ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത മകൻ അമ്മയെ ടെറസിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി. അമ്മ ആരതി വർമ അബദ്ധത്തിൽ ടെറസിൽ നിന്നും വീണ് മരിച്ചതാണെന്നായിരുന്നു മകൻ്റെ ആദ്യത്തെ മൊഴി. എന്നാൽ ഇതിൽ വിശ്വാസം വരാതെ പൊലീസ് കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് അമ്മയെ തള്ളിയിട്ട് കൊന്നതാണെന്ന് മകൻ പൊലീസിനോട് സമ്മതിച്ചത്.
എന്നാൽ ഇക്കാര്യം പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. ഡിസംബർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ആരതിയുടെ ഭർത്താവും കൌമാരക്കാരനായ കുട്ടിയുടെ പിതാവുമായ രാംമിലൻ ചെന്നൈയിലെ ഭാഭ ആറ്റോമിക് റിസർച്ച് സെൻ്ററിലെ അസിസ്റ്റൻ്റ് സയൻ്റിസ്റ്റാണ്.
ALSO READ: ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍; സൈന്യം ഏഴ് മാവോയിസ്റ്റുകളെ വധിച്ചു
ഇദ്ദേഹം ഭാര്യയെ വിളിച്ച് കിട്ടാതായപ്പോൾ ഭാര്യാ സഹോദരിയോട് വീട്ടിൽപ്പോയി നോക്കാൻ പറഞ്ഞിരുന്നു. ഭാര്യാ സഹോദരി പോയി നോക്കിയപ്പോൾ വീട് പൂട്ടിക്കിടക്കുന്നതാണ് കണ്ടതെന്നറിയിച്ചു. പരിശോധനക്കായി നാലാം ദിനം ഭർത്താവ് സ്ഥലത്തെത്തി നോക്കിയപ്പോഴാണ് ടെറസ്സിൽ നിന്ന് വീണ നിലയിൽ ഭാര്യയുടെ മൃതദേഹം കാണുന്നത്. ഈ സമയം മകനെ വീട്ടിൽ കാണാനുമുണ്ടായിരുന്നില്ല. തുടർന്ന് ഇദ്ദേഹം മകനെ തിരയുകയും സമീപത്തെ ക്ഷേത്രത്തിനു മുന്നിൽ വെച്ച് കണ്ടെത്തുകയും ചെയ്തു.
അമ്മ മരിച്ചുകിടക്കുന്നത് കണ്ട് ഭയന്നാണ് താൻ വീട്ടിൽ കയറാത്തതെന്നും ദിവസങ്ങളോളം അലഞ്ഞ് നടക്കുകയായിരുന്നെന്നും മകൻ അച്ഛനെ അറിയിച്ചു. ഇക്കാര്യം അദ്ദേഹം തുടർന്ന് പൊലീസിനെയും ധരിപ്പിച്ചു. എന്നാൽ പൊലീസ് മകനോട് ഇക്കാര്യത്തിൽ കൂടുതൽ ചോദ്യങ്ങൾ ചോദിച്ചതോടെ മകൻ താൻ അമ്മയെ തള്ളിയിട്ട് കൊന്നതാണെന്ന് സമ്മതിക്കുകയായിരുന്നു. ഡിസംബർ 3ന് രാവിലെ അമ്മ മകനോട് സ്കൂളിൽ പോകാൻ ആവശ്യപ്പെട്ടെന്നും എന്നാൽ മകൻ വിസമ്മതിച്ചെന്നും തുടർന്ന് പണം ചെലവഴിക്കുന്നതിനെ ചൊല്ലി അമ്മയുമായി തർക്കമുണ്ടായെന്നും മകൻ പറഞ്ഞു.
തുടർന്ന് പെട്ടെന്നുണ്ടായ ദേഷ്യത്തിൽ അമ്മയെ മകൻ പിടിച്ച് തള്ളുകയായിരുന്നെന്നും ഇതോടെയാണ് മരണമുണ്ടായതെന്നും മകൻ പറഞ്ഞു. എന്നാൽ, കുട്ടിയുടെ മൊഴി വിശ്വസനീയമായി തോന്നുന്നില്ലെന്നും വീട്ടിനുള്ളിൽ രക്തക്കറ കണ്ടെത്തിയതിൽ ദുരൂഹത നിലനിൽക്കുന്നുണ്ടെന്നുമാണ് പൊലീസിൻ്റെ നിലപാട്. എന്തായാലും മകനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here