വേസ്റ്റ് മാനേജ്‌മെന്റ് പദ്ധതി; ലോകബാങ്ക് വിദഗ്ദ്ധസഹായം ലഭ്യമാക്കും

ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിദഗ്ധരുടെ പങ്കാളിത്തത്തോടെ കേരളത്തില്‍ വേസ്റ്റ് മാനേജ്‌മെന്റ് പദ്ധതി ഊര്‍ജിതമാക്കും. ഇതിന് സഹായം നല്‍കാമെന്ന് ലോകബാങ്ക് അറിയിച്ചു.

സംസ്ഥാനത്തെ മാലിന്യനിക്ഷേപകേന്ദ്രങ്ങളില്‍ ഡ്രോണ്‍ സര്‍വ്വേ ഉടന്‍ നടത്താന്‍ ലോക ബാങ്കുമായി ധാരണയായി. ലോകബാങ്ക് അധികൃതര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചേമ്പറില്‍ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് തീരുമാനം.

ബ്രഹ്മപുരം തീപിടിത്തത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിദഗ്ദ്ധ സഹായവും വായ്പയും ലോകബാങ്ക് വാഗ്ദാനം ചെയ്തു. ലോകബാങ്ക് പദ്ധതിയായ കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റിന്റെ പണം സംസ്ഥാനത്ത് അടിയന്തിരമായി ഉപയോഗിക്കുന്നതിനുള്ള സന്നദ്ധതയും അവര്‍ അറിയിച്ചു. ഇന്റര്‍നാഷണല്‍ സോളിഡ് വേസ്റ്റ് അസോസിയേഷനിലെ (ISWA) വിദഗ്ദ്ധരുടെ സേവനവും അനുവദിക്കും. ലോകബാങ്ക് സംഘം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയെയും സെക്രട്ടറിയെയും കണ്ട് ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കും.

ഡ്രോണ്‍ സര്‍വ്വേയെത്തുടര്‍ന്ന് മാലിന്യനിക്ഷേപ കേന്ദ്രങ്ങളില്‍ ഫയര്‍ ഓഡിറ്റ് നടത്താനും അന്താരാഷ്ട്ര വിദഗ്ദ്ധരുടെ സഹായത്തോടെ തുടര്‍നടപടികള്‍ സ്വീകരിക്കാനും സന്നദ്ധമാണെന്ന് ലോക ബാങ്ക് ടീം അറിയിച്ചു. ഇതിന് പ്രത്യേക പദ്ധതിനിര്‍വ്വഹണ വിഭാഗം ആരംഭിക്കുന്നത് ഉചിതമാകുമെന്ന് ലോകബാങ്ക് ടീം നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രി അത് അംഗീകരിച്ചു.

യോഗത്തില്‍ ലോകബാങ്ക് ഡിസാസ്റ്റര്‍ മാനേജ്മെന്റ് മാനേജര്‍ അബ്ബാസ് ജാ, ദീപക് സിംഗ്, കരണ്‍ മന്‍ഗോത്ര, യെഷിക, ആഷ്ലി പോപിള്‍, വാണി റിജ്വാനി, പൂനം അഹ്ലുവാലിയ, സോണി തോമസ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. എം അബ്രഹാം, ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ഡോ. എസ്. കാര്‍ത്തികേയന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദാ മുരളീധരന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News