ഇന്ത്യയുടെ പുതിയ പാര്‍ലമെന്‍റ് മന്ദിര ഉദ്ഘാടനം സവര്‍ക്കറുടെ ജന്മദിനത്തില്‍

ഇന്ത്യയുടെ പുതിയ പാര്‍ലമെന്‍റ്  മന്ദിരത്തിന്‍റെ ഉദ്ഘാടനം നടക്കുന്ന മെയ് 28 വിനായക് ദാമോദര്‍ സവര്‍ക്കറുടെ 140 ാം ജന്മദിനം. രണ്ട് ദിവസങ്ങള്‍ക്കപ്പുറം മെയ് 30ന് സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷം നടക്കാനിരിക്കെ പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനത്തിന് ഈ ദിവസം തന്നെ തെരഞ്ഞെടുത്തത് സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്ന വിമര്‍ശനങ്ങള്‍ ഉയരുകയാണ്.

പാര്‍ലമെന്‍റിനുള്ളില്‍ സവര്‍ക്കറുടെ ചിത്രം സ്ഥാപിച്ച നരേന്ദ്രമോദിയുടെയും സംഘപരിവാറിന്‍റെയും മറ്റൊരു ചരിത്ര വിരുദ്ധ നീക്കമാണിതെന്നാണ് വിമര്‍ശനം. ഗാന്ധിജിയുടെ ചിത്രത്തിന് എതിര്‍ ‍വശത്തായിട്ടാണ് സവര്‍ക്കറുടെ ചിത്രം മോദി സര്‍ക്കാര്‍ സ്ഥാപിച്ചത്. ജനാധിപത്യത്തെ കളിയാക്കുന്ന തരത്തില്‍ ഉദ്ഘാടനത്തിന് ഈ ദിനം തെരഞ്ഞെടുത്തത് അവിചാരിതമാണെന്ന് വിശ്വസിക്കുന്ന മൂഢരല്ല ജനങ്ങളെന്നും പ്രതികരണങ്ങളുണ്ട്.

രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ഘാതകനായ ഗോഡ്സെ ഒരു ‘വെടിയുണ്ട’ മാത്രമായിരുന്നെന്നും എന്നാല്‍ ‘തോക്ക്’ ആയി പ്രവര്‍ത്തിച്ചത് സവര്‍ക്കറായിരുന്നുവെന്നുമാണ് ചരിത്ര രേഖകളില്‍ പറയുന്നത്. ഗാന്ധിജിയുടെ മതനിരപേക്ഷ നിലപാടിനോട് വര്‍ഗീയ വിദ്വേഷം പേറി നടന്ന സവര്‍ക്കറിന് വല്ലാത്ത പകയുണ്ടായിരുന്നെന്നും അത് തീര്‍ക്കാന്‍ ഗോഡ്സേയെ ആയുധമാക്കിയെന്നുമാണ് ചരിത്രം.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ തള്ളിപ്പറഞ്ഞ് ബ്രിട്ടീഷുകാര്‍ക്ക് നിരന്തരം മാപ്പുകളെഴുതിക്കൊടുത്ത സവര്‍ക്കറുടെ ചരിത്രം രാജ്യത്ത് ഏറെ ചര്‍ച്ചയായതാണ്. ഇന്ത്യക്കാര്‍ക്കെതിരായ ബ്രിട്ടീഷ് ഭരണത്തില്‍ തന്‍റേയും അനുയായികളുടെയും സഹായം സവര്‍ക്കര്‍ വാഗ്ദാനം ചെയ്തതായും ചരിത്ര ഗവേഷകര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വര്‍ഗീയത അടിസ്ഥനമാക്കി പ്രവര്‍ത്തിക്കുന്ന സംഘപരിവാര്‍ എല്ലാക്കാലത്തും സവര്‍ക്കറെ ആരാധിച്ച ചരിത്രമേയുള്ളു. അത്തരത്തില്‍ സവര്‍ക്കറെ മഹത്വവത്കരിച്ച് ഇന്ത്യന്‍ ചരിത്രം തിരുത്താനുള്ള സംഘപരിവാറിന്‍റെ വൃഥാശ്രമങ്ങളില്‍ ഒന്നാണിതെന്നും പ്രതികരണങ്ങളുണ്ട്.

വ്യാ‍ഴാ‍ഴ്ചയാണ് ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള ഉദ്ഘാടന ദിവസം പ്രഖ്യാപിച്ചത്. 1200 കോടിയോളം ചെലവിട്ട് നിര്‍മ്മിച്ച മന്ദിരത്തിന്‍റെ  ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള അവസാനവട്ട ജോലികള്‍ നടന്നുവരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News