തൊടുപുഴ കരിമണ്ണൂരിലെ എ.ടി.എം കൗണ്ടര്‍ കുത്തിപ്പൊളിച്ച് കവര്‍ച്ച നടത്താന്‍ ശ്രമിച്ച മൂന്ന് ആസാം സ്വദേശികള്‍ പൊലീസ് പിടിയില്‍. പൊലീസ് സംഘം നടത്തിയ നീക്കത്തിന് ഒടുവില്‍ കാഞ്ഞങ്ങാട് നിന്നും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ സഹായത്തോടെയാണ് കരിമണ്ണൂര്‍ പൊലീസ് ഇവരെ പിടികൂടിയത്. പൊലീസിനെ കണ്ട് രക്ഷപെടാന്‍ ശ്രമിച്ച പ്രതികളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
കരിമണ്ണൂര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം കൗണ്ടറിലാണ് കഴിഞ്ഞ 11ന് പുലര്‍ച്ചെ കവര്‍ച്ചാ ശ്രമം നടന്നത്. ആയുധങ്ങള്‍ ഉപയോഗിച്ച് എടിഎം കുത്തിപ്പൊളിച്ചെങ്കിലും ഉള്ളിലുണ്ടായിരുന്ന പണം മോഷ്ടാക്കള്‍ക്ക് കൈക്കലാക്കാന്‍ കഴിഞ്ഞിരുന്നില്ല. പ്രതികളുടെ ദൃശ്യം എടിഎമ്മിലെ സിസിടിവിയില്‍ നിന്നും പൊലീസിന് ലഭിച്ചിരുന്നു. ഇതുപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. കവര്‍ച്ച നടത്താന്‍ പ്രതികള്‍ മുഖം മറച്ചെത്തിയതിനാല്‍ ഏറെ ശ്രമകരമായാണ് പൊലീസ് ഇവരെ കണ്ടെത്തിയത്. ആസാം നാഗോണ്‍ ജില്ലയില്‍ സിംലയ്പത്താര്‍ സ്വദേശികളായ ജിന്നറ്റ് അലി, തുമിറുള്‍ ഇസ്ലാം, അസീസുള്‍ ഹഖ് എന്നിവരാണ് പിടിയിലായത്.
കരിമണ്ണൂര്‍ മേഖലയില്‍ ജോലിക്കെത്തിയവരായിരുന്നു പ്രതികള്‍. കാഞ്ഞങ്ങാട് തമ്പടിച്ച് പ്രതികള്‍ ജോലി അന്വേഷിച്ചു വരവെയാണ് കരിമണ്ണൂര്‍ എസ്എച്ച്ഒ കെ.ജെ.ജോബിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് ഇന്‍സ്പെക്ടര്‍ ബിനോയ് ആന്റണിയും ഉദ്യോഗസ്ഥരും പ്രതികളെ പിടികൂടാന്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കി. കരിമണ്ണൂരിലെത്തിച്ച പ്രതികളെ വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്തുമെന്ന് പോലീസ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here