മണിപ്പൂരിൽ അക്രമങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ ഇൻ്റർനെറ്റ് നിരോധനം മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി സർക്കാർ ഉത്തരവ്. പ്രശ്നബാധിതമായ 7 ജില്ലകളിലെ ഇൻ്റർനെറ്റ് സേവനങ്ങളാണ് മൂന്ന് ദിവസത്തേക്ക് കൂടി നിർത്തിവെച്ച് സർക്കാർ ഉത്തരവിറക്കിയത്. നേരത്തെ നവംബർ 16ന് ആണ് രണ്ട് ദിവസത്തേക്ക് ഇൻ്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നത്. പിന്നീട് അത് രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. തുടർന്ന് വീണ്ടും ഇപ്പോൾ 3 ദിവസത്തേക്ക് കൂടി ഇൻ്റർനെറ്റ് നിരോധനം നീട്ടിയിരിക്കുന്നതായാണ് ഉത്തരവിൽ നിന്നും വ്യക്തമാകുന്നത്. ക്രമസമാധാന പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചേക്കാവുന്ന ഉള്ളടക്കങ്ങളുള്ള പോസ്റ്റുകൾ സാമൂഹിക വിരുദ്ധർ പ്രചരിപ്പിക്കുന്നത് തടയുന്നതിനായാണ് സർക്കാർ നടപടി.
സംസ്ഥാനത്തെ നിലവിലെ ക്രമസമാധാന നില അവലോകനം ചെയ്ത ശേഷമാണ് സംസ്ഥാന സർക്കാർ ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, കാക്കിംഗ്, ബിഷ്ണുപൂർ, തൗബാൽ, ചുരാചന്ദ്പൂർ, മണിപ്പൂരിലെ കാങ്‌പോക്‌പി എന്നീ പ്രദേശങ്ങളിലെ പ്രാദേശിക അധികാര പരിധിയിലുള്ള മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങൾ മൂന്ന് ദിവസത്തേക്ക് നിർത്തിവെയ്ക്കാൻ തീരുമാനിച്ചിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു.
നവംബർ 16ന് ബ്രോഡ്ബാൻഡ്, മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങൾക്കായിരുന്നു ഭരണകൂടം നിരോധനം ഏർപ്പെടുത്തിയിരുന്നതെങ്കിലും സാധാരണക്കാർ, ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റ് ഓഫീസുകൾ എന്നിവ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് പിന്നീട് ബ്രോഡ്‌ബാൻഡ് സേവനങ്ങൾക്കുള്ള നിയന്ത്രണം നീക്കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here