിച്ചത്. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുന്നതിൽ സിബിഐ പരാജയപ്പെട്ടെന്ന്  ചൂണ്ടിക്കാണിച്ച കോടതി ഇരുവർക്കും ജാമ്യം അനുവദിക്കുകയായിരുന്നു. കേസിൽ സിബിഐയുടെ അന്വേഷണം പരാജയപ്പെട്ടെന്ന് ആരോപിച്ച് കൊൽക്കത്തയിലെ 5 മെഡിക്കൽ അസോസിയേഷനുകളുടെ സംഘടനയായ WBJPD ഡിസംബർ 26 വരെ സമരം പ്രഖ്യാപിച്ചു.

ALSO READ: കോട്ടയം സി എസ് ഐ ആസ്ഥാനത്ത് ചേർന്ന മധ്യകേരള മഹാ ഇടവക ഡയോസിയൻ കൗൺസിൽ യോഗം പിരിച്ചു വിട്ടു; മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്തതിനെതിരെ പ്രതിഷേധം

സമരത്തിന് അനുമതി തേടി കൊൽക്കത്ത പൊലീസ് കമ്മീഷണർക്ക് അസോസിയേഷൻ കത്തയച്ചു. സമാധാനപരമായി പ്രതിഷേധിക്കുമെന്നും സമരക്കാർക്ക് സുരക്ഷ ഉറപ്പാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് 6 നാണ് ആർജി കർ മെഡിക്കൽ കോളജിലെ  പിജി ട്രെയിനി ഡോക്ടർ ഡ്യൂട്ടിയിലിരിക്കെ  ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവത്തിൽ മമതാ സർക്കാരിനെതിരെ കടുത്ത ആരോപണങ്ങൾ ഉയർന്നിരുന്നു. നേരത്തെ, പ്രതിയെ സംരക്ഷിക്കാൻ സർക്കാർ കൂട്ടുനിന്നെന്ന് ആരോപിച്ച് പ്രതിഷേധിച്ച ഡോക്ടർമാരുമായി സർക്കാർ നിരവധി തവണ ചർച്ച നടത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News