സിന്ധൂരി വിജയൻ
ഓർമകളിലേക്ക് കടന്നു പോയെങ്കിലും ജനഹൃദയങ്ങില്‍ കാലാതീതമായി ചിരപ്രതിഷ്ഠ നേടിയ അനശ്വര പ്രതിഭയാണ് മുഹമ്മദ് റഫി. 55-ാം വയസ്സില്‍ വിധി ആ ജീവനെ കവര്‍ന്നെടുത്തില്ലായിരുന്നുവെങ്കില്‍ മുഹമ്മദ് റഫിയുടെ 100-ാം ജന്മദിനമായിരുന്നു ഇന്ന്. ഹിന്ദുസ്ഥാനി സംഗീതത്തിൻ്റെ സൌന്ദര്യവും മാന്ത്രികതയും തൻ്റെ ആലാപനത്തിലുട നീളം സൂക്ഷിച്ച് ആസ്വാദകരെ തന്നിലേക്കടുപ്പിക്കുന്ന ഒരു മികവ് എക്കാലവും മുഹമ്മദ് റഫിയുടെ മാത്രം പ്രത്യേകതയാണ്.
ആരാധകര്‍ക്ക് ജീവശ്വാസം ആകുന്ന ഒട്ടനവധി ഗാനങ്ങള്‍ ബാക്കിവെച്ച മുഹമ്മദ് റഫി കാലം പിന്നിടുംതോറും സ്വീകാര്യത കൂടുന്ന മാന്ത്രികതയുടെ ഉടമ കൂടിയായിരുന്നു. പഞ്ചാബിലെ അമൃത്സറിനു സമീപമുള്ള കേട്ലാ ഗ്രാമത്തിൽ ജനിച്ച് മുംബൈയിലെത്തി ഇന്ത്യൻ സംഗീത ലോകം കീഴടക്കിയ ആ അനശ്വര ഗായകന്‍റെ ഓര്‍മകളിലാണ് ഇന്ന് സംഗീത ലോകം.
പതിനേഴാം വയസ്സ് മുതല്‍ പിന്നണി ഗാനരംഗത്ത് സജീവമായിരുന്ന മുഹമ്മദ് റഫി. വരികളുടെ അർഥവും ആഴവും അറിഞ്ഞുള്ള ഭാവസാന്ദ്രമായ ആലാപനമാണ് സംഗീതലോകത്തിന് സമ്മാനിച്ചത്. നൂറുകണക്കിന് അനശ്വര ഗാനങ്ങളാണ് അദ്ദേഹത്തിൻ്റെ സ്വരമാധുര്യത്തിലൂടെ ലോകമെമ്പാടുമുള്ള സംഗീതാസ്വാദകർ ശ്രവിച്ചത്. അടുത്തറിഞ്ഞ ഓരോരുത്തര്‍ക്കും വിസ്മയം ആയിരുന്നു മുഹമ്മദ് റഫി.
കുടുംബത്തിന് റെക്കോർഡിങ് കഴിഞ്ഞാൽ ഓടി വീട്ടിൽ എത്തുന്ന സ്നേഹമയനായ കുടുംബനാഥന്‍. പ്രിയ സുഹൃത്തായ മന്നാടയ്ക്ക് തിരക്കുകള്‍ക്കൊടുവില്‍ വീണുകിട്ടുന്ന സമയം മട്ടുപ്പാവില്‍ പട്ടം പറത്താനെത്തുന്ന കളിക്കൂട്ടുകാരന്‍. അങ്ങനെ, ചുറ്റുമുള്ള ജീവിതങ്ങള്‍ക്കു കൂടി വെളിച്ചം പകരാന്‍ ശ്രമിച്ചിരുന്ന വിളക്കായിരുന്നു മുഹമ്മദ് റഫി.
ഇന്ത്യൻ സിനിമ സംഗീതത്തിൻ്റെ കാലചക്രം അനസ്യൂതം മുന്നോട്ട് കുതിക്കുമ്പോഴും അതിനെ അതിജീവിച്ച് നിലനിൽക്കുവാൻ സാധിച്ച അപൂർവം വ്യക്തിത്വങ്ങളിലൊരാളാണ് റഫി. ഓരോ കേൾവിയിലും ഇത്രയേറെ മാസ്മരികതയോടെ സ്നേഹ സമ്പൂർണതയോടെ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന മറ്റൊരു സ്വരവുമില്ലെന്ന് തന്നെ പറയാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here